ദോഹ : മധ്യവേനലവധിയ്ക്ക് നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് മടക്ക യാത്ര ദുഷ്‌ക്കരമാകുന്നു. ഓണവും പെരുന്നാളും ബന്ധുക്കളോടൊപ്പം കൂടാനായി നാട്ടില്‍ എത്തിയവരാണ് പറഞ്ഞ സമയത്ത് മടങ്ങാനാകാതെ വിഷമിക്കുന്നത്. മധ്യവേനലധി കഴിഞ്ഞ് ഗള്‍ഫ് നാടുകളിലെ സ്‌കൂളുകള്‍ സെപ്റ്റംബര്‍ ആദ്യവാരത്തില്‍ തുറക്കുകയും ചെയ്യും. ഇതിനിടയില്‍ പ്രതീക്ഷിയ്ക്കാതെ വന്ന പ്രളയ ദുരന്തവും, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടതുമെല്ലാം പ്രവാസികള്‍ക്ക് യാത്രാ ക്ലേശം വര്‍ധിപ്പിച്ചു. ഇതിനെല്ലാം പുറമെ വിമാന കമ്പനികുടെ ചൂഷണം കൂടിയായപ്പോള്‍ പ്രവാസികളുടെ യാത്ര താളം തെറ്റുകയായിരുന്നു.
ഇതെല്ലാം ചൂഷണം ചെയ്ത് കോടികള്‍ കൊയ്യുന്നത് വിമാനക്കമ്പനികളാണ്. പ്രളയ ദുരിതം പിന്നിട്ടു കേരളത്തില്‍ നിന്നുള്ള മടക്കയാത്രയ്ക്കു പ്രവാസികള്‍ നല്‍കേണ്ടി വരുന്നത് സാധാരണ നിരക്കിനേക്കാള്‍ നാലു മടങ്ങിലധികം തുകയാണ്. കൊച്ചിയില്‍ നിന്നു ദോഹയിലേക്കു സാധാരണ സമയങ്ങളില്‍ 10,000 രൂപയ്ക്കു താഴെ ടിക്കറ്റ് കിട്ടുമെങ്കില്‍ സെപ്റ്റംബര്‍ ആദ്യത്തില്‍ 40,000 രൂപയ്ക്കു മുകളിലാണു നിരക്ക്. സെപ്റ്റംബര്‍ ഒന്‍പതിനാണു ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കുന്നത്. അതുകൊണ്ടു തന്നെ വേനലവധിക്കു ശേഷം ഓഗസ്റ്റ് അവസാനവും, സെപ്റ്റംബര്‍ ആദ്യവുമാണു പ്രവാസി മലയാളികള്‍ തിരികെയെത്തുന്നത്. പ്രളയം ബാധിച്ചതോടെ നെടുമ്പാശേരി വിമാനത്താവളം 29 വരെ അടച്ചിട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ക്കു ശേഷം വിമാനത്താവളം 29ന് ഉച്ചയ്ക്കു രണ്ടിനു തുറക്കുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്.
read also : ടിക്കറ്റ് നിരക്ക് കൂട്ടരുതെന്നും പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വിമാനകമ്പനികളോട് ഡിജിസിഎ
എന്നാല്‍ 29 മുതല്‍ നാലു ദിവസത്തേക്കു കൊച്ചി- ദോഹ വിമാന ടിക്കറ്റുകളെല്ലാം നേരത്തേ വിറ്റു തീര്‍ന്നു. ചില വിമാനങ്ങളില്‍ ടിക്കറ്റുണ്ടെങ്കിലും നിരക്ക് പിടിച്ചാല്‍ കിട്ടില്ല. 30ന് 45,929 രൂപയാണു നിരക്ക്. 31ന് ഇക്കോണമി ടിക്കറ്റില്ല. പ്രീമിയര്‍ വിഭാഗത്തില്‍ ടിക്കറ്റെടുക്കണമെങ്കില്‍ 77,435 രൂപ നല്‍കണം. സെപ്റ്റംബര്‍ 1, 2 ദിവസങ്ങളിലെല്ലാം നിരക്ക് 40,000 രൂപയ്ക്കു മുകളിലാണ്.സെപ്റ്റംബര്‍ മൂന്നു മുതലാണു നിരക്കില്‍ നേരിയ കുറവുള്ളത്. മൂന്നു മുതല്‍ 30,000 രൂപയ്ക്കു താഴെ ടിക്കറ്റുകള്‍ കിട്ടും. ഇത് ഇപ്പോഴുള്ള ടിക്കറ്റ് നിരക്കാണ്. നെടുമ്പാശേരി വിമാനത്താവളം തുറന്നാല്‍ കൂടുതല്‍ ആളുകള്‍ യാത്രയ്ക്ക് ഒരുങ്ങാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ടിക്കറ്റ് നിരക്ക് ഇനിയും വര്‍ധിക്കാനാണു സാധ്യത.
Post Your Comments