KeralaNews

‘ഭവനരഹിതരായ ആളുകളുടെ കൂട്ടത്തിലും മരണപ്പെട്ടവരുടെ പട്ടികയിലും എന്റെ പേരില്ല’- ഒരച്ഛന്റെ വികാരനിര്‍ഭരമായ പോസ്റ്റ്

മൂന്ന് വര്‍ഷമായി തന്റെ മകന്‍ വിളിച്ചിട്ടെന്ന് തങ്കച്ചന്‍

തിരുവനന്തപുരം: ഭവനരഹിതരായ ആളുകളുടെ കൂട്ടത്തിലും മരണപ്പെട്ടവരുടെ പട്ടികയിലും എന്റെ പേരില്ല, ഒരച്ഛന്റെ വികാരനിര്‍ഭരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. കേരളം പ്രളയക്കെടുതിയില്‍ പെട്ടപ്പോള്‍ സ്വന്തമെന്നോ അന്യമെന്നോ ഭേദമില്ലാതെ എല്ലാവരേയും രക്ഷപ്പെടുത്തുന്ന ഒരു കാഴ്ചയാണ് മലയാളികള്‍ കണ്ടത്. പ്രിയപ്പെട്ടവര്‍ സുരക്ഷിതമാണെന്ന് ഫോണ്‍ വിളിച്ചും നേരില്‍ കണ്ടും മിക്കവരും ഉറപ്പു വരുത്തി. എന്നാല്‍ സ്വന്തം മക്കള്‍ തന്നെയൊന്ന് വിളിക്കാത്തതിന്റെ വേദന മറച്ചുവെച്ച് മകന് പിറന്നാള്‍ ആശംസ നേര്‍ന്ന തങ്കച്ചന്‍ ക്ലീറ്റസ് എന്നയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ണുകളെ ഈറനണിയിക്കുന്നു.

READ ALSO: പ്രളയം വന്നതെങ്ങനെയാണെങ്കിലും നേരിട്ടതില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വം പ്രശംസ അര്‍ഹിക്കുന്നു

‘എന്റെ പൊന്നു മോന് ജന്മദിനാശംസകള്‍. അച്ഛന്‍ വീട്ടില്‍ തന്നെ ഉണ്ട്. ഭവനരഹിതരായ ആളുകളുടെ കൂട്ടത്തിലും മരണപ്പെട്ടവരുടെ പട്ടികയിലും എന്റെ പേരില്ല. ലണ്ടനില്‍ നിന്നും എന്റെ രണ്ട് മക്കളുടെയും ഒരു ഫോണ്‍ കോളിന് ഞാന്‍ ഒത്തിരി ആഗ്രഹിച്ചു. നിങ്ങള്‍ക്ക് സര്‍വഐശ്വര്യങ്ങളും നേരുന്നു. ജന്മദിനാശംസകള്‍’ ഇതായിരുന്നു തങ്കച്ചന്റെ പോസ്റ്റ്.

https://www.facebook.com/photo.php?fbid=520741128370050&set=a.125902654520568&type=3

പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ മുരളി തങ്കച്ചനെ നേരിട്ട് വിളിച്ച് അറിഞ്ഞ വിവരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷമായി തന്റെ മകന്‍ വിളിച്ചിട്ടെന്ന് തങ്കച്ചന്‍ പറയുന്നു. ‘എന്നെ വിളിക്കണ്ട, എനിക്കൊരു സുഖമില്ലാത്ത പെങ്ങളുണ്ട് അവള്‍ടെ തോളീ കിടന്നാ മോനും മോളും വളര്‍ന്നത്, അവള്‍ ജീവനോടെ ഉണ്ടോന്നറിയാനെങ്കിലും അവര്‍ക്കൊന്ന് വിളിക്കായിരുന്നു. പിള്ളേര്‍ടെ കാശൊന്നും എനിക്ക് വേണ്ടെന്ന് തങ്കച്ചന്‍ വേദനയോടെ പറഞ്ഞുവെന്ന് വിപിന്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

വിപിന്‍ മുരളിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :
തങ്കച്ചന്‍ ചേട്ടനേ വിളിച്ചിരുന്നു. മകനിട്ടൊരു പണി കൊടുക്കാന്‍ എഴുതിയതാണോ ചേട്ടാ എന്നു ചോദിച്ചപ്പോള്‍ ആ മനുഷ്യന്റെ ശബ്ദമിടറി.’അല്ല മോനേ വിഷമം സഹിക്കവയ്യാണ്ട് എഴുതിയതാണ്’. മൂന്നുവര്‍ഷമായത്രേ മകന്‍ വിളിച്ചിട്ട്.മകളുടെ കുഞ്ഞിനെ പണ്ടെപ്പോ ഫോട്ടോയില്‍ കണ്ടതാണ് ഏഷ്യാനെറ്റ് ന്യൂസിലൊക്കെ സിങ്കപ്പൂരീന്ന് മക്കള്‍ വിളിച്ച് അപ്പനെം അമ്മേനെം രക്ഷിക്കണം എന്നൊക്കെ പറയുമ്പോള്‍ തന്റെ മക്കളൊന്ന് തന്നെ വിളിച്ചില്ലല്ലോന്ന് ഓര്‍ത്ത് ആ പാവം കണ്ണു നിറയ്ക്കാറുണ്ടായിരുന്നത്രെ. ‘എന്നെ വിളിക്കണ്ടടാ എനിക്കൊരു സുഖമില്ലാത്ത പെങ്ങളുണ്ട് അവള്‍ടെ തോളീ കിടന്നാ മോനും മോളും വളര്‍ന്നത് ,അവള്‍ ജീവനോടെ ഉണ്ടോന്നറിയാനെങ്കിലും അവര്‍ക്കൊന്ന് വിളിക്കായിരുന്നു.പിള്ളേര്‍ടെ കാശൊന്നും എനിക്ക് വേണ്ടടാ’

ചേട്ടന്‍ സെയ്ഫാണോന്ന് ചോദിച്ചപ്പോള്‍ തങ്കച്ചന്‍ ചേട്ടന്‍ സങ്കടമടക്കി ചിരിച്ചു. പരിചയപ്പെട്ടു. ഇത്രേം ദൂരെന്നൊക്കെ നമ്പര്‍ പൊക്കി വിളിച്ചതിന്റെ അത്ഭുതവും സ്‌നേഹവും ആ മനുഷ്യന്റെ വാക്കുകളിലുണ്ടായിരുന്നു. അത്ര പോലും മകനും മകളും തന്നോട് കാട്ടിയില്ലല്ലോ എന്ന വിഷമവും ആ വാക്കുകളിലുണ്ട്. ആലപ്പുഴയിലെ റെസ്‌ക്യുകളിലും അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചത്രെ. വഴിയരികില്‍ ഒറ്റമൂലിയും പച്ചമരുന്നുമൊക്കെ വിറ്റാണ് ജീവിതം. ജീവന്‍ തിരിച്ചുകിട്ടിയല്ലോ ചേട്ടാ അതില്‍ പരം നമുക്കെന്ത് വേണം.ഹാപ്പിയായിരിക്കെന്ന് പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ അങ്ങേത്തലക്ക്ന്ന് ആ പാവം അച്ഛന്‍ പറഞ്ഞു. ‘ ഇടക്കൊന്ന് വിളിക്കണേ’

shortlink

Related Articles

Post Your Comments

Related Articles


Back to top button