” ഇന്ത്യൻ രൂപയുടെ വില ഇടിയുന്നു” എന്നുള്ള പ്രചാരണം വ്യാപകമായി നടക്കുകയാണ്. ഒരു അമേരിക്കൻ ഡോളർ എന്നത് കഴിഞ്ഞദിവസം 70 രൂപയായിരുന്നു. അത് ഇന്ത്യൻ സമ്പദ്ഘടനയുടെ പരാജയമാണ് എന്നും നരേന്ദ്ര മോഡി സർക്കാറിന്റെ സാമ്പത്തിക നയങ്ങളുടെ പ്രതിഫലമാണ് എന്നുമൊക്കെ പ്രതിപക്ഷ നേതാക്കൾ പറയുന്നതും കേട്ടു. കോൺഗ്രസാണ് അത്തരമൊരു വലിയ വിമർശനം ഉയർത്തിയത്. കോൺഗ്രസുകാർ വിമർശിക്കുമ്പോൾ വാലിൽ തൂങ്ങാതിരിക്കാൻ വയ്യാത്തത് കൊണ്ടാവണം പതിവുപോലെ സീതാറാം യെച്ചൂരിയും രംഗത്ത് വന്നു. ഒരു വസ്തുത ഇവിടെയുണ്ട്; ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിനിമയ വില എഴുപത് രൂപയായി. കയറ്റുമതിക്കാർക്ക് ഇത് ഗുണകരമാണ്; വിദേശ ഇന്ത്യക്കാർക്ക് പണം നാട്ടിലേക്ക് അയക്കാനും നല്ല സമയമാണ്. എന്നാൽ ഇറക്കുമതി ചെയ്യുന്നവർക്ക് പ്രശ്നമാണ് താനും. അതാണ് യഥാർഥത്തിൽ ഡോളർ = രൂപ വിനിമയ നിരക്കിൽ മാറ്റം വരുമ്പോൾ സംഭവിക്കുക. അത് ഇവിടെയും ബാധകമാണ്.
ഇവിടെ നാം വിലയിരുത്തേണ്ട ഒരു പ്രധാന കാര്യം, എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിലയിടിവ് സംഭവിച്ചത് എന്നതാണ്. രണ്ടു കാരണങ്ങൾ കൊണ്ട് അത് സംഭവിക്കാം; ഒന്ന് ഇന്ത്യ സർക്കാരിന്റെ നയങ്ങളുടെ, നടപടികളുടെ ഫലമായിട്ട് . മറ്റൊന്ന് ഡോളറുമായുള്ള വിനിമയ നിരക്ക് മാറുന്നത് ആഗോള സംഭവ വികാസങ്ങൾ കൊണ്ടുമാവാം. ആഗോള സംഭവവികാസങ്ങളാണ് എങ്കിൽ പലപ്പോഴും അത് ഇന്ത്യക്ക് കൈകാര്യം ചെയ്യാനോ നിയന്ത്രിക്കാനോ കഴിയുന്നതവണമെന്നില്ല. ഇപ്പോൾ സംഭവിച്ചത് അതാണ്. വിദേശ സാഹചര്യങ്ങൾ മൂലമാണ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിൽ വ്യത്യാസമുണ്ടായത്. അത് മനസിലാക്കാൻ പ്രതിപക്ഷം ശ്രമിച്ചില്ല. അതിനുമുമ്പേ അവർ മോദിക്കെതിരെ തെരുവിലിറങ്ങി. യഥാർഥത്തിൽ തരംതാണ രാഷ്ട്രീയക്കളിക്ക് അവർ മുതിരുന്നു എന്നർത്ഥം. അത് തങ്ങളുടെ അവകാശമാണ് എന്ന് ഒരുപക്ഷെ അവർ കരുതുന്നുണ്ടാവാം.
മറ്റൊന്ന് ഇത്തരം സന്ദർഭങ്ങളിൽ ഒരു രാജ്യം പ്രതിസന്ധിയിലാവുന്നത്, വിദേശനാണയ ശേഖരം തുലോം കുറവാണ് എങ്കിലാണ്. ഇന്ത്യക്ക് അങ്ങിനെ ഒരു പ്രതിസന്ധി നിലവിലില്ല. ലോകത്ത് തന്നെ ഏറ്റവും സുരക്ഷിതമായ വണ്ണമുള്ള വിദേശനാണ്യ ശേഖരമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്നിപ്പോൾ ഇന്ത്യ. 402. 70 ബില്യൺ യുഎസ് ഡോളറാണ് ഇപ്പോൾ നമ്മുടെ വിദേശനാണ്യ ശേഖരം. അത്രയുമുള്ള രാജ്യങ്ങൾ വളരെ കുറവാണ്. ഒരു കാലത്ത് വിദേശനാണ്യമില്ലാതെ വന്നപ്പോൾ രാജ്യത്തെ സ്വർണശേഖരം കൊണ്ടുപോയി വിദേശത്തു പണയംവെച്ച രാജ്യമാണിത് എന്നതോർക്കുക. കോൺഗ്രസ് പിന്തുണച്ചിരുന്ന സർക്കാരാണ് അത് ചെയ്തത് എന്നതും മറക്കാവതല്ല. ഇത്രയേറെ ശേഖരം ഉള്ളതിനാൽ ലോകത്ത് ഉണ്ടാവുന്ന ഇത്തരം ചലനങ്ങൾ ഇന്ത്യയെ ഒരു തരത്തിലും ബാധിക്കാൻ പോകുന്നില്ല.
ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം തുർക്കിയിലെ സാമ്പത്തിക രംഗത്തുണ്ടായ പ്രശ്നങ്ങളാണ്. അത് ഇന്ത്യൻ കറന്സിയെ മാത്രമല്ല ബാധിച്ചത്; അനവധി രാജ്യങ്ങളിലെ കറൻസികളിൽ ഇപ്പോൾ ഇതുപോലുള്ള പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. അതിൽ ഏറ്റവും ചെറിയ മാറ്റമുണ്ടായത് ഇന്ത്യൻ കറൻസിയിലാണ്. മാത്രമല്ല, ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം മറ്റെന്നത്തെക്കാൾ എത്തുന്നുമുണ്ട്. ഇവിടത്തേത് സാമ്പത്തിക പ്രതിസന്ധി ആയിരുന്നുവെങ്കിൽ ആരെങ്കിലും ഇവിടെ നിക്ഷേപിക്കാൻ തയ്യാറാവുമായിരുന്നോ?.
ഇനി ഇപ്പോൾ പരാതി പറയുന്ന കോൺഗ്രസുകാരുടെ കാലത്ത് നടന്നതെന്താണ് എന്നത് കൂടി പരിശോധിക്കാം. അത്തരമൊരു വിലയിരുത്തലിന് പ്രേരിപ്പിച്ചത് രാഹുലാദികൾ നടത്തിയ വിമർശനമാണ് എന്നത് പറയേണ്ടതില്ലല്ലോ. സ്വാതന്ത്ര്യം കിട്ടുന്ന കാലത്ത് ഇന്ത്യൻ രൂപ യും ഡോളറും തമ്മിലുള്ള വിനിമയ നിരക്ക് ഒന്ന് നോക്കേണ്ടതാണ് ………. അന്ന് ഒരു ഡോളർ = ഒരു രൂപ 30 പൈസയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഏതാണ്ടൊക്കെ എഴുപത്തിയഞ്ച് ശതമാനം കാലഘട്ടവും ഭരണം കയ്യാളിയിരുന്നത് രാഹുൽ ഗാന്ധിയുടെ പാർട്ടിയല്ലേ; അതിൽ തന്നെ അദ്ദേഹത്തിന്റെ കുടുംബമല്ലേ മുന്നിൽ നിന്നും പിന്നിൽ നിന്നും ഭരണത്തിന്റെ ചക്രം പിടിച്ചിരുന്നത്. ആ ഒരു രൂപ മുപ്പത് പൈസയിൽ നിന്ന് ഇങ്ങെത്തി നിൽക്കുന്നത് 70 രൂപയിൽ. അതിൽ കോൺഗ്രസിനുള്ള പങ്ക് ആർക്കാണ് കാണാതെ പോകാനാവുക?. രൂപ- ഡോളർ വിനിമയ നിരക്ക് സ്വതന്ത്ര ഇന്ത്യയിൽ കൂടിക്കൊണ്ടേയിരുന്നു. 1949 ആയപ്പോൾ അത് 3. 67 രൂപയായി; 1966 എത്തിയപ്പോഴേക്ക് 7.50 രൂപയും, അടിയന്തരാവസ്ഥ ആരംഭിക്കുന്ന 1975- ൽ അത് 8. 39 രൂപയുമായി.
ജനതാപാർട്ടി സർക്കാർ അധികാരമൊഴിയുന്ന കാലത്ത് രൂപ വീണ്ടും കരകയറുന്നതാണ് കണ്ടത്………7. 86 രൂപയിലേക്ക്. പിന്നീടങ്ങോട്ട് രൂപയുടെ വിലയിടിച്ചിലാണ് ലോകം കണ്ടത്. 1985 ൽ 12. 38, 1990 ൽ 17.01…. പിന്നെ 1995 എത്തിയപ്പോൾ 32. 42 രൂപ ആയും വർധിച്ചു. 2005 ജനുവരിയിൽ യുപിഎ- യുടെ കാലത്ത് രൂപയുടെ വിനിമയ നിരക്ക് 43.47 രൂപയായിരുന്നു; 2014 ൽ പക്ഷെ രാഹുൽ ഗാന്ധിയുടെ പാർട്ടി അധികാരമൊഴിയുമ്പോൾ അത് എത്തിനിന്നത് 59. 44 രൂപയിൽ . യുപിഎയുടെ കാലഘട്ടത്തിലുണ്ടായത് ഏതാണ്ട് 16 രൂപയുടെഇടിവ് . എന്നാൽ മോഡി സർക്കാരിന്റെ കാലത്ത് ഇത്രയും നാൾ കൊണ്ടുണ്ടായത് 10. 56 രൂപയുടെ മാറ്റം. അതും ആഭ്യന്തര സാഹചര്യങ്ങൾ കൊണ്ടല്ല എന്നതുകൂടി ഓർമ്മിക്കുക. ഇവിടെ ഒന്നുകൂടി ശ്രദ്ധിക്കുക …… 1947 ലെ 1. 30-ൽ നിന്ന് 70 ലെത്തുമ്പോൾ കോൺഗ്രസിതര, കോൺഗ്രസിന്റെ തണലിൽ നിന്നതടക്കമുള്ള സർക്കാരുകൾ ( ജനത സർക്കാർ, വാജ്‌പേയി- മോഡി സർക്കാരുകൾ അടക്കം) ഭരിച്ചത് പന്ത്രണ്ട് വര്ഷത്തോളം മാത്രമല്ലെ……… . ഇന്ത്യൻ സമ്പദ് ഘടനയെ തകർത്തതിൽ അതുകൊണ്ടുതന്നെ കോൺഗ്രസിനുള്ള ഉത്തരവാദിത്വം ചെറുതല്ലല്ലോ.
Post Your Comments