തിരുവനന്തപുരം: പ്രളയത്തിനിടെ ഇന്‍സുലിന്‍ വാങ്ങാനിറങ്ങി ഹെലികോപ്ടറില്‍ കയറി തിരുവനന്തപുരത്ത് ഇറങ്ങിയ ജോബി ജോയിയുടെ കഥ സോഷ്യല്‍മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. എന്നാല്‍ ജോബിയെ തിരുവനന്തപുരത്ത് എത്തിക്കാന്‍ പറന്ന സമയം കൊണ്ട് വ്യോമസേനയ്ക്ക് ഇന്ധനഷ്ടവും ദുരന്തമേഖലയില്‍ നിന്നും ഒരു അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്താനുള്ള അവസരവും നഷ്ടപ്പെട്ടെന്നുള്ള വിവരം പുറത്തു വന്നതോടെ ഇയാള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവത്തില്‍ ഇത്രയും ദിവസം മൗനം പാലിച്ച വ്യോമസേനാ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ ജോബി ജോയി നിരപരാധി ചമയാന്‍ ശ്രമിച്ചതോടെ ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്.
സേനയുടെ രക്ഷാ ദൗത്യത്തിന് സാരമായ ബുദ്ധിമുട്ട് ഉണ്ടാക്കിയ ജോബിയ്ക്കെതിരെ ഒരു നിയമ നടപടിയും സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാരിന്‍റെ ദുരിതാശ്വാസക്യാംപിലേക്ക് അയക്കുകയാണ് വ്യോമസേന ചെയ്തതെന്ന് സേനയുടെ തിരുവനന്തപുരം മേഖല പിആര്‍ഒ ധന്യാ സനല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു. തനിക്കൊരു അബദ്ധം പിണഞ്ഞതാണെന്നും താഴ്ന്നു പറന്നു വന്ന ഹെലികോപ്ടറിലെ ഉദ്യോഗസ്ഥര്‍ കയറുന്നോ എന്നു ചോദിച്ചപ്പോള്‍ താന്‍ കയറി പോരുകയാണ് ഉണ്ടായതെന്നുമാണ് പിന്നീട് ചില മാധ്യമങ്ങളിലും ഫേസ്ബുക്ക് ലൈവിലും പ്രത്യക്ഷപ്പെട്ടു കൊണ്ട് ജോബി വിശദീകരിച്ചത്. എന്നാല്‍ താഴ്ന്നു പറന്ന ഹെലികോപ്ടറിനെ വിളിച്ചു വരുത്തി അതില്‍ കയറുകയായിരുന്നു ജോബിയെന്ന് ധന്യ പറയുന്നു.
തിരുവന്തപുരത്തേക്കാണ് ഹെലികോപ്ടര്‍ പറക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ തന്നെ തിരികെ ഇറക്കണമെന്ന് ജോബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തിരിച്ചു നാട്ടിലെത്തിയ ജോബി താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന രീതിയിലുള്ള പ്രചരണമാണ് വാര്‍ത്തമാധ്യമങ്ങളിലൂടേയും നവമാധ്യമങ്ങളിലൂടേയും നടത്തിയത്. ജോബി ജോയ് എന്താണ് ചെയ്തത് എന്നതിന് ഹെലികോപ്ടറിലുണ്ടായിരുന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ മാത്രമല്ല രക്ഷാപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകരും സാക്ഷികളാണെന്ന് ധന്യ പറയുന്നു. അവരിലൂടെയാണ് ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്. പോസ്റ്റ് കാണാം;
Post Your Comments