കൊച്ചി: കേരളത്തിലെ പ്രളയദുരന്തത്തിന് കാരണക്കാരായവര്‍ ഈ മന്ത്രിമാരെന്ന് ആരോപണം. നൂറുകണക്കിന് ജീവനുകളെ അപഹരിച്ച മഹാപ്രളയത്തിന് ഇടയാക്കിയത് വൈദ്യുതി ജലവിഭവ വകുപ്പുകളിലെ ഗുരുതരമായ വീഴ്ചയാണെന്നാണ് പ്രധാനമായും ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ മന്ത്രി എം.എം.മണിക്കും മാത്യു ടി തോമസിനും എതിരെ പ്രതിഷേധം ശക്തമാകുകയാണ്.
കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ അണക്കെട്ടുകളിലെ വെള്ളം ഘട്ടം ഘട്ടമായി ഒഴുക്കി വിട്ട് ജലനിരപ്പ് ക്രമപ്പെടുത്താന്‍ കഴിയാതിരുന്നതാണ് നാളിതുവരെ വെള്ളപ്പൊക്കമുണ്ടാകാത്ത സ്ഥലങ്ങളെ വരെ പ്രളയം ബാധിക്കാന്‍ കാരണമായിരിക്കുന്നത്.
കണക്കു കൂട്ടലുകള്‍ തെറ്റിച്ച് കനത്ത മഴ തുടര്‍ന്നതോടെ ഇടുക്കിയിലെ എല്ലാ ഷട്ടറുകളും തുറന്നു. പിന്നിട് മഴയുടെ ശക്തി കുറഞ്ഞതോടെ ചിലത് എതാനും സെന്റീമീറ്റര്‍ താഴ്ത്തിയതും വലിയ തിരിച്ചടിയായി.
ഈ മാസം ഒന്‍പതിനായിരുന്നു ഇടുക്കിയും ഇടമലയാറും തുറന്നത്. പിന്നീട് മഴ കുറച്ചു കുറഞ്ഞപ്പോള്‍ ഇടുക്കിയുടെ ഷട്ടര്‍ കുറച്ച് താഴ്ത്തി. എന്നാല്‍ പ്രതീക്ഷിക്കാതെ 13 മുതല്‍ മഴ കനത്തതോടെ കാര്യങ്ങളെല്ലാം കൈവിട്ടു പോവുകയായിരുന്നു. കനത്ത മഴയും നീരൊഴുക്കും വര്‍ധിച്ചതോടെ ഇടുക്കിയില്‍ നിന്ന് മാത്രമായി സെക്കന്റില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിവിടേണ്ട അവസ്ഥയുണ്ടായി. എന്നാല്‍ ഈ അവസ്ഥ ഇടുക്കി അണക്കെട്ടില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. മുല്ലപ്പെരിയാറിലെ വെള്ളം കൂടി കൂടിയതോടെ കാര്യങ്ങളെല്ലാം പൂര്‍ണമായും കൈവിട്ടു പോവുകയായിരുന്നു.
ഇതിനിടെ ശബരിഗിരി ഡാം തുറന്നു വിട്ടതാവട്ടെ റെഡ് അലേര്‍ട്ട് പോലും പുറപ്പെടുവിക്കാതെയായിരുന്നു. ശബരിഗിരിയില്‍ മുന്നറിയിപ്പ് നല്കാന് വൈകിയെന്ന് രാജു ഏബ്രഹാം എംഎല്‍എയും പ്രതികരിച്ചു. കെഎസ്ഇബിയുടെയും റവന്യു വകുപ്പിന്റെയും ഭാഗത്ത് വീഴ്ചയുണ്ടായതായി സിപിഎം എംഎല്‍എ വ്യക്തമാക്കി.
കൂടാതെ, തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പര്‍ ഷോളയാര്‍, പറമ്പിക്കുളം ഡാമുകളിലെ ഷട്ടര്‍ തുറക്കുന്ന വിവരവും വൈകിയാണ് കേരളത്തെ അറിയിച്ചത്. ഈ രണ്ട് അണക്കെട്ടുകളിലെയും വെള്ളം വന്നപ്പോള്‍ പെരിങ്ങല്‍ക്കുത്ത്
അണക്കെട്ട് നിറഞ്ഞു. ഇതോടെ ചാലക്കുടി പുഴ കരകവിഞ്ഞ് ഒഴുകാനും തുടങ്ങി.
പമ്പയിലെ ശബരിഗിരി പദ്ധതിയിലെ മൂന്നു ഡാമുകള്‍ മുന്നറിയിപ്പ് കൂടാതെ ഒന്നിച്ച് തുറന്നത് ആറന്മുളയേയും റാന്നിയേയും ചെങ്ങന്നൂരിനെയും ദുരിതക്കയത്തിലാക്കി. വേണ്ടത്ര മുന്നൊരുക്കങ്ങളും മുന്നറിയിപ്പും ഇല്ലാതെയാണ് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. ഇത് വയനാടിനെയും പ്രളയക്കെടുതിയിലാഴ്ത്തി.
Post Your Comments