
ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ പാർക്കിംഗ് ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ച് സർവ്വേ ഓഫ് ഇന്ത്യ. സുപ്രീംകോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പാട്ട ഭൂമിക്ക് പുറത്താണ് നിർമ്മാണമെന്ന് സർവ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. നിർമ്മാണവുമായി ബന്ധപ്പെട്ട പൂർണ്ണ വിവരങ്ങൾ കൈമാറി. പാർക്കിംഗ് ഗ്രൗണ്ട് നിർമ്മാണത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ ഹാർജി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതി റിപ്പോർട്ട് തേടിയത്. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കും.
സുപ്രീംകോടതിയുടെ നിർദ്ദേശാനുസരണം സർവ്വേ ഓഫ് ഇന്ത്യ സ്ഥലം സന്ദർശിച്ച് വിശദമായി റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു. പെരിയാർ കടുവ സങ്കേതത്തിന് പരിസരത്ത് അനധികൃതമായിട്ടാണ് കേരളം പാർക്കിംഗ് ഗ്രൗണ്ട് നിർമ്മിക്കുന്നതെന്ന വാദമാണ് തമിഴ്നാട് ഉന്നയിച്ചത്. ഇത് 1886ലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പാട്ട ലംഘനമാണെന്ന് തമിഴ്നാട് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒ.കെ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് സർവ്വേ ഓഫ് ഇന്ത്യ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
Post Your Comments