തിരുവനന്തപുരം : നാം ഇന്നു കാണുന്ന ദേശീയപതാകയ്ക്ക് രൂപം കൊണ്ടിട്ട് 70 വര്‍ഷമായി. 1947 ജൂലൈ 22ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ദേശീയ പതാകയെ ഇന്നുള്ള രൂപത്തില്‍ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയ പതാകയായിരുന്നു 1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ. അതിന് ശേഷം സ്വതന്ത്ര ഇന്ത്യയുടെയും ദേശീയ പതാകയായും മാറി. ഇന്ത്യയില്‍ ഈ പതാക ത്രിവര്‍ണ്ണ പതാക എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉള്ളില്‍ കാവിയും നടുക്ക് വെള്ളയും താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മധ്യത്തിലായി നാവിക നീല നിറമുള്ള 24 ആരങ്ങളുള്ള അശോകചക്രവും ആലേഖനം ചെയ്തിരിക്കുന്നു. ഈ പതാക ഇന്ത്യന്‍ കരസേനയുടെ യുദ്ധപതാക കൂടിയാണ്. പിംഗലി വെങ്കയ്യയാണ് ദേശീയ പതാക രൂപകല്‍പ്പന ചെയ്തത്. ഖാദികൊണ്ട് മാത്രമെ ദേശീയ പതാക നിര്‍മ്മിക്കാവു എന്നാണ് ഔദ്യോഗിക നിയമം.
24 അരക്കാലുകളുള്ള ചക്രം നീല നിറത്തിലാണ് ഉള്ളത്. ദീര്‍ഘ ചതുരാകൃതിയിലുള്ള ദേശീയ പതാകയ്ക്ക് നീളവും വീതിയും 3:2 എന്ന അനുപാതത്തിലാണ്. പതാകയുടെ പ്രദര്‍ശനവും ഉപയോഗവും ഇന്ത്യന്‍ പതാക നിയമം അനുസരിച്ച് കര്‍ശനമായി നടപ്പാക്കുന്നുണ്ട്. 1906ല്‍ ഇന്ത്യക്ക് പുറത്തുള്ള ദേശീയവാദികള്‍ ആദ്യ ത്രിവര്‍ണ്ണ പതാകയ്ക്ക് രൂപംകൊടുത്തുവെങ്കിലും അംഗീകരിക്കപെട്ടില്ല. 1916ല്‍ ഹോം റൂള്‍ പ്രക്ഷോഭണകാലത്ത് പൊതുവെ ഉപയോഗിച്ചിരുന്ന പതാകയുണ്ടായിരുന്നു. ചുവപ്പ് നിറത്തില്‍ ചര്‍ക്കയോട് കൂടിയതായിരുന്നു അന്നത്തെ പതാക. 1931ല്‍ കറാച്ചി കോണ്‍ഗ്രസ് സമ്മേളനത്തിന് ശേഷം നിയമിക്കപെട്ട ഒരു പ്രത്യേക കമ്മറ്റി ചുവപ്പും പച്ചയും നിറത്തില്‍ നടുക്ക് ചര്‍ക്കയോട് കൂടിയ ഒരു പതാക നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതിന് അംഗീകാരം ലഭിച്ചിരിന്നില്ല.
ഗാന്ധിജിയുടെ നിര്‍ദ്ദേശമനുസരിച്ച് 1931 ഓഗസ്റ്റില്‍ ആണ് നടുവില്‍ ചര്‍ക്കയോട് കൂടിയ ത്രിവര്‍ണ്ണ പതാകയ്ക്ക് രൂപം കൊടുത്തത്. ബോംബെയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനം അത് അംഗീകരിക്കുകയും ചെയ്തു. 1947ല്‍ ജൂലൈയില്‍ ചര്‍ക്കയുടെ സ്ഥാനത്ത് അശോകചക്രം വേണമെന്ന് നിര്‍ദ്ദേശിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണ്.
Post Your Comments