ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി സഞ്ചരിച്ച ചാർട്ടേർഡ് വിമാനം കഴിഞ്ഞ ഏപ്രിലില്‍ കാർണാടകത്തിൽവച്ച് അപകടത്തിന്റെ വക്കിലെത്തിയ സംഭവത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. രാഹുല്‍ സഞ്ചരിച്ച ഫാല്‍ക്കണ്‍ 2000 വിമാനത്തിന് സാങ്കേതിക തകരാറൊന്നും ഉണ്ടായിരുന്നില്ല, മറിച്ച് വിമാനം പ്രവർത്തിപ്പിക്കുന്നതിലുള്ള ജീവനക്കാരുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിസിഎ രൂപവത്കരിച്ച സമിതിയുടെ 30 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രിൽ 26 ന് ഡൽഹിയിൽ നിന്ന് കർണാടകയിലെ ഹുബാലി സഞ്ചരിച്ച പത്ത് സീറ്റുള്ള വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. വിമാനം ശക്തിയായി മുന്നോട്ട് പായുകയും ഒരുവശത്തേക്ക് ചരിയുകയും പെട്ടെന്ന് താഴേക്ക് പതിക്കുകയും ചെയ്തിരുന്നു. രാഹുലിന് പുറമെ മറ്റ് നാലുപേരും രണ്ട് പൈലറ്റുമാരും ഒരു ജീവനക്കാരനും എന്‍ജിനിയറുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഓട്ടോ പൈലറ്റ് സംവിധാനം പ്രവര്‍ത്തന രഹിതമായശേഷം 15 സെക്കന്റ് കഴിഞ്ഞാണ് ജീവനക്കാര്‍ നടപടികള്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
കോക്ക് പെറ്റിൽ ചുവന്ന വെളിച്ചമോ ഓഡിയോ മുന്നറിയിപ്പോ പ്രത്യക്ഷപ്പെടുമ്പോൾ സെക്കന്‍റുകള്‍ക്കകം നടപടി സ്വീകരിക്കുകയാണെങ്കിൽ ഏത് തരത്തിലുള്ള അപകടവും ഒഴിവാക്കാൻ സാധിക്കും. എന്നാൽ വിമാനം അപകടത്തിൽ പെടുകയാണെന്ന് അറിഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാന്‍ വൈകിയെന്നും, വിമാനം പ്രവർത്തിപ്പിക്കുന്നതിലുള്ള ജീവനക്കാരുടെ പരിചയക്കുറവാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
അനുയോജ്യമായ കാലാവസ്ഥയായിട്ടും അപകടത്തിന് പിന്നിൽ ഗൂഢാലോചനയാണെന്ന് ആരോപിച്ച് കോൺഗ്രസ് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് വ്യോമയാനമന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു. ഇതേത്തുടര്‍ന്നാണ് ഡിജിസിഎ അന്വേഷണ സമിതി രൂപവത്കരിച്ചതും അന്വേഷണം നടത്തിയതും..
Post Your Comments