ന്യൂഡല്‍ഹി: സൈന്യത്തിന്റെ പിന്തുണയോടെയാണ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രി പദത്തിലേറിയത്. അതുകൊണ്ടു തന്നെ സൈന്യത്തെ പിണക്കാനുമാവില്ല. ക്രിക്കറ്റ് താരമായിരുന്ന കാലം മുതല്‍ക്കെ ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇമ്രാന്‍ ഖാന് സൈന്യത്തെ മറികടന്ന് ഇന്ത്യ-പാക് ബന്ധത്തില്‍ ഇടപെടാനാവില്ല. കാശ്മീരുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരസ്യമായി ഇമ്രാന്‍ പ്രകടിപ്പിച്ച നിലപാടുകള്‍ കാലങ്ങളായി പാക്കിസ്ഥാന്‍ ഉന്നയിക്കുന്നതുതന്നെയായത് അതുകൊണ്ടാണ്.
ഇന്ത്യയുമായുള്ള ബന്ധം കുറേക്കൂടി ഊഷമളമാക്കണമെന്ന താത്പര്യം അദ്ദേഹത്തിനുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അതിലൊന്നാണ് ഇസ്ലാമാബാദ് ക്ലബ്ബില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അംഗത്വം നല്‍കിയേക്കുമെന്ന വാര്‍ത്ത. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയയുടേതടക്കം അംഗത്വത്തിനുള്ള അപേക്ഷകള്‍ ഒമ്പതുമാസമായി പൊടിപിടിച്ചുകിടക്കുകയാണ്.
പാക് ആഭ്യന്തര മന്ത്രാലയമാണ് ക്ലബ്ബില്‍ ആര്‍ക്കൊക്കെ അംഗത്വം നല്‍കണമെന്ന് തീരുമാനിക്കുന്നത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അംഗത്വം നല്‍കാന്‍ മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിരുന്നില്ല.
എന്നാല്‍, ഇമ്രാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇക്കാര്യത്തില്‍ ആശാവഹമായ ചില പുരോഗതികള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ അ്‌പേക്ഷകള്‍ പരിഗണിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം എന്‍ഒസി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒരു ക്ലബ് അംഗത്വമെന്നതിനെക്കാള്‍ വളരെയേറെ സുപ്രധാനമായ നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഇന്ത്യന്‍ നയതന്ത്ര ഉ്‌ദ്യോഗസ്ഥര്‍ക്ക് അംഗത്വം നല്‍കിയാല്‍ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കുള്ള പുതിയ വേദി തുറക്കല്‍കൂടിയാകും.
എല്ലാ വിദേശ നയതന്ത്ര ഉദ്യോഗസ്ഥരും സമ്മേളിക്കുന്ന സ്ഥലമെന്ന നിലയില്‍ ഇസ്ലാമാബാദ് ക്ലബ്ബിന് വളരെയേറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ന്യൂഡല്‍ഹിയിലെ ഡല്‍ഹി ഗോള്‍ഫ് ക്ലബ്ബിലും ഡല്‍ഹി ജിംഖാനയിലും പാക്കിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അംഗത്വം നല്‍കുന്നില്ലെന്ന് കാണിച്ചായിരുന്നു പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ അംഗത്വം തടഞ്ഞുവെച്ചിരുന്നത്.
Post Your Comments