Latest NewsIndia

യുവാവിന്റെ അവയവ കൈമാറ്റം നടത്തിയത് ബന്ധുക്കളെ നിര്‍ബന്ധിച്ച്‌; സ്വീകരിച്ചയാളുടെ വിവരവും മറച്ച്‌ വച്ചു; പിന്നില്‍ വന്‍ അവയവക്കച്ചവട റാക്കറ്റെന്ന് സംശയം

മണികണ്ഠന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യം ബന്ധുക്കള്‍ മൂന്നു തവണ നിരസിച്ചതാണ്.

ചെന്നൈ: വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവ് മണികണ്ഠന്റെ അവയവങ്ങള്‍ കൈമാറ്റം ചെയ്ത സംഭവത്തില്‍ സേലത്തെ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുക്കാമെന്ന് അന്വേഷണ കമ്മീഷൻ. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് അവയവങ്ങള്‍ കൈമാറിയതെന്നും ട്രാന്‍സ് പ്ലാന്റ് അഥോറിറ്റി ഓഫ് തമിഴ്‌നാട് (ട്രാന്‍സ്റ്റാന്‍) കോഓര്‍ഡിനേറ്റര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയെന്നും കണ്ടെത്തി.വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ആശുപത്രിക്കെതിരെ കേസെടുക്കാവുന്നതാണെന്നു തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് നൽകി.

മണികണ്ഠന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യം ബന്ധുക്കള്‍ മൂന്നു തവണ നിരസിച്ചതാണ്. എന്നിട്ടും നിര്‍ബന്ധിച്ചു സമ്മതിപ്പിക്കുകയായിരുന്നു. അവയവങ്ങള്‍ സ്വീകരിക്കുന്നയാളുടെ രാജ്യം നിര്‍ബന്ധമായും രേഖപ്പെടുത്തണം. എന്നാല്‍, മണികണ്ഠന്റെ വൃക്ക സ്വീകരിച്ച വ്യക്തിയുടെ രാജ്യം രേഖപ്പെടുത്തിയിട്ടില്ല.യുക്രെയ്ന്‍ സ്വദേശിക്കു നല്‍കാനാണു തീരുമാനിച്ചതെങ്കിലും പിന്നീടു ലബനന്‍ പൗരനു നല്‍കി. സ്വീകര്‍ത്താവിനെ മാറ്റിയ കാര്യം ട്രാന്‍സ്റ്റാന്‍ അംഗങ്ങളും ആശുപത്രി അധികൃതരും ഫോണിലൂടെ സംസാരിച്ചാണു തീരുമാനിച്ചത്.

കാത്തിരിപ്പു പട്ടികയില്‍ ആദ്യ സ്ഥാനത്തുണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാരെ മറികടന്നു വിദേശ പൗരനു വൃക്ക നല്‍കി. ഇതിനായി തിരിച്ചറിയല്‍ നമ്പര്‍ തിരുത്തി. മെയ്‌ 18നു സേലത്തു മരിച്ച പാലക്കാട് ചിറ്റൂര്‍ കന്നിമാരി നെല്ലിമേട് പി.മണികണ്ഠന്റെ അവയവങ്ങള്‍ സ്വകാര്യ ആശുപത്രി കൈമാറിയതിലെ ദുരൂഹതകള്‍ പുറത്ത് വന്നത്. കേരളത്തിനകത്തും പുറത്തും അവയവ കച്ചവടസംഘങ്ങള്‍ വ്യാപിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അതിര്‍ത്തി പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പലതും പ്രവര്‍ത്തിക്കുന്നത്.

ഗുരുതരമായി പരുക്കേറ്റ മറ്റൊരു യുവാവിന്റെ അവയവങ്ങള്‍ നിര്‍ബന്ധപൂര്‍വം കൈമാറാന്‍ ബന്ധുക്കളെ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ചെന്ന പരാതി കൂടി ഉയര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തിൽ ഇടപെട്ടു. തുടര്‍ന്നു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി അന്വേഷണ കമ്മിഷനെ നിയോഗിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button