ജാക്കർത്ത: 36 വർഷത്തെ ഇടവേളക്ക് ശേഷം രാജ്യത്തിന് സ്വർണം നേടി കൊടുക്കാൻ ഇന്ത്യൻ വനിതാ ഹോക്കി ടീം ഇന്ന് ജപ്പാനെ നേരിടും. 1982 ലെ ഗെയിംസിൽ ആണ് ഇന്ത്യൻ വനിതാ ഹോക്കി ടീം അവസാനമായി സ്വർണ മെഡൽ നേടുന്നത്. വനിതാ ഹോക്കി ആദ്യമായി ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തിയ വർഷമാണ് 1982. പിന്നീട് ടീം ഫൈനലിൽ എത്തുന്നത് 1998 ലാണ്. അന്ന് 2-1 നു അവർ സൗത്ത് കൊറിയയോട് തോറ്റിരുന്നു. 2006 ലും 2014 ലും ഇന്ത്യക്ക് വെങ്കലം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.
ഈ ടൂർണമെന്റിൽ പരാജയം അറിയാതെയാണ് ടീം ഫൈനൽ വരെ എത്തിയത്. ഇത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നു. ഇന്തോനേഷ്യയെ 8-0, കസാഖിസ്ഥാൻ 21-0, സൗത്ത് കൊറിയ 4-1, തായ്ലൻഡ് 5-0 എന്നിങ്ങനെയാണ് ഇന്ത്യയുടെ വമ്പൻ വിജയങ്ങൾ. ചൈനയോട് മാത്രമാണ് ഇന്ത്യ അല്പമെങ്കിലും ബുദ്ധിമുട്ടിയത്. 1-0 തിനാണ് ചൈനയെ ഇന്ത്യ സെമിയിൽ പരാജയപ്പെടുത്തിയത്.
ഇന്ത്യ ഇതുവരെ 39 ഗോളുകൾ ആണ് ഈ ടൂർണമെന്റിൽ നേടിയത്. ജപ്പാനെതിരായ ഫൈനൽ തീർച്ചയായും വെല്ലുവിളി നിറഞ്ഞത് ആണെന്ന് ക്യാപ്റ്റൻ റാണി പറഞ്ഞു. പക്ഷെ ഞങ്ങൾ ഞങ്ങളുടെ പരമാവധി കഴിവ് പുറത്തെടുക്കുമെന്നും അവർ വ്യക്തമാക്കി. ടീം ഇവിടെ എത്തിയത് ഒറ്റ കാര്യത്തിനാണ്. 2020 ടോക്കിയോ ഒളിംപിക്സിൽ യോഗ്യത നേടുക എന്ന ഒറ്റ കാര്യത്തിന്, അവർ കൂട്ടിച്ചേർത്തു.
Post Your Comments