
തിരുവനന്തപുരം•സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍ സുതാര്യമാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഫുഡ് ഇന്‍സ്‌പെക്ഷന്‍ & ലബോറട്ടറി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എഫ്.ഐ.എല്‍.ഐ.എസ്.) ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ രംഗത്ത് രാജ്യത്തിനുതന്നെ മാത്യകയായിട്ടുള്ള ഈ നൂതന ഓണ്‍ലൈന്‍ സംവിധാനം കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ രംഗത്തെ പുതിയ ഒരു കാല്‍വയ്പ്പാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ നിയമാനുസൃതം ശേഖരിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകളുടെ പൂര്‍ണവിവരം ലഭിക്കുന്നതിനും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ ദൈനംദിന ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തികള്‍ കൃത്യമായി മേല്‍ ഉദ്യോഗസ്ഥര്‍ക്ക് സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും ഈ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കുന്നു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ വ്യാപാരികള്‍ക്ക് നല്‍കുന്ന നോട്ടീസ്, പിഴ ഈടാക്കല്‍, ശേഖരിക്കുന്ന ഭക്ഷ്യ സാമ്പിളുകളുടെ പരിശോധന ലാബുകളില്‍ നടത്തുമ്പോള്‍ ലഭിക്കുന്ന അനാലിസിസ് റിപ്പോര്‍ട്ട്, അതിനെ തുടര്‍ന്നുള്ള നിയമ നടപടികള്‍, പ്രോസിക്യൂഷന്‍, അപ്പീല്‍ എന്നിവയും കൃത്യമായി നിരീക്ഷിക്കുവാന്‍ ഇതിലൂടെ സാധിക്കുന്നു. ഇതുമൂലം വളരെയധികം സമയം ലാഭിക്കുന്നതിനോടൊപ്പം തന്നെ ഭക്ഷ്യ സുരക്ഷാ പരിശോധനയുടെ കൃത്യത ഉറപ്പാക്കാനും സാധിക്കും.
ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിനുവേണ്ടി സിഡ്‌കോ മുഖേനയാണ് ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം നിര്‍മ്മിച്ചത്.
ഭക്ഷ്യ വസ്തുക്കളില്‍ പൊതുവായി കണ്ടുവരുന്ന മായം എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനായി നിര്‍മ്മിച്ച ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഭക്ഷ്യ സുരക്ഷാ സംവിധാനത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിന് പ്രത്യേകിച്ച് വീട്ടമ്മമാരുടെയും സ്ത്രീകളുടെയും ബോധവല്‍ക്കരണത്തിന് വേണ്ടിയാണ് ഈ ഹ്രസ്വ ചിത്രം നിര്‍മ്മിച്ചത്. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ്, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഇത് നിര്‍മ്മിച്ചത്.
നാല്‍പതോളം ഭക്ഷ്യ വസ്തുക്കളില്‍ മായം ഉണ്ടോയെന്ന് സ്വയം പരീക്ഷിക്കുന്നതിനും വീടുകളില്‍ മായം കലരാത്ത ഭക്ഷ്യ വസ്തുക്കളെ കണ്ടെത്തുന്നതിന് വീട്ടമ്മമാരെ സഹായിക്കുന്ന രീതിയിലുമാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. യൂടൂബ് അക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം ഉറപ്പാക്കുകയും ചെയ്യും.
ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജെ. രാജമാണിക്യം ഐ.എ.എസ്. ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments