CinemaLatest News

കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചത് മാസങ്ങള്‍ക്ക് മുന്‍പ് ‘സമത്വ’മെന്ന ഹ്രസ്വ ചിത്രമായി രൂപം കൊണ്ടപ്പോള്‍

കേരളം ഇപ്പോള്‍ ദൃക്സാക്ഷിയായ പേമാരിയിലും പ്രളയത്തിലും സർവ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മനുഷ്യരുടെ കഥ ആറുമാസം മുന്‍പേ ചിത്രീകരിച്ച ഒരു ഹ്രസ്വചിത്രം!. അതാണ് മൈ ബോസ് അടക്കം നിരവധി സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച പ്രശസ്ത ഛായാഗ്രാഹകനായ അനിൽ നായർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘സമത്വം’എന്ന ചിത്രം. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ചിത്രം ചതയം ദിനത്തില്‍ രാവിലെ 11 ന് ഈസ്റ്റ്‌ കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മുന്നിലെത്തും.

ഒരു പ്രളയാനന്തര ദുരിതാശ്വാസ ക്യാമ്പിന്റെ നേർക്കാഴ്ചയും, ഒരു ദുരന്തം മനുഷ്യമനസ്സുകളിലുണ്ടാക്കുന്ന പരിവർത്തനത്തിന്റെ നേർ ചിത്രവുമാണ് ‘സമത്വ’ത്തിലൂടെ ദൃശ്യവത്കരിക്കുന്നതെന്ന് സംവിധായകന്‍ അനില്‍ നായര്‍ പറഞ്ഞു.

‘ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം വളരെ അവിചാരിതമായാണ് മനസ്സിലേക്കെത്തുന്നത്. മിഴി തുറക്കൂ എന്ന സിനിമയുടെ പ്രൊഡ്യൂസറും തന്റെ സുഹ്യത്തുമായ റെജി തമ്പിയാണ് അതിനുള്ള ഒരു അവസരം തന്നതെന്നും അനില്‍ നായര്‍ പറഞ്ഞു.

2

കഴിഞ്ഞ 6 മാസങ്ങൾക്കു മുമ്പ് , കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ഫെബ്രുവരി 18-ന് താന്‍ ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിമിന്റെ അതേ ദൃശ്യങ്ങളാണ് ഇപ്പോൾ കേരളം സാക്ഷിയാകുന്നുവെന്നത് തികച്ചും യാദൃശ്ചികമാണെന്നും അനില്‍ നായര്‍ പറഞ്ഞു.

‘ചിത്രത്തിന്റെ ഫൈനല്‍ എഡിറ്റ്‌ കഴിഞ്ഞപ്പോള്‍ ഈ ചിത്രം ഉൾക്കൊള്ളുന്ന സന്ദേശം അടിവരയിട്ടു പറയുവാൻ ഒരു പവര്‍ഫുള്‍ വോയ്സ് വേണമെന്ന് തോന്നി. അങ്ങനെയാണ് മോഹന്‍ലാലിലേക്ക് എത്തിയത്’ അനില്‍ നായര്‍ തികഞ്ഞ ആത്മസംതൃപ്തിയോടെ പറഞ്ഞു.

മോഹന്‍ലാലാലിനെ കാണാന്‍ താനും നിര്‍മ്മാതാവ് റെജി തമ്പിയും കൂടി ലൂസിഫറിന്റെ ലൊക്കേഷനില്‍ എത്തിയപ്പോള്‍, ക്രിസ്ത്യൻ ബ്രെദേഴ്സ് എന്ന ജോഷി സർ ചിത്രത്തിൽ താന്‍ അടുത്തറിഞ്ഞ ലാൽ സാറിനെക്കാളും എത്രയോ മടങ്ങ്‌ എനർജിയിലാണ് അദ്ദേഹം ഇപ്പോഴും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അനില്‍ നായര്‍ പറയുന്നു.

with cam

‘തന്റെ വ്യക്തിതാല്പര്യങ്ങൾക്ക് അതീതമായി ആരെയും വേദനിപ്പിക്കാതെ എല്ലായിടത്തും ഓടിയെത്തി പൂർണ്ണതയ്ക്കു വേണ്ടി ശ്രമിക്കുന്ന, തന്റെ പ്രോജക്ടിനോടുള്ള അതിരു കടന്ന ആത്മാർത്ഥതയും, കഠിന പ്രയത്നവും അർപ്പിക്കുന്ന ഒരു ലാൽ സാറിനെയാണ് എനിക്കവിടെ കാണാൻ കഴിഞ്ഞത്’ – അനില്‍ നായര്‍ പറഞ്ഞു.

പറഞ്ഞറിയിക്കുവാൻ കഴിയാത്ത അദ്ദേഹത്തിനോടുള്ള ആരാധന ഇനി എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കുവാൻ തന്നെ പര്യാപ്തനാക്കി. കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തി തന്റെ ചിത്രം കാണുകയും അഭിനന്ദിയ്ക്കുകയും ശബ്ദം നല്‍കി അനുഗ്രഹിക്കുകയും ചെയ്തതായി അനില്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

സംവിധാനത്തിന് പുറമെ എഡിറ്റിംഗ്, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നതും അനിൽ നായർ തന്നെയാണ്. തിരക്കഥയൊരുക്കുന്നത് ഹരീഷ് നായർ ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് വിഷ്ണു ടിഎസ്, കലാസംവിധാനം സുജിത് രാഘവ്, കാസ്റ്റിംഗ് ഡയറക്ടർ: പ്രിയ അനിൽ നായർ, വിഷൽ എഫക്സ് വിഭാഗം കൈകാര്യം ചെയ്യുന്നത് മഹേഷ് കേശവും എഫക്സ് കണ്ണനും നിർവഹിക്കുന്നു. കളറിംഗ് സുജിത് സദാശിവൻ, ചമയം പ്രദീപ് രംഗൻ, നിർമ്മാണ നിർവ്വഹണം വർഗ്ഗീസ് ആലപ്പാട്ട്, ശിവൻ പൂജപ്പുര, സൗണ്ട് മിക്സിംഗ് ഹാപ്പി ജോസ്, കവിത ദിലീപ് തിരുവട്ടാർ എന്നിവരും നിർവഹിക്കുന്നു. വിൻ വാ സ്റ്റുഡിയോയിൽ ആണ് ഡബ്ബിങ് വർക്കുകൾ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button