Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

പോലീസിന്റേത് അഭിമാനാര്‍ഹമായ പ്രവര്‍ത്തനം, പുനരധിവാസത്തിലും പോലീസിന് മുഖ്യപങ്കെന്ന് മുഖ്യമന്ത്രി

പ്രളയബാധിത പ്രദേശങ്ങളില്‍ പൊതുചുമതല കളക്ടര്‍മാര്‍ക്കായിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പോലീസിനായിരുന്നു

പ്രളയം നേരിടുന്നതില്‍ പോലീസ് കാണിച്ച ശുഷ്‌കാന്തിയും സേവനസന്നദ്ധതയും അങ്ങേയറ്റം പ്രശംസനീയവും അഭിമാനകരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി മുതല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വരെയുളളവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read also: പ്രളയക്കെടുതി : ദുരിതമനുഭവിക്കുന്നവര്‍ക്ക് ആദ്യ സഹായമായ 10,000 രൂപ ഉടന്‍ കൈമാറണമെന്ന് മുഖ്യമന്ത്രി

പോലീസും ഫയര്‍ഫോഴ്‌സും, എക്‌സൈസ് വകുപ്പും പ്രത്യേക രീതിയില്‍ ജയില്‍ വകുപ്പുമെല്ലാം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. സൈനിക വിഭാഗങ്ങളുടെ പങ്കിനെപ്പോലെ ഉയര്‍ന്ന് നില്‍ക്കുന്നതാണ് പോലീസിന്റെ രക്ഷാദൗത്യം. പ്രളയബാധിത പ്രദേശങ്ങളില്‍ പൊതുചുമതല കളക്ടര്‍മാര്‍ക്കായിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പോലീസിനായിരുന്നു. ആ ചുമതല മികച്ച രീതിയില്‍ നിര്‍വ്വഹിക്കാന്‍ പോലീസിന് കഴിഞ്ഞു. കമ്മ്യൂണിക്കേഷന്‍ ശൃംഖലകള്‍ തകരാറിലായപ്പോള്‍ വാര്‍ത്താവിനിമയം പുനഃസ്ഥാപിച്ചത് പോലീസിന്റെ സംവിധാനങ്ങള്‍ വഴിയാണ്. അവലോകന യോഗങ്ങളില്‍ കൃത്യമായ വിവരം നല്‍കാന്‍ ഇന്റലിജന്‍സിനായത് പ്ലാനിങ്ങിന് ഏറെ സഹായിച്ചു. കോസ്റ്റല്‍ പോലീസുള്‍പ്പെടെ പോലീസിന്റെ എല്ലാ വിഭാഗങ്ങളും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതിനും ദുരിതാശ്വാസക്യാമ്പുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ നോക്കുന്നതിനും പോലീസിന് കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടുക മാത്രമല്ല മത്സ്യത്തൊഴിലാളികളെ എത്തിക്കുന്നതിലും പോലീസ് വലിയ പങ്കാണ് വഹിച്ചത്.

ഇത് പോലീസിനെക്കുറിച്ചുള്ള ധാരണയിലും വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. പൂര്‍ണമായും ജനമൈത്രി പോലീസ് എന്ന ധാരണ ജനങ്ങളിലുണ്ടാക്കാന്‍ ഈ പ്രവര്‍ത്തനം വഴിയൊരുക്കി. ഇത് പോലീസിന്റെ അന്തസ്സുയര്‍ത്തിയിരിക്കുന്നു. പുനരധിവാസത്തിലും ശുചീകരണത്തിലും ഈ പങ്ക് തുടരണം. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വലിയ സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. എല്ലാവരുടേയും കൂട്ടായ്മയിലൂടെ പുതിയ കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതില്‍ വലിയ പങ്ക് വഹിക്കാനുള്ള വിഭാഗമാണ് കേരള പോലീസ് . അത് തിരിച്ചറിഞ്ഞുകൊണ്ട് പോലീസ് സംവിധാനത്തെ ആകെ സജ്ജമാക്കാനും കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് എത്തിക്കാനും കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തവേളകള്‍ കൈകാര്യം ചെയ്യാനുള്ള വിഭവങ്ങള്‍, സാധന സാമഗ്രികള്‍ തുടങ്ങി പലതരം പരിമിതികള്‍ പരിഹരിക്കാനുള്ള ശ്രമം ഉണ്ടാവണം. ദുരിതാശ്വാസത്തിന് അനധികൃതമായ ഫണ്ട് പിരിവിനോടുള്ള കാര്യങ്ങള്‍ പോലീസ് കര്‍ശനമായി തടയണം. 29 ന് സ്‌കൂളുകള്‍ തുറക്കുന്നത് സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്കി. പ്രളയത്തിന്റെ ഭാഗമായി അടിഞ്ഞുകൂടിയ പാഴ്‌വസ്തുക്കള്‍ ജലാശയങ്ങളിലേയ്ക്കും നദികളിലേയ്ക്കും വലിച്ചെറിയുന്നത് കര്‍ശനമായി തടയണമെന്ന് ചീഫ് സെക്രട്ടറി ടോംജോസ് നിര്‍ദ്ദേശം നല്‍കി. ആമുഖമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ശ്രീവാസ്തവ, പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button