Latest NewsKerala

എകെജിക്കെതിരെയുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് വി ടി ബല്‍റാം

വളരെ പ്രായ വ്യത്യാസമുള്ള പെണ്‍ക്കുട്ടിയെ എകെജി കല്ല്യാണം കഴിച്ചതിനെ ബല്‍റാം പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു

തിരുവനന്തപുരം: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എകെജിക്കെതിരെയുള്ള വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍ വലിച്ചു. എകെജി ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടിലെ 12കാരിയായ ശുശീല എന്ന പെണ്‍ക്കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതുമായ സംഭവത്തെ കുറിച്ചുള്ള പോസ്റ്റാണ് പിന്‍വലിച്ചത്. വളരെ പ്രായ വ്യത്യാസമുള്ള പെണ്‍ക്കുട്ടിയെ എകെജി കല്ല്യാണം കഴിച്ചതിനെ ബല്‍റാം പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.

2018 ജനുവരി ഏഴിനാണ് ബല്‍റാം വിവാദ പോസ്റ്റിട്ടത്. ഇതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളാണ് ഉടലെടുത്തത്. പലരും പോസ്റ്റ് പിന്‍വലിക്കാനും മാപ്പു പറയാനും ആവശ്യപ്പെട്ടെങ്കിലും എംഎല്‍എ അതിനു തയ്യാറായില്ല. എന്നാല്‍ സംഭവം നടന്ന് എട്ട് മാസത്തിനുശേഷം ഇപ്പോള്‍ അദ്ദേഹമത് പിന്‍വലിക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ തര്‍ക്കത്തിനിടയില്‍ ആദരണീയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ എന്റെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ പരാമര്‍ശത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്കും അതോടൊപ്പം ‘ഒളിവുകാലത്തെ വിപ്ലവ പ്രവര്‍ത്തനം’ എന്ന പരാമര്‍ശത്തിലൂടെ കമ്യൂണിസ്റ്റ് അനുഭാവികളായ ഒരുപാട് സ്ത്രീകള്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇങ്ങോട്ട് പ്രകോപിപ്പിച്ചയാള്‍ക്ക് നല്‍കിയ മറുപടിക്കമന്റാണെന്നും ഞാനായിട്ട് ഒരിക്കലും അത് ആവര്‍ത്തിക്കാനാഗ്രഹിക്കുന്നില്ലെന്നും അന്നു മുതല്‍ എത്രയോ തവണ വിശദീകരിച്ച ആ പരാമര്‍ശങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ ഇപ്പോള്‍ പിന്‍വലിക്കുന്നു. ചരിത്രബോധമോ വര്‍ത്തമാനകാലബോധമോ ഇല്ലായ്മയില്‍ നിന്നുള്ള അവിവേകമായി അതിനെ ഏവരും കണക്കാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ ഓഫീസ് രണ്ട് തവണ തകര്‍ക്കുകയും നേരിട്ട് കല്ലെറിഞ്ഞ് ആക്രമിക്കുകയും എട്ട് മാസത്തോളം ജനപ്രതിനിധി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയുമൊക്കെച്ചെയ്യാന്‍ ചില സംഘടനകള്‍ രംഗത്തിറങ്ങിയത് അവര്‍ക്ക് സ്ത്രീ സംരക്ഷണക്കാര്യത്തിലും കമ്മ്യൂണിസ്റ്റ് ആരോഗ്യ സംരക്ഷണക്കാര്യത്തിലുമുള്ള ആത്മാര്‍ത്ഥമായ താത്പര്യം മൂലമാണെന്നും ഇപ്പോള്‍ തിരിച്ചറിയുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കകാലം മുതല്‍ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസ്സിലായത്. എന്റെ ഭാഗത്തുനിന്നുണ്ടായത് അക്ഷന്തവ്യമായ അപരാധമാണെങ്കിലും തിരിച്ച് എന്നോട് അങ്ങേയറ്റം മാന്യവും സംസ്‌ക്കാര സമ്പന്നവുമായ ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിച്ച് എന്റെ തെറ്റ് ബോധ്യപ്പെടുത്തിയ സൈബര്‍ സിപിഎമ്മുകാര്‍ക്കും, എന്നും എപ്പോഴും സമാന നിലപാടുകള്‍ ഉറക്കെപ്പറയാന്‍ ആര്‍ജ്ജവം കാണിച്ചിട്ടുള്ള നിഷ്പക്ഷ സാംസ്‌ക്കാരിക നായകന്മാര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി.

ALSO READ:എകെജിയെ കുറിച്ച് വി ടി ബല്‍റാം പറഞ്ഞത് ശരിയോ തെറ്റോ, അതോ തെറ്റായ ശരിയോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button