ഇടുക്കി: മുല്ലപ്പെരിയാര്‍, ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്നു. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു. മുല്ലപ്പെരിയാറിന്റെ പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. മുല്ലപ്പെരിയാറില്‍ അതിവേഗം ജലനിരപ്പ് ഉയരുമ്പോള്‍ വെള്ളം തുറന്നുവിടാന്‍ തമിഴ്നാട് വിസമ്മതിക്കുകയാണ്. സുപ്രീംകോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ജലനിരപ്പ് 142 അടിയില്‍ എത്തിക്കാനാണ് തമിഴ്നാട് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
ഇതിനായി അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നുവിടുന്നത് തമിഴ്നാട് നിര്‍ത്തിവച്ചു. തമിഴ്നാട് വെള്ളം ഒഴുക്കിക്കൊണ്ടുപോയിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്ഥിതി അതീവ ഗൗരവകരമായ സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഇത്തരത്തിലുള്ള നടപടി. 141.6 അടിയാണ് നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പിനെയും ബാധിക്കുകയാണ്.
നിലവിൽ 2398.70 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നിരിക്കുകയാണ്. സെക്കന്റിൽ 10 ലക്ഷം ലിറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഇന്ന് പുലര്‍ച്ചെ ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നതോടെയാണ് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ അധികൃതര്‍ ഉയര്‍ത്തിയത്. എന്നാല്‍ വളരെ പെട്ടന്ന് തന്നെ അധികൃതര്‍ ഷട്ടര്‍ താഴ്ത്തുകയും ചെയ്തു.
ഏത് വിധേനയും ജലനിരപ്പ് 142 അടിയില്‍ എത്തിക്കാനാണ് തമിഴ്നാടിന്റെ ശ്രമം.ഇടമലയാർ ഡാമിലെ ജലനിരപ്പും ആശങ്കാജനകമായി കൂടുകയാണ്. 169.21 അടിയാണ് ഇപ്പോൾ ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 169 അടിയാണ്. ജലനിരപ്പ് ഇപ്പോൾ ഇതിനും മുകളിലാണ്. നാലു ഷട്ടറുകളും തുറന്നിട്ടും ജലനിരപ്പ് കുറയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
Post Your Comments