പികെ ശശിക്കെതിരായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയുടെ വിശദാംശങ്ങൾ ചാനലുകൾ പുറത്തു വിട്ടു.എന്താണ് സംഭവിച്ചത് എന്ന് വനിതാ നേതാവ് പരാതിയില്‍ വിശദീകരിക്കുന്നുണ്ട്. ആവര്‍ത്തിച്ച് ശല്യമുണ്ടായപ്പോഴാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത് എന്നും പരാതിയില്‍ വ്യക്തമാകുന്നു. തനിക്ക് എംഎല്‍എയില്‍ നിന്ന് എന്തുതരത്തിലുള്ള പീഡനമാണ് നേരിട്ടതെന്ന് പരാതിയില്‍ കൃത്യമായി പറയുന്നുണ്ട്.സിപിഐമ്മിന്റെ പാലക്കാട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് എന്നെ ശശി മണ്ണാര്‍കാട് പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചു. വനിതാ വോളന്റിയര്‍മാരുടെ ചുമതല എന്നുപറഞ്ഞാണ് വിളിപ്പിച്ചത്. രണ്ടുമൂന്നുതവണ ഇക്കാര്യം സംസാരിക്കാന്‍ പാര്‍ട്ടി ഓഫീസിലേക്ക് പോയി. എന്നെ ഏല്‍പ്പിച്ച ചുമതലകള്‍ ഞാന്‍ ഭംഗിയായി നിര്‍വഹിച്ചു.
ഒരുദിവസം ഞാന്‍ ചെന്നപ്പോള്‍ വനിതാ വോളന്റിയര്‍മാര്‍ക്ക് യൂണിഫോം വാങ്ങാന്‍ പണം എന്നെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു. പണം വാങ്ങാന്‍ ഞാന്‍ വിസമ്മതിച്ചു. എന്നാല്‍ നിര്‍ബന്ധിച്ച് പണം നല്‍കാന്‍ ശശി ശ്രമിച്ചു.
തൊട്ടടുത്ത ദിവസം പാര്‍ട്ടി ഓഫീസില്‍ പോയപ്പോള്‍ എന്നെ കടന്നുപിടിച്ചു. ഞാന്‍ മുറിയില്‍നിന്ന് ഇറങ്ങിയോടി. എനിക്ക് കടുത്ത മാനസിക വിഷമവും സമ്മര്‍ദ്ദവുമുണ്ടായി.
അതിനടുത്ത ദിവസം വനിതാ നേതാക്കള്‍ക്കൊപ്പം ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങളില്‍ നില്‍ക്കുമ്ബോള്‍ ശശി അടുത്തെത്തി. ‘എനിക്ക് മുഖലക്ഷണം അറിയാം, സഖാവിന്റെ മുഖം കണ്ടിട്ട് നല്ല ടെന്‍ഷന്‍ ആണെന്ന് തോന്നുന്നു. അത് ഉടന്‍ മാറും’ ശശി പറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല.
ശശിയില്‍ നിന്നും പരമാവധി ഞാന്‍ ഒഴിഞ്ഞുമാറി. ഞാന്‍ അടുത്ത ചില സുഹൃത്തുക്കളോടും സഖാക്കളോടും ഇക്കാര്യം പറഞ്ഞു. പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ വിവാദമാക്കേണ്ട എന്ന് ചിലര്‍ ഉപദേശിച്ചു. ഇനി ഇങ്ങനെ ഉണ്ടാവുകയാണെങ്കില്‍ പാര്‍ട്ടിയില്‍ പരാതി നല്‍കി നടപടി എടുപ്പിക്കാം എന്ന് ഉറപ്പുനല്‍കി.
പിന്നെ കുറച്ചുകാലത്തേക്ക് ശശിയുടെ ശല്യം ഉണ്ടായില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം ശശി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്താനാരംഭിച്ചു. ഭീഷണി, പ്രലോഭനം, വശീകരണം എന്നിവ ഉണ്ടായി. വഴങ്ങിയാലുള്ള ഗുണങ്ങളേക്കുറിച്ച് പറഞ്ഞു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ പോകാന്‍ പോലും എനിക്ക് ഭയമായി”, യുവതി പരാതിയില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയാണ് പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയുടെ നിലപാട് തള്ളി പാര്‍ട്ടി പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. തനിക്കെതിരെ പരാതിയില്ലെന്ന പി കെ ശശിയുടെ നിലപാടാണ് പാര്‍ട്ടി തള്ളിയത്. കഴിഞ്ഞ മാസം 14നാണ് യുവതി സിപിഎം സംസ്ഥാന കമ്മിറ്റി മുമ്ബാകെ പി കെ ശശിക്കെതിരെ പരാതി നല്‍കിയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഇതോടെ തനിക്കെതിരെ പരാതിയുണ്ടെങ്കില്‍ മാധ്യമങ്ങള്‍ കാണിച്ചു തരട്ടെയെന്ന പി കെ ശശിയുടെ ആരോപണവും അദ്ദേഹത്തിന് തന്നെ വിനയായി.
പരാതിയെക്കുറിച്ച് താന്‍ ഒന്നു അറിഞ്ഞില്ലെന്ന് പിന്നീട് മാധ്യമങ്ങളോട് പി കെ ശശി പറഞ്ഞിരുന്നു. പരാതിയില്‍ പറഞ്ഞത് എന്താണെന്ന് കാര്യം അറിയില്ലെന്നും പി കെ ശശി വ്യക്തമാക്കിയിരുന്നു. ഇതു കോടിയേരി ബാലകൃഷ്ണന്‍ തള്ളികളഞ്ഞു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ആരോപണവിധേയനായ പി കെ ശശിയെ എകെജി സെന്ററില്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ വിശദീകരണവും തേടിയിരുന്നു.
തുടര്‍ന്ന് ആഗസ്റ്റ് 31ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ വിശദീകരിച്ചു. യുവതിയുടെ പരാതിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആ യോഗം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
Post Your Comments