ഒരു ആയുസ് കൊണ്ട് പണിതുയര്‍ത്തിയ വീടും സ്വരുക്കൂട്ടിയ മുതലും നഷ്ടപ്പെട്ട് വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ ഒരു കുടക്കീഴില്‍ എത്തിയ കാഴ്ചയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കണ്ടത്. ജീവന്‍ തിരിച്ചുപിടിച്ചു മറ്റെല്ലാം വിട്ട് വീടുവിട്ടിറങ്ങിയ ഇവര്‍ക്കായി സുമനസുകള്‍ കൈകോര്‍ത്തു. ഇവര്‍ക്കായി അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിന് മലയാളക്കര ഒന്നിച്ചു നിന്നു. മറ്റു പിരിവുകളില്‍ നിന്നും വ്യത്യസ്തമായി ദുരിതാശ്വാസ പിരിവുകള്‍ക്ക് ജനം കൈയയച്ച് സഹായിച്ചു. ദുരന്തമുഖത്തും നിന്നും രക്ഷപ്പെട്ടവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന വിധം സഹായം നല്‍കാന്‍ മിക്കവരും സന്നദ്ധരായി.
എന്നാല്‍ പിച്ച ചട്ടിയിലും കൈയിട്ടു വാരുന്ന ചിലരുണ്ട് എന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മലയാളികളെ സഹായിക്കാന്‍ മറ്റ് സംസ്ഥാനങ്ങളും മുന്നോട്ടു വന്നിരുന്നു. ദേശീയ- അന്തര്‍ദേശീയ തലത്തില്‍ നിന്നും കേരളക്കരയില്‍ എത്തിയ സഹായങ്ങള്‍ ചെറുതല്ല. ഇപ്പോഴും അത് എത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നും പ്രളയബാധിതര്‍ക്ക് നല്‍കാന്‍ സാധനങ്ങളുമായെത്തിയ ലോറി നാട്ടുകാര്‍ക്ക് തടയേണ്ടി വന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ നിരവധി സാധനങ്ങള്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ.യുടെ നേതൃതത്തില്‍ സിപിഎം പാര്‍ട്ടി ഓഫീസിലെത്തിച്ച് ഓരോ എസ്റ്റേറ്റിലുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാത്രം വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നാട്ടുകാര്‍ക്ക് ലോറി തടയേണ്ടി വന്നത്.
Also Read: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ അടിച്ചു മാറ്റുന്നവർ ജാഗ്രത: നടപടിയുമായി മുഖ്യമന്ത്രി
അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവൃത്തിച്ചത്. ഒരുതരത്തിലും ന്യായീകരണം അര്‍ഹിക്കുന്നതല്ല ഈ പ്രവൃത്തി. പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നതിലും താഴ്ന്ന രീതിയിലാണ് ഈ നികൃഷ്ട പ്രവൃത്തിയെ കാണേണ്ടത്. ദുരന്ത മുഖത്ത് എല്ലാം നഷ്ടപ്പെട്ട് ഇരിക്കുന്നവര്‍ക്ക് അവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനു പകരം അവര്‍ക്കായി ലഭിച്ച സാധനങ്ങള്‍ കടത്തിക്കൊണ്ടു പോവുക. എത്ര നീചമാണിത്. പൊതുവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിക്കുന്ന പണം മുഴുവനായി ലക്ഷ്യ സ്ഥാനത്തിലേക്ക് എത്തുന്നില്ലെന്നൊരു ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകളും പുറത്തു വരുന്നത്.
ഇതോടൊപ്പം തന്നെ പിരിവ് കൊടുക്കാത്തതിന്റെ പേരില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെയും ഡിവൈഎഫ്‌ഐ നേതാവിന്റേയും നേതൃത്വത്തില്‍ ടൂറിസ്റ്റ് കേന്ദ്രത്തിലെ റിസോര്‍ട്ട് അടിച്ചു തകര്‍ത്തുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഒന്‍പത് ലക്ഷം രൂപയോളം നഷ്ടം ഉടമയ്ക്ക് ഉണ്ടായി. ഡിവൈഎഫ്‌ഐയാണ് ഇതിനുപിന്നിലെന്നാണ് പുറത്തു വന്ന വിവരം. കൊടിയും പിടിച്ച് പ്രകടനമായാണ് 15 അംഗ സംഘം തൊമ്മന്‍കുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിന് സമൂപമുള്ള സ്വകാര്യ റിസോര്‍ട്ടിലേക്ക് പാഞ്ഞെത്തിയത്. സംഘം റെസ്റ്റോറന്റും മുറികളുമെല്ലാം അടിച്ചു തകര്‍ക്കുകയായിരുന്നു. സിപിഎം- ഡിവൈഎഫ്‌ഐ സംഘം പാഞ്ഞടുക്കുന്നത് കണ്ട് റിസോര്‍ട്ട് ഉടമയും ജീവനക്കാരും ഓടി രക്ഷപ്പെടുകയായിരുന്നു.
സാക്ഷര കേരളത്തിലാണ് ന്യായീകരിക്കാനാവാത്ത ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ നടക്കുന്നത്. പിച്ച ചട്ടിയില്‍ കൈയിട്ടു വാരുന്നവരെ സംരക്ഷിക്കുന്ന ബ്യൂറോക്രാറ്റുകളാണ് ഇന്നുള്ളത്. സാധാരണക്കാരന്‍ വെറും നോക്കുകുത്തികളാവുന്ന കാഴ്ചയും.
Also Read : പിരിവു കൊടുക്കാത്തതിന് സി.പി.എം പ്രവര്‍ത്തകര്‍ റിസോര്‍ട്ട് അടിച്ച് തകര്‍ത്തെന്ന് ആരോപണം
ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചവ കൃത്യമായ രീതിയില്‍ ദുരിതബാധിതര്‍ക്കടുത്തേക്ക് എത്തുന്നില്ലെന്ന ആശങ്ക തുടര്‍ന്നങ്ങോട്ടുള്ള സംഭവാനകളെ ബാധിക്കുക തന്നെ ചെയ്യും. ഭരിക്കുന്ന പാര്‍ട്ടിയുടെ തന്നെ നേതാക്കള്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ അതിനെ എന്തു പേരിട്ട് വിളിക്കും. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികളല്ലാതെ മറ്റുവഴികളില്ല.
Post Your Comments