ആലപ്പുഴ: കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെ രാക്ഷാപ്രവർത്തനത്തിൽ നേരിട്ട് പങ്കാളിയായി ധനമന്ത്രി തോമസ് ഐസക്. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്തിയ അദ്ദേഹം ബോട്ടുജട്ടിയിലും ക്യാമ്പിലുമുള്ളവരെ സുരക്ഷിതമായി ബോട്ടുകളിലും വള്ളങ്ങളിലും എത്തിക്കുന്നതിന് സഹായിക്കുന്നു. ശനിയാഴ്ചയോടെ എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.
കുട്ടനാടിന്റെ ദുരിതത്തിൽ പങ്ക് ചേർന്ന് കേരളത്തിന്റെ ധനമന്ത്രിയും. ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ ആറുമണിയോടെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിലെ കൈനകരിയുൾപ്പടെയുള്ള പ്രദേശങ്ങളിലേക്ക് ഡി.ടി.പി.സിയുടെ സ്പീഡ് ബോട്ടിൽ മന്ത്രി ടി.എം.തോമസ് ഐസക് യാത്രതിരിക്കുകയായിരുന്നു. പ്രതികൂല കാലവസ്ഥയായിരുന്നിട്ട് കൂടി അദ്ദേഹം ഉൾപ്രദേശങ്ങളിൽ സഞ്ചരിച്ച് പരമാവധി ആളുകൾ ഒഴിഞ്ഞ് പോയി സുരക്ഷിത ക്യാമ്പുകളിലേക്ക് നീങ്ങണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു. പല സ്ഥലങ്ങളിലും ബോട്ട് കിട്ടാനായി ജെട്ടിയിൽ ആൾക്കൂട്ടം കണ്ടതിനെത്തുടർന്ന് കൂടുതൽ ബോട്ട് എത്തിക്കാൻ നിർദ്ദേശം നൽകി. കൂടുതൽ ആളെ കൊണ്ടുപോകുന്നതിന് ജങ്കാർ ഏർപ്പാടാക്കി. ചില ബോട്ട് ജെട്ടികളിൽ ആളുകൾ ബോട്ടിൽ കയറുന്നതിന് തിക്കും തിരക്കും ഉണ്ടാക്കിയതിനെത്തുടർന്ന് മന്ത്രി തന്നെ ആൾക്കൂട്ടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ബോട്ടിൽ കയറിയ കോളജുവിദ്യാർഥികളുൾപ്പെടെയുള്ള യുവാക്കളെ വാളണ്ടിയർമാരാക്കി സ്ത്രീകളെയും കുട്ടികളെയും ആദ്യം ജങ്കാറിൽ കയറാൻ നിർദ്ദേശം നൽകി. തുടർന്നാണ് മറ്റുള്ളവരെ ജങ്കാറിൽ കയറ്റിയത്. ആഞ്ഞൂറോളം പേരെ ജങ്കാർ വഴി സുരക്ഷിത ക്യാമ്പിലേക്ക് മന്ത്രി എത്തിച്ചു. കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പ് അവഗണിച്ച് കൈനകരി ഭാഗത്തുതന്നെ ചിലർ നിന്നതാണ് സ്ഥിതി കൂടുതൽ മോശമാക്കിയതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ബോട്ട് ആംബുലൻസ് ആയി രോഗബാധിതനെ ജനറൽ ആശുപത്രിയിലാക്കി
ആലപ്പുഴ: കൈനകരിയിലെ വെള്ളത്തിൽ മുങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് , അഞ്ഞൂറോളം പേരെ ജങ്കാറിൽ കയറ്റിവിട്ടതിന് ശേഷം മടങ്ങവേ മന്ത്രി ടി.എം.തോമസ് ഐസക്കിന്റെ സ്പീട് ബോട്ട് അൽപ്പസമയത്തേക്കെങ്കിലും ജല ആംബുലൻസ് ആയി. മന്ത്രി സ്പീഡ് ബോട്ടിൽ മടങ്ങുമ്പോൾ പ്രായമായ കിടപ്പുരോഗിയെയും കൊണ്ട് ബോട്ടിന് കൈകാണിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ സ്പീഡ് ബോട്ട് അടുപ്പിക്കാൻ നിർദ്ദേശിക്കുകയും പ്രായമായ രോഗിയെയും ബന്ധുക്കളായ രണ്ടുപേരെയും സ്പീഡ് ബോട്ടിൽ കയറ്റുകയും ചെയ്തു. സ്പീഡ് ബോട്ട് മുന്നോട്ട് പോകുന്ന വഴി വീണ്ടും കൈക്കുഞ്ഞുമായി അമ്മ ബോട്ട് കാത്തുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട മന്ത്രി അവർക്കും കൂടി സ്ഥലമുണ്ടാക്കിയാണ് മടങ്ങിയത്. കരയ്ക്ക് എത്തിയ ശേഷം അവരെ ജനറൽ ആശുപത്രിയിൽ ആക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
Post Your Comments