പത്തനംതിട്ട: കനത്ത പ്രളയത്തെ അതിജീവിച്ചാണ് നിറപുത്തരി ചടങ്ങിനായി ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് സന്നിധാനത്തേക്ക് തിരിച്ചത്. എന്നാൽ അദ്ദേഹത്തിന് നിറപുത്തരി ചടങ്ങിൽ പങ്കെടുക്കാനായില്ല. എങ്കിലും മാസപൂജ മുടങ്ങാതെ നോക്കാനായി. തന്റെ പ്രളയകാലത്തെ ശബരിമല യാത്രയെ എല്ലാം അയ്യപ്പകൃപയെന്നാണ് തന്ത്രിക്ക് പറാനുള്ളത്. പണ്ടുകാലത്ത് കേട്ടു കേഴ്വി മാത്രമുണ്ടായിരുന്ന ആ കാനന യാത്ര തന്നെയായിരുന്നു മഹേഷ് തന്ത്രിക്കും അനുഭവിക്കാനായത്.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്, നട തുറക്കുന്നതിനു സന്നിധാനത്തേക്കു പോകാനായി പരികര്‍മി മനു നമ്പൂതിരി, മേല്‍ശാന്തിയുടെ മകന്‍ വിഷ്ണു നമ്പൂതിരി എന്നിവരോടൊപ്പം ഓഗസ്റ്റ് 14ന് രാവിലെ താഴമണ്‍ മഠത്തില്‍ നിന്നിറങ്ങി. ആനത്തോട് ഡാം തുറന്നുവിട്ടതിനാല്‍ പമ്പാനദി കരകവിഞ്ഞ് ഒഴുകുകയാണെന്നും ഒരുവിധത്തിലും ത്രിവേണിയില്‍ മറുകര കടക്കാന്‍ കഴിയില്ലെന്നും നിലയ്ക്കല്‍ എത്തിയപ്പോഴാണ് അറിഞ്ഞത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വനപാലകരുമായി ചര്‍ച്ച നടത്തി.
വണ്ടിപ്പെരിയാര്‍, പുല്ലുമേട് വഴി കാട്ടിലൂടെ നടന്നുപോകാന്‍ തീരുമാനം എടുത്തപ്പോള്‍ സമയം രണ്ടു കഴിഞ്ഞു.മുണ്ടക്കയം, പീരുമേട് വഴി വണ്ടിപ്പെരിയാറില്‍ എത്തുമ്ബോള്‍ ആശങ്കയായിരുന്നു. റോഡ് വെള്ളത്തില്‍ മുങ്ങാന്‍ പോകുന്നതായി പലയിടത്തുനിന്നും ഫോണ്‍ വന്നു. ഭഗവാനേ, കാത്തു കൊള്ളണേ എന്ന പ്രാര്‍ത്ഥനയായിരുന്നു പിന്നെ. വണ്ടിപ്പെരിയാര്‍ വഴി വള്ളക്കടവില്‍ എത്തും വരെ വെള്ളത്തിന്റെ തടസ്സം ഉണ്ടായില്ല. വള്ളക്കടവില്‍നിന്നു കോഴിക്കാനം വഴി പുല്ലുമേടുവരെ വനപാലകരുടെ ജീപ്പിലായിരുന്നു യാത്ര. പുല്ലുമേട്ടില്‍ എത്തിയപ്പോള്‍ വൈകിട്ട് ഏഴുമണിയായി.
കൂരിരുട്ട്. കയ്യിലുള്ള മൊബൈലിന്റെ വെളിച്ചമാണ് ഏക ആശ്രയം. തൊട്ടുമുന്നില്‍ നില്‍ക്കുന്നവരെ പോലും കാണാന്‍ കഴിയാത്ത വിധത്തിലുള്ള കോടമഞ്ഞ്.കടുവയുടെയും കാട്ടുപോത്തിന്റെയും മുരള്‍ച്ച. ഇവിടെ നില്‍ക്കുന്നതുതന്നെ സുരക്ഷിതമല്ലെന്ന വനപാലകരുടെ മുന്നറിയിപ്പ്. സൗകര്യങ്ങള്‍ ഒന്നുമില്ലെങ്കിലും പുല്ലുമേട്ടിലെ വനംവകുപ്പ് കെട്ടിടത്തില്‍ തങ്ങാന്‍ അവരുടെ നിര്‍ദ്ദേശം. രണ്ടു മുറിയിലായി ആകെയുള്ളത് അഞ്ച് കസേരകള്‍. അയ്യപ്പനെ പൂജിക്കാനുള്ള നെല്‍ക്കറ്റയുമായി തന്ത്രിയും പരികര്‍മികളും ഒപ്പമുണ്ടായിരുന്ന വനപാലകരും കുത്തിയിരുന്നു നേരം വെളുപ്പിച്ചു.
പ്രഭാതകര്‍മങ്ങള്‍ക്കു ശേഷം രാവിലെ 7.30ന് പുല്ലുമേട്ടില്‍നിന്നു സന്നിധാനത്തേക്കു നടക്കാന്‍ തുടങ്ങി. അപ്പോള്‍ തൊട്ടടുത്ത പുല്ലുമേടിന്റെ ചരുവില്‍ കാട്ടുപോത്തുകളുടെ കൂട്ടം. ശബ്ദം ഉണ്ടാക്കാതെ വേഗം നടന്നു. അധികം പോയില്ല. അപ്പോഴേക്കും അപ്പുറത്തായി കാട്ടാനക്കൂട്ടം മേഞ്ഞുനടക്കുന്നു. നാവില്‍ അയ്യപ്പമന്ത്രവും കയ്യില്‍ നിറപുത്തരിക്കുള്ള നെല്‍ക്കതിരുമായി ചുവടുകള്‍ക്കു വേഗം കൂട്ടി.അപ്പോഴും മഴയുടെ ശക്തി കുറഞ്ഞിട്ടില്ല. നടവഴിയിലൂടെ മലവെള്ളപ്പാച്ചിലാണ്. ചവിട്ടുമ്പോള്‍ കാല്‍തെന്നിപ്പോകുന്നു. ബാലന്‍സ് കിട്ടുന്നില്ല. മുന്നില്‍ കാടുവെട്ടി വഴിതെളിച്ച് രണ്ടുപേര്‍.
അവര്‍ക്കു പിന്നാലെയായിരുന്നു നടന്നത്. ശക്തമായ മഴയായിട്ടും അട്ട കാലില്‍നിന്നു പിടിവിടുന്നില്ല.. ഉപ്പിട്ട് അവയെ തുരത്തും. പക്ഷേ, മഴയില്‍ ഉപ്പ് വേഗം അലിയുന്നതിനാല്‍ അട്ട വീണ്ടും കടിക്കും. എന്നാൽ ഇതൊന്നും തങ്ങളെ തളർത്തിയില്ലെന്നും ഉള്ളിൽ അയ്യപ്പ സന്നിധിയും അയ്യപ്പ മന്ത്രങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും മഹേഷ് മോഹനര് ഓർക്കുന്നു. മനോരമയോടാണ് മഹേഷ് മോഹനര് ഇത് പങ്കുവെച്ചത്.
Post Your Comments