മജീദിക്കയുടെ മകൾ മഞ്ജുവിന്റെ കല്യാണം നടന്നത് ക്ഷേത്രമുറ്റത്ത് വെച്ച്. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസാണ് ഇത്തരത്തിലൊരു മതസൗഹാർദ്ദത്തിന്റെ കഥ ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുന്നത്. കുന്ദമംഗലത്തിനടുത്തുള്ള പെരിങ്ങളത്തെ മജീദിക്കയും റംലത്തയും പത്താം വയസ്സു മുതലാണ് മഞ്ജുവിനെ എടുത്തുവളർത്തുന്നത്. നല്ല വിദ്യാഭ്യാസം നൽകി. ഒടുവിൽ മികച്ച ജോലിയും മഞ്ജു സ്വന്തമാക്കി. മുസ്ലീം കുടുംബമാണെങ്കിലും മഞ്ജുവിന്റെ മതാചാരപ്രകാരം വിവാഹം നടത്താൻ മജീദിക്ക തീരുമാനിക്കുകയായിരുന്നു. കൂഴക്കോട് നരസിംഹ ക്ഷേത്രത്തിൽ വച്ച് ഹിന്ദുമതാചാരപ്രകാരം ആ വാപ്പ മകളുടെ കൈപിടച്ച് സുബ്രഹ്മണ്യന് നൽകി. മതത്തിന്റെയും ജാതിയുടെയും വേലി പൊളിച്ചെറിയാൻ പലർക്കും പ്രളയം വരേണ്ടി വന്നുവെങ്കിൽ ഇങ്ങിനെയും മനുഷ്യർ ഈ നാട്ടിലുണ്ടെന്നത് വലിയ പ്രതീക്ഷയാണെന്ന് ഫിറോസ് വ്യക്തമാക്കി.
Read also: ഗുജറാത്തിലെ ഈ വിവാഹങ്ങൾ മതസൗഹാർദത്തിന്റെ മാതൃക
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
എന്റെ നാട്ടിൽ നടന്ന ഒരു കല്ല്യാണത്തെ കുറിച്ചാണ് പറയുന്നത്. ഈ പ്രളയക്കെടുതിയിലാണോ കല്ല്യാണത്തെ കുറിച്ച് പറയുന്നത് എന്ന് മുഖം ചുളിക്കാൻ വരട്ടെ. ഈ കല്യാണം വേറെയാണ്. ഇത് മജീദ്ക്ക, മകൾ മഞ്ജുവിനെ കല്യാണം കഴിപ്പിച്ച കഥയാണ്. കഥയല്ല കാര്യം!
കുന്ദമംഗലത്തിനടുത്തുള്ള പെരിങ്ങളത്തെ മജീദ്ക്കയും റംലത്തയും പത്താം വയസ്സു മുതൽ എടുത്തു വളർത്തിയതാണ് മഞ്ജുവിനെ. മകളെപ്പോലെയല്ല മകളായി തന്നെ. മകനും നിയോജക മണ്ഡലം എം.എസ്.എഫ് സെക്രട്ടറിയുമായ ജുനൈദിന് അങ്ങനെ മഞ്ജു സഹോദരിയായി. എം.എൽ.ടി വരെ നല്ല വിദ്യാഭ്യാസവും നൽകി. ഒടുവിൽ ജോലിയും ലഭിച്ചു.
ഇന്ന് മഞ്ജുവിന്റെ വിവാഹമായിരുന്നു. എല്ലാം ഹിന്ദു മത ആചാര പ്രകാരം. കൂഴക്കോട് നരസിംഹ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. വിവാഹം ആഘോഷമാക്കാനായിരുന്നു നാട്ടുകാർ ആഗ്രഹിച്ചിരുന്നതെങ്കിലും പ്രളയക്കെടുതി മൂലം ഉപേക്ഷിച്ചു. എങ്കിലും നാട്ടുകാരും ഞങ്ങൾ കുറച്ചു പേരും സൽക്കാരത്തിൽ പങ്കാളികളായി.
മതത്തിന്റെയും ജാതിയുടെയും വേലി പൊളിച്ചെറിയാൻ പലർക്കും പ്രളയം വരേണ്ടി വന്നുവെങ്കിൽ ഇങ്ങിനെയും മനുഷ്യർ ഈ നാട്ടിലുണ്ടെന്നത് വലിയ പ്രതീക്ഷയാണ്. മജീദ്ക്കയെയും റംലത്തെയും കുടുംബത്തെയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ഒപ്പം മഞ്ജുവിനും വരൻ സുബ്രഹ്മണ്യനും സന്തോഷകരമായ ജീവിതം ആശംസിക്കുന്നു.
Post Your Comments