വയനാട്•നീലഗിരിയില്‍ ആനത്താരകള്‍ കൈയേറി നിര്‍മ്മിച്ച 27 റിസോര്‍ട്ടുകള്‍ സീല്‍ ചെയ്തു. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ജെ. ഇന്നസന്റ് ദിവ്യ നിര്‍ദേശിച്ചതനുസരിച്ച് പഞ്ചായത്ത് ബിഡിഒ മോഹന്‍ കുമാരമംഗലം, ഡെപ്യൂട്ടി ബിഡിഒ ദേവരാജ്, മസിനഗുഡി പഞ്ചായത്ത് സെക്രട്ടറി ശെന്തില്‍കുമാര്‍, വില്ലേജ് ഓഫിസര്‍ രാധിക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊലിസ് സഹായത്തോടെ റിസോര്‍ട്ടുകള്‍ മുദ്ര ചെയ്തത്. മസിനഗുഡി പഞ്ചായത്തിലെ ശിങ്കാര, വാഴത്തോട്ടം, ചെമ്മനത്തം പ്രദേശങ്ങളിലെ ഹിന്ദി വൈല്‍ഡ്, ഇക്കോ ക്യാമ്പ്, നോര്‍ദന്‍ വേ എസ്റ്റേറ്റ്, വെസ്റ്റണ്‍ സാം, ദി വൈല്‍ഡ്, വെസ്റ്റണ്‍ വുഡ്, കിംഗ് റേഞ്ച്, സജീദ്ഖാന്‍, ജസിയ, ജെന്നിഫര്‍ തുടങ്ങിയ റിസോര്‍ട്ടുകളാണ് നോട്ടീസ് നല്‍കി സീല്‍ ചെയ്തത്.
മസിനഗുഡി മേഖലയില്‍ ആനത്താരകളിലുള്ള റിസോര്‍ട്ടുകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹരജി പരിഗണിച്ച കോടതി റിസോര്‍ട്ടുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കി. ഹൈക്കോടതി ഉത്തരവിനെതിരേ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രിംകോടതി തള്ളുകയാണുണ്ടായത്.
ആനത്താരകളിലെ നിര്‍മ്മാണങ്ങള്‍ കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങുന്നതിനു കാരണമാണ്. ആനത്താരകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതു വനാതിര്‍ത്തി പ്രദേശങ്ങളില്‍ മനുഷ്യ-മൃഗ സംഘര്‍ഷം ഒഴിവാക്കാന്‍ ഉതകുമെന്നു രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments