കൊച്ചി: ഒരു ലക്ഷം രൂപയുടെ ഫോണ്‍ നഷ്ടമായതിന്റെ ദു:ഖമല്ല, ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാനായതിന്റെ സന്തോഷമായിരുന്നു രഞ്ജിത്തിന്റെ മുഖത്ത്. പ്രളയക്കെടുതിയില്‍ ആയിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തിയതിനെ കുറിച്ച് ഓര്‍ത്തെടുക്കുകയായിരുന്നു ഈ 26കാരന്‍. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കാന്‍ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് രഞ്ജിത്ത് തന്റെ അനുഭവം പങ്കുവെച്ചത്.
കണ്ണൂര്‍ പയ്യന്നൂര്‍ പാടിയോട്ടിച്ചാല്‍ സ്വദേശിയാണ് എംവി രഞ്ജിത്ത്. ഒന്‍പത് വര്‍ഷമായി കൊച്ചിയിലെ സ്വകാര്യ പാല്‍ സംഭരണവിതരണ കേന്ദ്രത്തിലെ ജീവനക്കാരനാണ് ഇയാള്‍. പ്രളയത്തില്‍ അകപ്പെട്ട ഇതരസംസ്ഥാനക്കാരെ രക്ഷിക്കാനുള്ള ദൗത്യ സംഘത്തിലുണ്ടായിരുന്നു രഞ്ജിത്തും. ഇതരസംസ്ഥാനക്കാര്‍ കൂട്ടമായി താമസിക്കുന്ന വീട്ടില്‍നിന്ന് ആളുകളെ രക്ഷിക്കുന്നത് വള്ളമുപയോഗിച്ചായിരുന്നു. എന്നാല്‍, തൊഴിലാളികള്‍ കൂട്ടത്തോടെ വള്ളത്തില്‍ കയറിയതോടെ വള്ളം മറിയുന്ന അവസ്ഥയായി. സുരക്ഷിതകേന്ദ്രം എത്തുന്നതിനു നൂറുമീറ്റര്‍ അകലെ കമ്പനിപ്പടിക്ക് സമീപം വള്ളം മറിഞ്ഞു.
Read Also: പ്രമുഖ ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ പുഴു
വള്ളം മറിഞ്ഞതോടെ നീന്തലറിയാത്തവരെ രഞ്ജിത്തും സംഘവും ജീവന്‍ പണയപ്പെടുത്തി രക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് രഞ്ജിത്തിന്റെ ഒരു ലക്ഷം രൂപയോളം വിലയുള്ള ഫോണ്‍ നഷ്ടമായത്. വര്‍ഷങ്ങളോളം സ്വരുക്കൂട്ടിയ പണമുപയോഗിച്ച് രണ്ട് മാസം മുമ്പാണ് രഞ്ജിത്ത് ഐഫോണ്‍ വാങ്ങിയത്. ഉപയോഗിച്ച് കൊതി തീരും മുമ്പാണ് ഫോണ്‍ നഷ്ടമായത്. എന്നാല്‍ കനത്തമഴയില്‍ വെള്ളപ്പൊക്കത്തെ അതീജിവിച്ച് പൂര്‍ണഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ലഭിച്ച നന്ദിവാക്കുകള്‍ മാത്രം മതി എല്ലാ നഷ്ടങ്ങളും മറക്കാനെന്ന് രഞ്ജിത്ത് പറയുന്നു.
Post Your Comments