അല്‍ ഹസ്സ•മരുഭൂമിയില്‍ മരണത്തെ മുഖാമുഖം കണ്ട ദുരാനുഭവത്തെ ഭയത്തോടെ മാത്രമേ ഓര്‍ക്കാന്‍ രാമിന് കഴിയൂ. ആദ്യം സൗദി പോലീസും, പിന്നീട് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗവും തുണച്ചപ്പോള്‍, ആ ഓര്‍മ്മകളെ പിന്നില്‍ ഉപേക്ഷിച്ച് അയാള്‍ ഇന്ത്യയിലേയ്ക്ക് മടങ്ങി.
ഉത്തരപ്രദേശ് സ്വദേശിയായ റാം രണ്ടാഴ്ച മുന്‍പാണ് സൌദിയില്‍ ജോലിയ്ക്ക് എത്തിയത്. ഒരു നിര്‍മ്മാണകമ്പനിയില്‍ ജോലി എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ എയര്‍പോര്‍ട്ടില്‍ നിന്നും സ്പോണ്സര്‍ അയാളെ കൂട്ടിക്കൊണ്ടു പോയത് അല്‍ഹസയിലെ ഉള്‍പ്രദേശത്തുള്ള ഒരു മരുഭൂമിയിലേയ്ക്ക് ആയിരുന്നു. അവിടെ ഉള്ള ഒരു ചെറിയ ഒട്ടകഫാമില്‍ അയാളെ കൊണ്ടാക്കി, തനിയെ ഒട്ടകത്തെ നോക്കാന്‍ പറഞ്ഞിട്ട് സ്പോന്‍സര്‍ മടങ്ങി. മരുഭൂമിയുടെ നടുക്ക്, കൂട്ടിനാരുമില്ലാതെ, എന്ത് ചെയ്യണമെന്നറിയാതെ അയാള്‍ കുഴങ്ങി. പിറ്റേന്ന് സ്പോന്‍സര്‍ ആഹാരവും വെള്ളവുമായി വന്നപ്പോള്‍, തനിയ്ക്ക് ഒട്ടകത്തെ മേയ്ക്കുന്ന ജോലി പറ്റില്ലെന്നും, നാട്ടില്‍ വെച്ച് എജന്റ്റ് പറഞ്ഞ ജോലി തരാന്‍ പറ്റിയില്ലെങ്കില്‍, നാട്ടിലേയ്ക്ക് തിരികെ അയയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ക്രൂദ്ധനായ സ്പോന്‍സര്‍ റാമിനെ മര്‍ദ്ധിയ്ക്കുകയും, അവിടെത്തന്നെ ഉപേക്ഷിച്ച് തിരികെ പോകുകയും ചെയ്തു.
പിറ്റേന്ന് സ്പോന്‍സര്‍ തിരികെ വന്നില്ല. പരിഭ്രാന്തനായ റാം, അവിടന്ന് രക്ഷപ്പെടാനായി മരുഭൂമിയിലൂടെ ലക്ഷ്യമറിയാതെ നടന്നു. ദിവസം മൂന്നു കഴിഞ്ഞിട്ടും അയാള്‍ക്ക് മരുഭൂമിയില്‍ നിന്നും പുറത്തു കടക്കാന്‍ കഴിഞ്ഞില്ല. അഞ്ചു ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ ആ മരുഭൂമിയില്‍ അലഞ്ഞ റാം, ഒരിടത്ത് തലകറങ്ങി വീണു. മരണത്തെ മുഖാമുഖം കണ്ട് അയാള്‍ അവിടെ കിടന്നു.
റാമിന്റെ ഭാഗ്യത്തിന് മരുഭൂമിയിടെ അതിര്‍ത്തിയിലൂടെ പെട്രോള്‍ ഡ്യൂട്ടി നടത്തുകയായിരുന്ന രണ്ടു സൗദി പോലീസുകാര്‍ അയാളെ കണ്ടു. അവര്‍ അയാളെ ജീപ്പില്‍ കയറ്റി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ആഹാരം പോലും കഴിയ്ക്കാന്‍ കഴിയാത്ത വിധം, റാമിന്റെ അവസ്ഥ വളരെ മോശമായിരുന്നു. പോലീസുകാര്‍ നവയുഗം അല്‍ഹസ്സ മേഖല ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളിയെ വിവരമറിയിച്ചു. അബ്ദുള്‍ ലത്തീഫും നവയുഗം ജീവകാരുണ്യവിഭാഗം പ്രവര്‍ത്തകരും സ്റ്റേഷനില്‍ എത്തി, റാമിനെ ജാമ്യത്തില്‍ എടുത്ത് കൊണ്ടുവന്ന്, നവയുഗത്തിന്റെ സംരക്ഷണയില്‍ പരിചരിച്ചു.
അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ റാമിന്റെ സ്പോന്‍സറെ ബന്ധപ്പെട്ട് ശക്തമായി സംസാരിച്ച്, പാസ്പോര്‍ട്ടും ഫൈനല്‍ എക്സിട്ടും വാങ്ങി. ആരോഗ്യം മെച്ചമായപ്പോള്‍ റാമിന് വിമാനടിക്കറ്റും, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളും നവയുഗം പ്രവര്‍ത്തകര്‍ പിരിവെടുത്ത് നല്‍കി. എല്ലാവര്‍ക്കും നന്ദി പറഞ്ഞു റാം നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments