
ബംഗലുരു: സ്ട്രൈറ്റനിംഗിന് ശേഷം മുടി കൊഴിഞ്ഞതിൽ മനം നൊന്ത് കോളേജ് വിദ്യാർത്ഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. ബ്യൂട്ടി പാർലർ ജീവനക്കാരുടെ പിഴവാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന രക്ഷിതാക്കളുടെ പരാതിയിൽ പാർലർ ഉടമക്കെതിരെ പൊലീസ് കേസെടുത്തു. സ്ട്രൈറ്റനിങ്ങിന് രാസപദാർത്ഥങ്ങൾ ഉപയോഗിച്ചതിലും തല ചൂടാക്കിയതിലും പറ്റിയ അബദ്ധമാണ് മുടി ധാരാളമായി കൊഴിയാൻ ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. കുടകിലെ മഡിക്കെരിയിലാണ് സംഭവം.
മൈസൂരുവിൽ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥി ആയിരുന്ന നേഹ ഗംഗമ്മയാണ് ആത്മഹത്യ ചെയ്തത്. ബല്ലേലയിലെ പുഴക്കരയിൽ ഞായറാഴ്ച നേഹയുടെ മൃതദേഹം അടിയുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മുടി ധാരാളമായി കൊഴിയുന്നതിൽ വിഷമത്തിലായിരുന്നു നേഹ. സൗന്ദര്യകാര്യത്തിൽ ഏറെ ശ്രദ്ധയുണ്ടായിരുന്ന നേഹയ്ക്ക് കോളേജിൽ പോകാൻ തന്നെ ബുദ്ധിമുട്ടായി. കഴിഞ്ഞ മാസം 21ന് മൈസൂരുവിലെ ഒരു ബ്യൂട്ടി പാർലറിൽവച്ച് മുടി സ്ട്രൈറ്റൻ ചെയ്തത് മുതലാണ് ധാരാളമായി കൊഴിയാൻ തുടങ്ങിയത്.
അലർജിയെത്തുടർന്ന് ദേഹത്ത് പാടുകളും വന്നു. ബന്ധുക്കളോടും അടുത്ത സുഹൃത്തുകളോടും ഇക്കാര്യം നേഹ പറഞ്ഞിരുന്നു. വീട്ടുകാർ നിർബന്ധിച്ചതിനെത്തുടർന്ന് മഡിക്കെരിയിൽ വീട്ടിൽ നിന്ന് ഒരാഴ്ച മുമ്പ് പെൺകുട്ടി കോളേജിലേക്ക് പോയി.ബുധനാഴ്ച രാവിലെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയ ശേഷം കാണാതാവുകയായിരുന്നു.ബ്യൂട്ടി പാർലർ ജീവനക്കാരുടെ പിഴവാണ് മകളെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു.പാർലർ ഉടമെക്കെതിരെ ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
Post Your Comments