വക്കീലിനെ കാണാനെത്തിയപ്പോൾ വെള്ളം കയറിയ ആലുവയിൽ ഭാര്യ അഡ്വ. മഞ്ജു ജോസഫിനും മക്കളായ ജോണ്‍, റോസ്മേരി, സാറ എന്നിവർക്കുമൊപ്പം ദുരിതാശ്വാസ പ്രവർത്തനത്തിലായിരുന്നു. ഒരു അഭിഭാഷകനായി മാത്രം ജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്ന ആളല്ല.. എന്നാൽ ഇതരസംസ്ഥാന ലോട്ടറിയായ സൂപ്പർലോട്ടോ നിരോധനത്തിനു പിന്നിൽ കോടതിയെ സമീപിച്ചു വിധി സന്പാദിച്ച അഭിഭാഷകനായ ഹർജിക്കാരനാണെന്ന പരിവേഷമുണ്ട്. എന്നാൽ ഇതിനെക്കാൾ ഉപരിയായി മുല്ലപ്പെരിയാർ അണക്കെട്ട് എന്ന ഡെമോക്ലീസിന്റെ വാൾ കേരളത്തിന്റെ ശിരസിന്മേൽ പതിറ്റാണ്ടുകളായി തൂക്കിയിട്ടിരിക്കുന്ന തമിഴ്നാടിനു സുപ്രീംകോടതിയിൽ പ്രഹരം കൊടുത്ത മലയാളി എന്ന പരിവേഷമാണ് ഇപ്പോൾ പ്രസക്തം.
സർക്കാരുകളും അഭിഭാഷകരും മാറി മാറി തോൽക്കുന്ന വിഷയത്തിൽ ആലുവസ്വദേശിയായ ഒരു മലയാളിയുടെ വിജയമാണ് റസൽജോയിയിലൂടെ കേരളം ദർശിക്കുന്നത്. മുല്ലപ്പെരിയാറിനെക്കുറിച്ച് ഈപ്രളയകാലത്ത് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ കേൾക്കാം.
മുല്ലപ്പെരിയാറിലേക്കുള്ള വഴി
142 അടിയിൽ ഒരടി പോലും കുറയ്ക്കില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി കേരളാ മുഖ്യമന്ത്രിക്ക് കത്തെഴുതി അപമാനിച്ചപ്പോൾ കേരളത്തിലെ ജനങ്ങളെയാണ് അവർ അപമാനിച്ചത്. അയൽസംസ്ഥാനത്ത് പ്രളയക്കെടുതിയിൽ ജനം വലയുന്പോൾ ഒരു മുഖ്യമന്ത്രി ഇങ്ങനെ എഴുതാൻ പാടില്ലായിരുന്നു. എന്നിട്ടും നമ്മൾ സഹിച്ചു. കേരളത്തിനുണ്ടായ വേദന കോടതിവിധിയിലൂടെ നാം തീർത്തു. ഞാൻ കേസുമായി മുന്നോട്ട് പോകുകതന്നെ ചെയ്യും.
Read Also: മുല്ലപ്പെരിയാറിലെ ജലനിരപ്പ്; സുപ്രീം കോടതി ഉത്തരവ് ഇങ്ങനെ
ഞാനൊരു പൊതു പ്രവർത്തകനായിരുന്നില്ല. ആകെയുള്ള ബലം ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരായിരുന്നു. നിയമ പഠനം കഴിഞ്ഞ് അദ്ദേഹത്തിന്റെ കൂടെ കൂടി. അദ്ദേഹമായിരുന്നു ശക്തി. പല കേസുകൾ പഠിക്കാനും കോടതിയിൽ ഹാജരാകാനും സാധിച്ചതും അദ്ദേഹത്തിന്റെ കരുത്തിലായിരുന്നു.
മുല്ലപ്പെരിയാറിൽ കേരളം പുതിയ അണക്കെട്ട് നിർമിക്കുന്നതിനു തീരുമാനമെടുത്തതിനെ ചോദ്യംചെയ്തു തമിഴ്നാട് കൊടുത്ത ഹർജി പരിഗണിക്കുന്ന അവസരത്തിൽ സുപ്രീംകോടതി ചോദിച്ചു, പുതിയ അണക്കെട്ട് നിർമിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം? ഞാൻ വിചാരിച്ചു സുപ്രീംകോടതിയിൽ കേരളത്തിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന്. എന്നാൽ വിധി വന്നപ്പോൾ തമിഴ്നാടിനു നേട്ടമുണ്ടായി. ഒരു അഭിഭാഷകൻ എന്ന നിലയിൽ അന്നാണ് ഈ കേസൊന്നു പഠിക്കണമെന്ന് തോന്നിയത്. കൊച്ചിയൂണിവേഴ്സിറ്റി ലോ ഡിപ്പാർട്ടുമെന്റും വിദ്യാർഥികളും പഴയകേസുകൾ ഓരൊന്നായി എടുത്തു സഹായിച്ചു.
Read Also; മുല്ലപ്പെരിയാര്‍ ഡാമില്‍ വിള്ളല്‍ : വ്യാജപ്രചരണം : നാല് പേര്‍ക്കെതിരെ കേസ്
അതിനു കരാറിനെ കുറിച്ച് അറിയണം. അതുള്ളതു തിരുവനന്തപുരത്ത് സർക്കാരിന്റെ കൈയിലാണ്. മുല്ലപ്പെരിയാർ കരാർ ഒന്നു തരണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടു. നൽകിയില്ല. നിങ്ങൾക്ക് തരാൻ സാധിക്കില്ലെന്ന കർശനമായ മറുപടി. വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴും നൽകിയില്ല. പൊതുജനം അറിയേണ്ട എന്ന നിലപാടെടുത്തു. ജനങ്ങൾ ഈ കരാർ അറിയേണ്ടേ? എന്താണ് ഇവർ ജനങ്ങളിൽ നിന്നു മറച്ചുവയ്ക്കുന്നത്.? അപ്പോഴാണ് എങ്ങനെയും ഈ കരാർ നേടിയെടുക്കണമെന്നാഗ്രഹം ഉണ്ടായത്. ഇതിനായി പലപ്രാവശ്യം ഓഫീസ് കയറിയിറങ്ങി.
ഒരിക്കൽ കരാറിന്റെ കോപ്പി നൽകില്ലെന്ന കർശന മറുപടിയിൽ നിരാശനായി തിരുവനന്തപുരത്തെ ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങുന്പോൾ ഒരു ഉദ്യോഗസ്ഥൻ പിന്നിൽ നിന്നു വിളിച്ചു. സാർ, സാറിതു കൊണ്ടു പൊയ്ക്കോ. ഇതു കരാറിന്റെ കോപ്പിയാണ്. സാറെങ്കിലും എന്തെങ്കിലും ചെയ്യണം. ഞെട്ടിപ്പോയി. അതിലേറെ അദ്ഭുതമായിരുന്നു. ഞാൻ ഓഫീസിൽ കയറിയിറങ്ങുന്പോഴൊന്നും കണ്ടിട്ടില്ലാത്ത മുഖം. അദ്ദേഹം പേരൊന്നും പറഞ്ഞില്ല. ആരെന്ന് ഇന്നും അറിയില്ല. കോപ്പി തന്നിട്ട് ഓഫീസിനുള്ളിലേക്കു നടന്നു മറഞ്ഞു. പിന്നീട് ഒരിക്കൽ പോലും ഈ മനുഷ്യനെ കണ്ടിട്ടില്ല. ഇത് എന്റെ നിയോഗമെന്നു മനസിലാക്കുകയായിരുന്നു.
Read Also: പുഴയില്‍ ചാകര; മീനുകളുടെ വലിപ്പം കണ്ട് കണ്ണുതള്ളി നാട്ടുകാര്‍
കരാർ വായിച്ചു. വായിക്കുംതോറും ഒരു സത്യം മനസിലായി. നമ്മൾ അറിഞ്ഞതും നമ്മളെ അറിയിക്കുന്നതും തെറ്റാണ്. പിന്നീട് മൂന്നു വർഷക്കാലം പഠനത്തിന്റെ കാലമായിരുന്നു. കേരള സർക്കാർ സുപ്രീംകോടതിയിൽ പരാജയപ്പെട്ട കേസുകളെല്ലാം പഠിച്ചു. 2017ൽ സുപ്രീംകോടതിയിൽ ഹർജി നൽകി (റിട്ട് പെറ്റീഷൻ(സിവിൽ) 878/17). ഒരു കാര്യം മനസിലായി. മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിക്കു മുന്നിൽ വേണ്ടതു തെളിവുകളാണ്. കോടതി ഒരിക്കലും കേരളത്തിനെതിരായി നിൽക്കുന്നില്ല.
ഞെട്ടിക്കുന്ന കരാർ
തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലുള്ള ജനങ്ങൾ വെള്ളം കുടിക്കണമെന്നും കൃഷി നടത്തണമെന്നുമുള്ള ഉദ്ദേശ്യത്താൽ ചെയ്ത പുണ്യപ്രവൃത്തി ഒന്നും അല്ല മുല്ലപ്പെരിയാർ കരാർ. കരാറിന്റെ ആദ്യപേജിൽ എണ്ണായിരം ഏക്കർ ഭൂമിയിലെ വനസന്പത്തിനുള്ള കരാർ. വനഭൂമിയിലുള്ള തേക്കും ഈട്ടിയും മഹാഗണിയും ഇരുപൂളം തന്പകവും മരുതും മണിമരുതും ഉൾപ്പെടെ പേരറിയുന്നതും അല്ലാത്തതുമായ, നമുക്ക് ഉൗഹിക്കാൻ പോലും അസാധ്യമായ അത്ര വണ്ണവും പൊക്കവും കാതലും ഉള്ള മരങ്ങളാണ് എണ്ണായിരം ഏക്കറിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കടത്തിക്കൊണ്ടുപോയത്.
രണ്ടാം പേജിൽ രത്നങ്ങളും ധാതുക്കളും സ്വന്തമാക്കാനുള്ള അവകാശം. വനസന്പത്തും രത്നങ്ങളും മൃഗസന്പത്തും മാത്രമായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. തന്റെ ഹൃദയരക്തം കൊണ്ട് ഒപ്പിടുന്നുവെന്നാണ് കരാറിൽ ഒപ്പിട്ടുകൊണ്ടു തിരുവിതാംകൂർ രാജാവ് പറഞ്ഞത്. കപ്പം കൊടുക്കുന്ന രാജാവിന് ഒപ്പിടുക മാത്രമേ രക്ഷയുണ്ടായിരുന്നുള്ളു. പക്ഷേ, 1947 ഓഗസ്റ്റ് 15നു സ്വാതന്ത്ര്യം ലഭിച്ച പുലരിയിൽ രാജാവ് തന്നെ ഈ കരാർ റദ്ദാക്കി. ഇതിനു രേഖയുണ്ടോ എന്നാണ് ചോദിക്കുന്നത്. ഇതൊരുചരിത്രമാണ്. രാജാവിന്റെ വിളംബരം രാജശാസനയാണ്. ഇതിനു രേഖ വേണ്ടെന്നു കോടതിയിൽ പറയണമായിരുന്നു.
അസ്വാഭാവികമായ കേസ്
999 വർഷത്തെ കരാർ എന്നതു കേട്ടുകേൾവിയില്ലാത്തതാണ്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരാറുകളെല്ലാം 99 വർഷത്തേക്കാണ്. മറ്റൊരു അസ്വാഭാവികത ബ്രീട്ടിഷുകാർ ഇന്ത്യ വിട്ടു പോയപ്പോൾ എല്ലാ കരാറുകളും റദ്ദാക്കിയെന്നതാണ്. മുല്ലപ്പെരിയാർ കരാർ മാത്രം നിലനിൽക്കുന്നു. കേരള സർക്കാർ കരാർ റദ്ദാക്കാൻ തയാറായില്ല. 1970ൽ പുതുക്കി കൊടുത്തതാണ് അവിശ്വസനീയം. കേരളത്തിന് ഒരു വർഷം 10 ലക്ഷം രൂപ കരാർ തുക ലഭിക്കാൻ വേണ്ടി ചെയ്തതാണോ? അതേ സമയം വൈദ്യുതി, കുടിവെള്ളം, കൃഷി തുടങ്ങിയ രീതിയിൽ തമിഴ്നാട് സന്പാദിക്കുന്നതു 7250 ദശലക്ഷമാണ്. പകുതിയെങ്കിലും കിട്ടിയിരുന്നെങ്കിൽ കേരളത്തിന്റെ സ്ഥിതി മാറുമായിരുന്നു. അവർക്ക് വൈദ്യുതി ഉത്പാദനത്തിന് അനുമതി നല്കിയപ്പോൾ നമുക്ക് മത്സ്യം പിടിക്കാൻ അവകാശം കിട്ടി. ഈ അവകാശം കിട്ടിയാലും ഇല്ലെങ്കിലും ആദിവാസിജനവിഭാഗം മത്സ്യം പിടിക്കുന്നുണ്ട്.
Read Also: പൂവണിയുന്നത് സംവിധായകനാകണം എന്ന സ്വപ്നം: ഹരിശ്രീ അശോകൻ
തോറ്റ കേസിന്റെ പിന്നാലെയില്ല
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം തോറ്റ കേസിന്റെ പിന്നാലെ ഞാനില്ല. ഇവർ വാദിച്ചതിനു പിന്നാലെ പോയാലും കോടതിയിൽ നിന്നും അനുകൂലവിധി ലഭിക്കില്ല. സുപ്രീംകോടതിയിൽ ഇതിന്റെ കണ്ടെത്തലുകളുണ്ട്. സുപ്രീംകോടതിയിൽ 142 അടി എന്ന കണക്കു വിധിച്ചപ്പോൾ അതിനെ ചലഞ്ച് ചെയ്യാതെ കേരള നിയമസഭ ഡാം സുരക്ഷാ നിയമം ഉണ്ടാക്കി. 136 അടി നിജപ്പെടുത്തിയവരാണ് നമ്മൾ. അതിനെ തമിഴ്നാട് ചോദ്യം ചെയ്തപ്പോൾ കേരളം വീണ്ടും പരാജയപ്പെട്ടു. അങ്ങനെ 142 അടിയാക്കി. അതു കൊണ്ട് കേരളം വാദിച്ച ഒരു കേസിന്റെ പിന്നാലെ പോകില്ല. അതു കൊണ്ടു നമുക്ക് രക്ഷയില്ല. വെറുതെ തോൽക്കാമെന്നുമാത്രം.
തോറ്റു പോയ കേസിന്റെ പിന്നാലെ പോയാൽ വീണ്ടും പരാജയപ്പെടും. ഒന്നാമത്തെ കാരണം സർക്കാർ തലത്തിൽ നമുക്ക് പിന്തുണ ലഭിക്കുമെന്നുറപ്പില്ല. ഒരു രേഖ പോലും തരില്ല. മുല്ലപ്പെരിയാർ കരാർ പോലും തരാത്തവർ ഏതു രേഖയാണ് നൽകുന്നത്. അതു കൊണ്ട് ഇവിടം കൊണ്ടു നിർത്തുന്നുവെന്നു തോന്നരുത്. ഞാൻ ഇവിടെ തുടങ്ങുകയാണ്.
ഫെഡറൽ ഗൈഡ്ലൈൻ
ലോകത്തിൽ വിവിധ രാജ്യങ്ങളിൽ അണക്കെട്ടുകൾ തകർന്നിട്ടുണ്ട്. വികസിത രാജ്യങ്ങളിലൊന്നും ഇത്രയേറെ പഴക്കമുള്ള ഡാം ഡീകമ്മീഷൻ ചെയ്യാതിരുന്നിട്ടില്ല. ഡാം ഇപ്പോൾ സുരക്ഷിതമാണോ അല്ലയോ എന്നത് ഒരു ചോദ്യമേയല്ല. ഡാം സുരക്ഷിതമാണോ അല്ലയോ എന്ന് പരിശോധിക്കാൻ കുറ്റമറ്റ ശാസ്ത്രീയ സംവിധാനങ്ങൾ ഒന്നും തന്നെ ഇന്ത്യയിൽ നിലവിലില്ല. ഡാമുകൾ എവിടെയെല്ലാം പൊട്ടിയിട്ടുണ്ടോ അവിടെ ജനം എന്ത് ചെയ്തു?. അമേരിക്കയിൽ കുറെ അണക്കെട്ടുകൾ തകർന്നിട്ടുണ്ട്. ജനങ്ങൾക്കും പ്രകൃതിക്കും നാശനഷ്ടമുണ്ടായി. കോടിക്കണക്കിനു പണമാണ് നഷ്ടമാകുന്നത്. അതുകൊണ്ട് അമേരിക്ക തീരുമാനിച്ചു, ഡാം പൊട്ടിക്കൂടാ. അമേരിക്കയിൽ വിദഗ്ധരെ നിയോഗിച്ചു മാർഗരേഖയുണ്ടാക്കി. ഫെഡറൽ ഗൈഡ് ലൈൻ ഫോർ സേഫ്റ്റി ഡാംസ്.
ഫെഡറൽ ഗൈഡ് ലൈൻ പ്രകാരം ഒരു അണക്കെട്ടിന്റെ ആയുസ് കഴിഞ്ഞാൽ എന്ന് ഡാം ഡീ കമ്മീഷൻ ചെയ്യുമെന്ന് അന്താരാഷ്ട്ര വിദഗ്ധസമിതി വ്യക്തമാക്കുന്നു. ഇവിടെ മുല്ലപ്പെരിയാർ വിഷയത്തിൽ അണക്കെട്ടിന്റെ ഡീകമ്മീഷൻ തീയതി നിശ്ചയിക്കണമെന്നാണ് ഹർജി കൊടുത്തിരിക്കുന്നത്. എങ്ങനെ തള്ളും. അന്താരാഷ്ട്ര വിദഗ്ധസമിതി പരിശോധിച്ചിട്ട് ആയുസ് കഴിഞ്ഞ ഡാം സുരക്ഷിതമാണെന്നു പറയട്ടെ. ഇന്ത്യയിൽ ഡാം വിദഗ്ധർ അടങ്ങിയ സമിതിയില്ല. എല്ലാവരും എൻജിനിയർമാരും ജഡ്ജിമാരുമാണ്. അന്താരാഷ്ട്ര വിദഗ്ധസമിതിയെ സുപ്രീംകോടതിയോ കേന്ദ്രസർക്കാരോ വിളിക്കട്ടെ. അന്താരാഷ്ട്ര വിദഗ്ധസമിതി വന്നാൽ ഈ ഡാം സുരക്ഷിതമാണെന്നു പറയില്ല. അവർ ഇത് 999 വർഷംനിലനിൽക്കുമെന്നു പറഞ്ഞാൽ നിൽക്കട്ടെ. പ്രശ്നമില്ല. കോടതിക്ക് തള്ളാൻ കഴിയാത്ത കേസാണ് ഞാൻ കൊടുത്തിരിക്കുന്നത്.
Read Also: കുടുംബ സന്ദര്‍ശന വിസയില്‍ പുതിയ നിയന്ത്രണവുമായി കുവൈറ്റ്
ഇതു മാത്രമല്ലല്ലോ എന്റെ വാദം. അണക്കെട്ട് പൊട്ടിപ്പോയാൽ നഷ്ടപരിഹാരം നൽകണം. കേരളത്തിനും കേരളത്തിലെ ജനത്തിനും നഷ്ടപരിഹാരം നൽകണം. തമിഴ്നാട് മുഴുവൻ വിറ്റാൽ പോലും അതിനു സാധിക്കില്ല. ജീവനും സ്വത്തിനും നഷ്ടപരിഹാരം നൽകണം. പ്രകൃതി നശീകരണത്തിനും നഷ്ടപരിഹാരം നൽകണം. മലയും നാടും കെട്ടിടങ്ങളും സ്വാഭാവിക പ്രകൃതിസൗന്ദര്യവും നഷ്ടപ്പെടുന്നതിനും നഷ്ടപരിഹാരം വേണം. തമിഴ്നാടിനു നഷ്ടപരിഹാരം നൽകാൻ സാധിച്ചില്ലെങ്കിൽ കേന്ദ്രസർക്കാർ നല്‍കണം. എന്റെ ഹർജിയിൽ ഒന്നാം കക്ഷി പ്രധാനമന്ത്രി ഉൾപ്പെടുന്ന കേന്ദ്രസർക്കാരാണ്. കേന്ദ്രം ഇതിനു തയാറാകുമെന്നു തോന്നുന്നില്ല.അപ്പോൾ തമിഴ്നാട് ചർച്ചയ്ക്ക് വരും.
സുരക്ഷിതമല്ലാത്ത ഡാം
1964ൽ കേന്ദ്ര ജല കമ്മീഷൻ, അന്‍പതു വർഷം കഴിഞ്ഞ മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയം കണ്ടെത്തി. ഡാം അപകടാവസ്ഥയിലാണെന്ന് കേന്ദ്രജല കമ്മീഷനിലെ ഡോ. കെ.സി.തോമസ് റിപ്പോർട്ട് ചെയ്തു. ജലവിതാനം 136 അടിയാക്കുക, ഡാം ബലപ്പെടുത്തുക, നിലവിലുള്ള ഡാമിനു താഴെ പുതിയ ഡാം നിർമിക്കുക തുടങ്ങിയ നിർദേശവും വച്ചു. ഏഷ്യൻ ഡാം സേഫ്റ്റി വിഭാഗം തലവൻ ഹിമാംശു താക്കൂർ ഡാം സുരക്ഷിതമല്ലെന്നും പൊട്ടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടു ചെയ്തു. റൂർക്കി ഐഐടിയും ഡാമിന്റെ അപകടാവസ്ഥ വെളിപ്പെടുത്തി. ഭൂകന്പസാധ്യതയും വെളിപ്പെടുത്തി. ഇതൊന്നും കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല.
എന്നാൽ മുല്ലപ്പെരിയാർപൊട്ടിയാലും അധികജലം താങ്ങാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ടെന്നാണ് ഹൈക്കോടതിയിൽ കേരളത്തിന്റെ നിലപാടുണ്ടായത്. കഴിഞ്ഞ 35 വർഷമായി തമിഴ്നാട് അവകാശപ്പെടുന്നതും ഇതു മാത്രമാണ്. ലോകരാജ്യങ്ങൾ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ റിയോ ഉടന്പടി ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ച് മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്തേ പറ്റൂ, അക്കാര്യം സർക്കാർകോടതിയിൽ ഉന്നയിച്ചില്ല. ഗാഡ്ഗിൽ റിപ്പോർട്ടിൽ ( ഒന്നാം ഭാഗം 46ാം പേജ്) പറയുന്നു: മനുഷ്യനിർമിത അണക്കെട്ടുകളും താപപദ്ധതികളും പ്രായപരിധി കഴിയുന്പോൾ പ്രവർത്തനരഹിതമാക്കണം. ഡാമുകൾക്ക് 30 മുതൽ 50 വർഷം വരെയാണ് പ്രായപരിധി അദ്ദേഹം കല്പിക്കുന്നത്. മുല്ലപ്പെരിയാർ ഡാം തകരുന്പോൾ തകരുന്നത് 50 ലക്ഷം മലയാളികളുടെയും ലക്ഷക്കണക്കിനു ഇതരസംസ്ഥാന തൊഴിലാളികളുടെയും ജീവൻ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയും ജൈവവൈവിധ്യങ്ങളുടെയും സർവനാശമാണ്. അതു കേരളത്തിന്റെ സർവനാശമാണ്.
പിന്തുണയ്ക്കാത്ത എംഎൽഎമാർ
ആറുമാസം മുന്‍പ് എന്റെ കേസിൽ അന്താരാഷ്ട്ര നിലവാരമുള്ള ദുരന്ത നിവാരണ സമിതികൾ രൂപീകരിച്ചു ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് സുപ്രീം കോടതി കേരളത്തോടും തമിഴ്നാടിനോടും കേന്ദ്രസർക്കാരിനോടും കല്പിച്ച് ഉത്തരവായിട്ടുള്ളതാണ്. മൂന്നു സമിതികളും ഏകോപിച്ചു പ്രവർത്തിക്കണമെന്നും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതുകൊണ്ടാണ് ഇപ്പോൾ ജനങ്ങൾ ജീവനു വേണ്ടി നെട്ടോട്ടം ഓടുന്നത്. ആരാണ് ശത്രുക്കൾ എന്ന് ജനങ്ങൾ തിരിച്ചറിയണം. ഈ വിധിയുടെ കോപ്പി കേരളത്തിലെ 140 എംഎൽഎമാർക്കും അയച്ചു കൊടുത്തു. ഏതാനും എംഎൽഎമാരെ നേരിട്ടും ഫോണിലും വിവരം അറിയിച്ചു. ഇന്നുവരെ ആരും ഇതിനെക്കുറിച്ചു നിയമസഭയിൽ പ്രതികരിച്ചില്ല. നമ്മുടെ ജനപ്രതിനിധികൾ ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന സംശയമെനിക്കുണ്ട്.
നാം മറന്നു പോകുന്നത്
കേരളത്തിൽ നിന്നു പുറപ്പെടുന്ന ഭാഗ്യനദിയായിരുന്നു മുല്ലപ്പെരിയാർ. കേരളത്തിന്റെ മധ്യഭാഗത്തിലൂടെ ഒഴുകിക്കൊണ്ടിരുന്ന നദി. കേരളത്തിലെ 44 നദികൾക്കും ശക്തിപകർന്ന നദി. നിരവധി ചെറുനദികൾ ഇതിൽ നിന്നും പുറപ്പെട്ടിരുന്നു. തമിഴ്നാട്ടിലൂടെ ഒഴുകുന്നില്ല. തമിഴ്നാട്ടിൽ നിന്നും വരുന്ന ഒരു തുള്ളിവെള്ളം പോലും മുല്ലപ്പെരിയാറിലില്ല. ഒരു നദിയെ ഡാം കെട്ടി പുറകോട്ട് തിരിച്ചു വിട്ടിരിക്കുന്നതു കേരളത്തിൽ മാത്രമാണുള്ളത്. നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞു വഴിതിരിച്ചു പുറകോട്ട് ഒഴുക്കിവിടുന്നതു കേരളത്തിൽ മാത്രമാണ്. അത് മുല്ലപ്പെരിയാറാണ്. കേരളത്തിലേക്ക് ഒഴുകേണ്ട നദി തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകാൻ തിരിച്ചിരിക്കുന്നു. ഇതു മാത്രം മതി നമുക്ക്നീതി ലഭിക്കാൻ.
Read Also: വേദഗ്രന്ഥത്തിന്റെ പേജുകള്‍ കീറി ഭക്ഷണം പൊതിഞ്ഞ പൂജാരിയും ഭാര്യയും അറസ്റ്റില്‍
പെരിയാർ ഒരു അന്തർസംസ്ഥാന നദിയായി കേരളം എഴുതി വച്ചിരിക്കുന്നു. കേരളത്തിൽ ഉത്ഭവിച്ച് കേരളത്തിലൂടെ മാത്രം ഒഴുകുന്ന ഒരു നദി എങ്ങനെ ഒരു അന്തർസംസ്ഥാന നദിയാകും. കോടതിയിൽ ഈ പ്രശ്നം തീരുന്നതാണ് തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങൾക്കു താൽപര്യം. ഈ അണക്കെട്ട് തകർന്നാൽ തമിഴ്നാട്ടിലെ അഞ്ചു ജില്ലകൾ വരണ്ടു മരുഭൂമിയാകും. ജനങ്ങൾ മരിക്കുന്നതു പട്ടിണി കിടന്നായിരിക്കും. കേരളത്തോടൊപ്പം അവർക്കും നാശമാണ്. അത് അവിടെയുള്ള ജനത്തിനറിയാം. ഇരുസംസ്ഥാനങ്ങളിലെയും നേതാക്കൾക്ക് അറിയില്ല. എന്നാൽ എതിര് നിൽക്കുന്നത് ആരാണെന്നു കണ്ടെത്തണം. എത്ര ശത്രുക്കൾ ഉണ്ടായാലും നേരിടും. ഇതിനു വേണ്ടി നിയോഗിക്കപ്പെട്ടവനാണ് ഞാൻ. ഒത്തിരി പേരുടെ പ്രാർഥനയുണ്ട്. അതാണ് എന്റെ ശക്തി.
ഇത് റസൽജോയി. ആലുവ നസ്രത്ത് ഡോ.വർഗീസിന്റെയും ഡോ. റോസിയുടെയും ഏകമകൻ. ജസ്റ്റീസ് വി.ആർ.കൃഷ്ണയ്യരുടെ ശിഷ്യനാണ്. താരപരിവേഷങ്ങളൊന്നുമില്ല. ശാന്തതയാണ് ആലുവ നസ്രത്തിലെ റസൽജോയിയുടെ മുഖമുദ്ര.
Post Your Comments