ന്യൂഡൽഹി: ഒരു സംസ്ഥാനത്തിന് ഒരു വോട്ട് മാത്രമെന്ന ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിർദ്ദേശം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി. ഇതോടെ ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും മൊത്തം ആറ് ക്രിക്കറ്റ് അസോസിയേഷനുകൾക്ക് പൂർണ അംഗത്വ പദവിയോടെ വോട്ടവകാശമുണ്ടാകും.
മഹാരാഷ്ട്ര, മുംബൈ, വിദർഭ അസോസിയേഷനുകളാണ് മഹാരാഷ്ട്രയിൽ നിന്നുള്ളത്. ഗുജറാത്തിൽ നിന്നും ഗുജറാത്ത്, ബറോഡ, സൗരാഷ്ട്ര എന്നിവയുമാണുള്ളത് . സർവീസസ് സ്പോർട്സ് കൺട്രോൾ ബോർഡ്, റയിൽവേസ്, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് എന്നിവയ്ക്കും പൂർണ അംഗത്വ പദവിയുണ്ടാകും.
അസോസിയേഷനുകളുടെ താക്കോൽ സ്ഥാനങ്ങൾ ഒരേ വ്യക്തികൾ തന്നെ സ്ഥിരമായി കൈയടക്കുന്നതു തടയാനുള്ള ലോധ കമ്മിറ്റിയുടെ നിർദ്ദേശത്തോട് മാറ്റങ്ങളോടെ സുപ്രീം കോടതി യോജിച്ചു. ഓരോ മൂന്നു വർഷത്തിന് ശേഷം കുറച്ചു കാലം വിട്ടു നിൽക്കണമെന്ന കമ്മിറ്റിയുടെ നിർദ്ദേശം സുപ്രീം കോടതി തുടരെ ആറു വർഷം എന്നാക്കി മാറ്റി.
ബിസിസിഐയുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഒരു ഉന്നത കൗൺസിലിനെ നിയോഗിക്കണമെന്ന നിർദ്ദേശവും ബെഞ്ച് അംഗീകരിച്ചു. മറ്റ് പദവികൾക്കു പുറമെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ തുടങ്ങിയവരും ഇനിമുതൽ കൗൺസിലിൽ ഉണ്ടാകും
Post Your Comments