ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ ഇന്ത്യ സ്വതന്ത്രമായ 1947ആഗസ്റ്റ് 15 വരെ സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലീം സ്ത്രീ സാന്നിധ്യം നമുക്ക് കാണാവുന്നതാണ്. സ്വാതന്ത്ര്യ സമരചരിത്രത്തിലെ മുസ്ലീം സ്ത്രീ സാന്നിധ്യം അധികമാരും അറിയപ്പെടാത്ത അല്ലെങ്കിൽ വാഴ്ത്തപെടാത്ത ഒന്നാണ് . അങ്ങനെയുള്ള ചില ചരിത്ര വനിതകളെക്കുറിച്ചറിയാം.
ബീഗം ഹസ്രത്ത് മഹല്‍
സ്വന്തം നാടിന്റെ വിമോചനത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പോരാടിയ ധീര വനിതയായിരുന്നു ഹസ്രത്ത് മഹല്‍. യഥാർത്ഥ പേര് മുഹമ്മദീ ഖാനം എ.ഡി 1847 ല്‍ ഭർത്താവ് വാജിദ് ആലീശ അവാദിന്റെ ഭരണാധികാരിയായത് മുതലാണ് അവര്‍ ബീഗം ഹസ്രത്ത് മഹല്‍ എന്ന് അറിയപ്പെട്ട് തുടങ്ങിയത്. 1856 ഫെബ്രുവരി 18 നു അവാദിലെ അധികാരത്തിൽ നിന്ന് വാജിദ് ആലീശ പുറത്തക്കപ്പെടുകയും കാൽക്കട്ടയിലേയ്ക്ക് നാട് കടത്തപെടുകയും ചെയ്തു. അദ്ദേഹത്തെ പിന്നീടു കാരാഗ്രഹത്തിലടച്ചതോടെ ബീഗം ഹസ്രത്ത് മഹല്‍ സ്വന്തം നാടായ അവാദിന്റെ വിമോചനത്തിന് വേണ്ടി ഇംഗ്ലീഷ്കാർക്കെതിരെ പോരാടാന്‍ തീരുമാനിച്ചു. രാജാ ജയ്പാല്‍ സിംഗ്, രഘുനാഥ് സിംഗ്, മുൻഷിഗ മതാദിന്‍, ബറകത്ത് ഖാന്‍ എന്നിവരുടെ സഹായത്തോടെ പതിനൊന്നു വയസ്സുകാരിയായ മകള്‍ ബിർജീസ് ഖാദറിനെ അവാദിലെ ഭരണാധികാരിയായി ബീഗം പ്രഖ്യാപിച്ചു. ദില്ലിയിലെ രാജാവായിരുന്ന ബഹദൂർ ഷാ സഫറിന് അവര്‍ പിന്തുണയും പ്രഖ്യാപിച്ചു. ശേഷം ബീഗം ഹസ്രത്ത് മഹലിന്റെ നേതൃത്വത്തില്‍ ഏഴു ലക്ഷം വരുന്ന സൈനികര്‍ ഇംഗ്ലീഷുകാർക്കെതിരെ പോരിനിറങ്ങി. ഫൈസാബാദിലെ അഹമ്മദുള്ള ഷായും ഒരു കൂട്ടം സൈനികരുമായി അവരുടെ സഹായത്തിനെത്തി ഗറില്ലാ യുദ്ധ മുറകളിലൂടെ ബീഗത്തിന്റെ അനുയായികള്‍ ഇംഗ്ലീഷുകാരെ വിറപ്പിച്ചു. നാല്പത്തിനായിരത്തോളം വരുന്ന സൈന്യത്തെ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സൈന്യം ചിന്നഭിന്നമാക്കി. പക്ഷെ പൂർവാധികം ശക്‌തിയോടെ ഇംഗ്ലീഷുകാർ തിരിച്ചടിച്ചു. നീണ്ട പോരാട്ടത്തിനൊടുവിൽ ബീഗം നേപ്പാളിലേക്ക് നാടുകടത്തപ്പെട്ടു. 1874 ഏപ്രില്‍ 7 നു ആ ധീര വനിതാ മരണപെട്ടു. കഠ്മണ്ഡുവിലെ സിറ്റി മസ്ജിദിലാണ് ബീഗം ഹസ്രത്ത് മഹലിന്റെ കബറിടം ഉള്ളത്.
സൈറബീഗം
1857 ല്‍ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ആരംഭം കുറിച്ചപ്പോൾ ബഹദൂർഷാഹ് സഫറിനെ ഇന്ത്യന്‍ ചക്രവർത്തിയായി ഉയർത്തിക്കാട്ടി സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്ന് വിശ്വസിച്ച ഒരുകൂട്ടം മനുഷ്യര്‍ ഇംഗ്ലീഷുകാർക്കെതിരെ ബഹുജനസമരം ആരംഭിച്ചു.ശിപായിലഹള എന്ന് പരിഹസിച്ചു കൊണ്ട്ട് ബ്രിട്ടീഷുകാര്‍ ഈ സമരത്തെ അടിച്ചമർത്തി. ഈ സമരത്തില്‍ ആയുധമെടുത്ത് പൊരുതുകയും ജയിലടയ്ക്കപെടുകയും ചെയ്ത ഒട്ടേറെ വനിതകള്‍ ഉണ്ടായിരുന്നു.അവരില്‍ പ്രധാനിയാണ് സൈറാബീഗം അന്നത്തെ ഇംഗ്ലീഷ് പട്ടാള മേധാവി വൈ.ഡബ്ല്യൂ.ആര്‍ ഹഡ്സാന്‍ തന്റെ റിപ്പോർട്ടുകളിൽ ‘സമര യോദ്ധാക്കൾക്കിടയിലെ രത്‌നം’ എന്നാണ് സൈറ ബീഗത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. സമര രംഗത്തെ ആവരുടെ പാടവമാണ് അങ്ങനെ വിശേഷിപ്പിക്കപെടാന്‍ കാരണം. ദിവസങ്ങളോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഈ ധീരവനിതയെ ഇംഗ്ലീഷ് പട്ടാളം പിടികൂടുകയായിരുന്നു. ജയിലടയ്ക്കപെട്ട സൈറബീഗത്തെ വർഷങ്ങൾക്ക് ശേഷം തൂക്കിലേറ്റുകയായിരുന്നു.
ഖുർഷിദ ബീഗം
പത്ര പ്രവർത്തനത്തിലെ താല്പര്യം സ്വാതന്ത്ര്യസമരത്തിന് വേണ്ടി പ്രയോജനപെടുത്ത്തിയ വ്യക്തിയായിരുന്നു ഖുർഷിദാ ബീഗം.പ്രശസ്ത കോണ്ഗ്രസ് നേതാവ് ഖാജാ അബ്ദുല്‍ മജീദിന്റെ ഭാര്യയായിരുന്നു ഇവര്‍. വിദ്യാ സമ്പന്നയായ ഖുർഷിദ ബീഗം വിവാഹ ശേഷം ഒരു കോണ്ഗ്രസ് പ്രവർത്തകയായ. അഹമ്മദാബാദില്‍ ഇന്നും പ്രവർത്തിക്കുന്ന ഹമീദിയ കോളേജ് സ്ഥാപിച്ചതും ഖുർഷിദ ബീഗം ആയിരുന്നു.
അസീസന്‍ ബീഗം
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ധീര രക്തസാക്ഷിയായ അസീസന്‍ ബീഗം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ ഒരു പട്ടം വനിതകളുടെ പട്ടാളം ഉണ്ടാക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. അതിലവര്‍ വിജയിക്കുകയും ചെയ്തു. ആയിരത്തോളം അംഗങ്ങള്‍ ഉണ്ടായിരുന്നു കാൺപൂരിലെ വനിതാ റജിമെന്റില്‍. ബ്രിട്ടീഷ് സൈനിക കോടതി അസീസൻ ബീഗത്തിന് വധശിക്ഷ വിധിച്ചു. ഒടുവിൽ ആ ധീര ഫയറിംഗ് സ്ക്വാഡിന്റെ വെടിയേറ്റ് മരണം വരിക്കുകയായിരുന്നു.
Post Your Comments