പത്തനംതിട്ട•മഹാപ്രളയത്തില്‍ പമ്പ മണല്‍പ്പുറത്തെയും അനുബന്ധ പ്രദേശങ്ങളിലെയും കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മണല്‍പ്പുറത്ത് ഇനി സ്ഥിരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ കടത്തിവിടുന്നതിന് താത്ക്കാലികമായി ഒരുക്കുന്ന സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷം പമ്പയില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രളയാനന്തര ദിനങ്ങളില്‍ ഭാരിച്ച ഉത്തരവാദിത്തമാണ് ഏറ്റെടുത്തത്. പമ്പയിലെ രണ്ട് പാലങ്ങളുടെ മുകളില്‍ അടിഞ്ഞുകൂടിയിരുന്ന മണ്ണ് മാറ്റി പാലങ്ങള്‍ ഉപയോഗയോഗ്യമാക്കി. നദി ഗതിമാറി ഒഴുകിയതിനാല്‍ പമ്പ ഗണപതിക്ഷേത്രത്തിലേക്ക് എത്തുന്നതിന് ശ്രീരാമസേതുവിന്റെ മാതൃകയില്‍ അയ്യപ്പസേതു പമ്പയില്‍ നിര്‍മിച്ചു. ദേവസ്വം ബോര്‍ഡിന്റെ മുന്നൂറോളം തൊഴിലാളികളും ഉദേ്യാഗസ്ഥരും ഉള്‍പ്പെടെ നാറൂറോളം പേരുടെ അശ്രാന്തപരിശ്രമത്തിലൂടെയാണ് സന്നിധാനത്തേക്ക് കടന്നുപോകുന്നതിന് അയ്യപ്പസേതുവിലൂടെ താത്ക്കാലിക സംവിധാനം ഒരുക്കാനായത്. അടുത്ത മാസപൂജയ്ക്ക് തീര്‍ഥാടകരെ കടത്തി വിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിവരുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ കാര്യക്ഷമമായ നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.
അനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനി പമ്പാ മണല്‍പ്പുറത്ത് വേണ്ടെന്നതാണ് ദേവസ്വംബോര്‍ഡിന്റെ നിലപാട്. നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നദിതന്നെ ഇല്ലാതാക്കുമെന്ന പാഠമാണ് ഈ പ്രളയം നമുക്ക് നല്‍കിയത്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പമ്പാ നദിയെയും നദിക്കരയെയും സ്വാഭാവിക നീരൊഴുക്കിന് വിട്ടുകൊടുക്കും. പരിസ്ഥിതി സൗഹൃദമായ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് ദേവസ്വം ബോര്‍ഡ് പൂര്‍ണമായും മാറും. സങ്കുചിതമായ പരിസ്ഥിതി വാദമോ പരിസ്ഥിതിയെ പൂര്‍ണമായും തകര്‍ക്കുന്ന സമീപനമോ സ്വീകരിക്കാതെ പ്രായോഗികമായ സമീപനം സ്വീകരിച്ചുകൊണ്ടായിരിക്കും ദേവസ്വംബോര്‍ഡ് പ്രവര്‍ത്തിക്കുക.
പമ്പയിലും പരിസരങ്ങളിലും തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് താത്ക്കാലിക നിര്‍മിതികളായിരിക്കും ഇനി പരിഗണിക്കുക. വാഹനങ്ങള്‍ പ്രധാന ഇടത്താവളങ്ങളായ എരുമേലി, നിലയ്ക്കല്‍, വണ്ടിപ്പെരിയാര്‍ എന്നിവ ബേസ് ക്യാമ്പുകളിലായി കണ്ട് ശബരിമല തീര്‍ഥാടനം സുഗമമാക്കുക എന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യം. നിലയ്ക്കല്‍ വരെ വാഹനങ്ങള്‍ കടത്തിവിട്ട് നിലയ്ക്കലില്‍ നിന്ന് പമ്പ വരെയുള്ള 23 കി.മീ യാത്ര കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് മുഖേനയോ മറ്റ് ഏജന്‍സികള്‍ വഴിയോ ക്രമീകരിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്നും പ്രസിഡന്റ് പറഞ്ഞു.
Post Your Comments