പ്രളയം പിന്‍വാങ്ങുമ്പോള്‍ കേരള സമൂഹം പശ്ചാത്താപത്തോടെ ഓര്‍ക്കേണ്ട ഒരു രാഷ്ട്രീയ നേതാവുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കര്‍. തൃക്കാക്കര എംഎല്‍എയായ പി ടി തോമസാണ് ആ നേതാവെന്നും അഡ്വ ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ: പ്രളയം പിൻവാങ്ങുമ്പോൾ കേരളീയ പൊതുസമൂഹം പശ്ചാത്തപത്തോടെ ഓർമിക്കേണ്ട ഒരു രാഷ്ട്രീയ നേതാവുണ്ട്- പിടി തോമസ്.
അഞ്ചു വർഷം മുമ്പ് ഗാഡ്ഗിൽ റിപ്പോർട്ട് വിവാദ വിഷയമായിരുന്ന കാലത്ത്, പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി നിലകൊണ്ടയാളാണ് തോമസ്. അന്ന് പാതിരിമാരും പാറമടക്കാരും ചേർന്ന് അദ്ദേഹത്തെ കുരിശിൽ തറച്ചു. കോഴികൂവും മുമ്പ് സ്വന്തം പാർട്ടി തളളിപ്പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു. എന്നിട്ടും തോമസ് തൻ്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നു. മാർ ആനിക്കുഴിക്കാട്ടിലിൻ്റെ കാലുപിടിക്കാൻ പോയില്ല.
ഇടുക്കി, താമരശ്ശേരി, മാനന്തവാടി രൂപതകളുടെ പരിധിയിൽ തുടരെത്തുടരെ ഉരുൾപൊട്ടലും മലയിടിയലുമുണ്ടായി ആൾനാശവും കൃഷിനാശവും ആവർത്തിക്കുമ്പോൾ, പാതിരിമാർക്കും മനസിലാകുന്നുണ്ട് ഗാഡ്ഗിൽ റിപ്പോർട്ടിൻെറ പ്രസക്തി. ദുരഭിമാനം നിമിത്തം അത് ഏറ്റുപറയുന്നില്ല എന്നു മാത്രം.
കെപിസിസിയും കെസിബിസിയും മനസുകൊണ്ടെങ്കിലും ഈ മനുഷ്യപുത്രനോട് മാപ്പു പറയണം.
എൻ്റെ പിഴ, എൻ്റെ പിഴ, എൻ്റെ വലിയ പിഴ.
Post Your Comments