തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആര്.എല്‍ ജീവന്‍ലാലിനെതിരെ പോലീസ് കേസെടുക്കുകയും ജീവനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. കാട്ടൂര്‍ സ്വദേശിനിയായ വനിതാ നേതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വനിതാ നേതാവ്.
ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലില്‍ ഇരിങ്ങാലക്കുട എം.എല്‍.എയുടെ മുറിയില്‍ വെച്ച് ജീവന്‍ലാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. സിപിഎം നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും പരാതി ഒതുക്കി തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവം നടന്നത് തിരുവനന്തപുരത്ത് ആയതിനാല്‍ കേസ് തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
Also Read : പത്രിക നല്‍കാനെത്തിയ സിപിഐ എം വനിതാ നേതാവിനെ വധിക്കാൻ ശ്രമം
വനിതാ നേതാവിന്റെ വാക്കുകള്‍ ഇങ്ങനെ, മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ജീവന്‍ലാല്‍ തിരുവനന്തപുരത്തെ കോച്ചിംഗ് ക്യാമ്പിനെപ്പറ്റി പറയുന്നത്. സഹോദര തുല്യനായതിനാല് ഞാന്‍ ജീവനൈാപ്പം തലസ്ഥാനത്തേക്ക് തിരിച്ചു. ജൂലായ് ഒന്‍പതിന് രാത്രി ഒന്‍പതിന് അവിടെയെത്തി. അന്ന് എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചു. പിറ്റേന്നു തിരിച്ചു പോരാന്‍ കരുതിയെങ്കിലും ജീവന് എന്തോ അത്യാവശ്യം ഉള്ളതിനാല്‍ സാധിച്ചില്ല. ഒരുദിവസം കൂടി അവിടെ തങ്ങി.
പതിനൊന്നിന് രാവിലെ തിരികെ പോകാന്‍ ബാഗെടുക്കുമ്പോള്‍ അയാള്‍ മുറിയിലേക്ക് കയറിവന്നു. മുറി ഉള്ളില്‍ നിന്ന് പൂട്ടി. പിന്നില്‍ നിന്ന് പിടിക്കാന്‍ ശ്രമിച്ചതോടെ ഞാന്‍ കുതറിമാറി. എന്നെ കിടക്കയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചു. ഞാന്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ വായ് പൊത്തിപ്പിടിച്ചു. ഞാന്‍ ചെറുത്തു നിന്നതോടെ അയാള്‍ പിന്മാറി. മാപ്പുപറയാനും കരയാനും തുടങ്ങി. നാട്ടിലെത്തി വീട്ടുകാരോട് എല്ലാം തുറന്നുപറഞ്ഞു. പാര്‍ട്ടിയില്‍ ഇപ്പോള്‍ വിശ്വാസമില്ല. ഇനി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയുമില്ല- പെണ്‍കുട്ടി കരച്ചിലോടെ പറയുന്നു. സംഭവത്തില്‍ ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ പുറത്തുശ്ശേരി ലോക്കല്‍ കമ്മറ്റി അംഗവുമാണ് ജീവന്‍ലാല്‍.
Post Your Comments