KeralaLatest News

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ട ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമണം

സത്യാവസ്ഥയുമായി ഹനാന്‍ തന്നെ രംഗത്ത്

തിരുവനന്തപുരം: ഇക്കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയിലൂടെയും മലയാളികളുടേയും എന്തിനേറെ മന്ത്രിമാരുടേയും ജനശ്രദ്ധയാകര്‍ഷിച്ച പെണ്‍കുട്ടിയായിരുന്നു ഹനാന്‍. കുടുംബം പുലര്‍ത്താന്‍ കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയാണ് ഹനാന്‍ ജനമനസുകളില്‍ തരംഗമായി മാറിയത്. ഹനാന്‍ എന്ന കൊച്ചുമിടുക്കിയ്ക്ക് പ്രശസ്ത സംവിധായകര്‍ സിനിമയില്‍ അസരം നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ‘ഹനാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയാണ്. ‘നരേന്ദ്ര മോദിയ്ക്ക് എന്ത് പണിയാണ് കൊടുക്കുക എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഹനാന്‍ ഹനാനി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചരിച്ചത്. ഈ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി സൈബര്‍ ആക്രമണം ശക്തമായതോടെ വിശദീകരണവുമായി ഒടുവില്‍ ഹനാന്‍ തന്നെ രംഗത്തെത്തി.

‘എനിക്ക് ഇങ്ങനെയൊരു ഫേസ്ബുക്ക് പേജില്ലെന്നാണ് ഹനാന്‍ പറയുന്നത്. എന്റെ പേരില്‍ കുറേ വ്യാജ ഫേസ്ബുക്ക് പേജുകള്‍ സജീവമാണ്. എന്നാല്‍ ഞാന്‍ ഫേസ്ബുക്കില്‍ ഒട്ടും സജീവമല്ല. എല്ലാ പേജുകളും എന്റെ ചിത്രമാണ് മുഖചിത്രമായി നല്‍കിയിരിക്കുന്നത്. ഇതുവരെ രാഷ്ട്രീയപരമായി പോസ്റ്റുകളോ വാക്കുകളോ ഞാനെങ്ങും പറഞ്ഞിട്ടില്ല” എന്ന് ഹനാന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.

Read Also : ഹനാന്‍ ഏവരെയും വിഢികളാക്കിയോ? സത്യം ഇതാണ്

ഈ വിഷവിത്തിനെയാണോ കേരളം സ്നേഹിച്ചത് എന്ന അടിക്കുറിപ്പോടെ സംഘപരിവാര്‍ സ്വാധീനമുള്ള ഫേസ്ബുക്ക് പേജില്‍ നിന്നുമാണ് ഇത്തരത്തിലുള്ള അപവാദ പ്രചരണം നടക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബര്‍ പോലീസിനും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കുമെന്ന് ഹനാന്‍ പറഞ്ഞു.

മീന്‍ വിറ്റ് ജീവിതവും പഠനവും ഉള്‍പ്പെടെ മുന്നോട്ടു നീക്കിയിരുന്ന ഹനാന്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത ആയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. തുടര്‍ന്ന് ഒരു വിഭാഗം ഹനാനെ സംഘടിതമായി ചേര്‍ന്ന് സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

അതിനിടെയാണ് പ്രധാനമന്ത്രിക്കെതിരെയുള്ള പോസ്റ്റും ഫേസ്ബുക്കില്‍ വന്ന് ഹനാനെ അപമാനിച്ചിരിക്കുന്നത്. തന്നെ രാജ്യദ്രോഹിയാക്കി സോഷ്യല്‍ മീഡിയ മുദ്രകുത്തിയതോടെയാണ് സൈബര്‍ ആക്രമങ്ങള്‍ക്കെതിരെ ഹനാന്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button