തിരുവനന്തപുരം: ജാതിമതഭേതമന്യേ കക്ഷിരാഷ്ട്രീയം നോക്കാതെ പ്രകൃതി ചൂഷണത്തിന് എതിരെ അണി നിരന്നില്ലെങ്കില്‍ അധികം വൈകാതെ ഈ പരശുരാമഭൂമിയെ കടലെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പ്രകൃതിയുടെ സംഹാരതാണ്ഡവമാണ് കഴിഞ്ഞ കുറച്ചുദിവസമായി ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ. ഒട്ടേറെ വിലപ്പെട്ട ജീവനുകൾ നഷ്ടമായി. നൂറുകണക്കിന് വീടുകൾ നിലംപൊത്തി. മുഖ്യമന്ത്രി പറഞ്ഞപോലെ അങ്ങേയറ്റം ഗുരുതരമായ സാഹചര്യം. സർക്കാരും സന്നദ്ധസംഘടനകളും സൈന്യവും പോലീസും എല്ലാവരും ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടിന്നതിനായി അരയും തലയും മുറുക്കി രംഗത്തുണ്ട്.
ഈ ദുരന്തം നമുക്ക് വലിയൊരു മുന്നറിയിപ്പാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ. സുരേന്ദ്രന്‍റെ പ്രതികരണം. ഈ മുന്നറിയിപ്പ് മുഖവിലക്കെടുക്കാൻ നാം തയ്യാറായില്ലെങ്കിൽ അധികം വൈകാതെ ഈ പരശുരാമഭൂമിയെ കടലെടുക്കും. ഏതാനും വർഷം മുൻപ് ഉത്തരാഖണ്ഡിൽ സംഭവിച്ചതിൽ നിന്ന് നാം ഒന്നും പഠിക്കാന്‍ തയ്യാറായില്ല. നമ്മുടെ പുതിയ ഈ വികസന സമീപനമാണ് ഇതിനെല്ലാം കാരണം. ഇപ്പോഴെങ്കിലും നമുക്കൊരുമിച്ചൊരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു.
കക്ഷിരാഷ്ട്രീയ ജാതിമത ഭേദമെന്യേ ഈ പ്രകൃതി ചൂഷണത്തിനെതിരെ ഉറച്ച നിലപാടെടുത്തില്ലെങ്കിൽ വികസനത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ നമ്മുടെ മക്കൾക്കും മരുമക്കൾക്കും നാളെ അവസരം ലഭിച്ചെന്നുവരില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കെ. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പ്രകൃതിയുടെ സംഹാരതാണ്ഡവമാണ് കഴിഞ്ഞ കുറച്ചുദിവസമായി ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ. ഒട്ടേറെ വിലപ്പെട്ട ജീവനുകൾ നഷ്ടമായി. നൂറുകണക്കിന് വീടുകൾ നിലംപൊത്തി. ആയിരക്കണക്കിന് ഹെക്ടർ കൃഷിഭൂമി നശിച്ചു. റോഡുകളും പാലങ്ങളും റെയിൽപ്പാളങ്ങളും തകർന്നു. വൈദ്യുതിയും കുടിവെള്ളവും ഇല്ലാതെ ലക്ഷക്കണക്കിനാളുകൾ നരകിക്കേണ്ടി വന്നു. പല ഗ്രാമങ്ങളും ചില നഗരങ്ങൾ പോലും ഒറ്റപ്പെട്ട നിലയിലായി. ഇരുപത്തിരണ്ടോളം ഡാമുകൾ തുറന്നുവിടേണ്ടിവന്നു.
മുഖ്യമന്ത്രി പറഞ്ഞപോലെ അങ്ങേയറ്റം ഗുരുതരമായ സാഹചര്യം. സർക്കാരും സന്നദ്ധസംഘടനകളും സൈന്യവും പോലീസും എല്ലാവരും ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടിന്നതിനായി അരയും തലയും മുറുക്കി രംഗത്തുണ്ട്. ഊണും ഉറക്കവുമൊഴിഞ്ഞ് നമ്മുടെ മാധ്യമപ്രവർത്തകർ വിവരങ്ങൾ തൽസമയം ജനങ്ങളിലെത്തിക്കാൻ പാടുപെടുന്നു. പരാതികളും പരിദേവനങ്ങളും ഒട്ടേറെയുണ്ടെങ്കിലും അതൊന്നും ചർച്ചാവിഷയമാക്കാനുള്ള സമയമല്ലിത്. എല്ലാവരും ഒരു മനസ്സോടെ ദുരിതമകറ്റാൻ രംഗത്തിറങ്ങേണ്ട സമയമാണിത്.
സർക്കാരുമായി സഹകരിച്ച് പരമാവധി സഹായങ്ങൾ ചെയ്യാൻ ദുരിതം ഏശിയിട്ടില്ലാത്തയിടങ്ങളിലെ ജനങ്ങളും മുന്നോട്ടുവരണം. ഈ ദുരന്തം നമുക്ക് വലിയൊരു മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പ് മുഖവിലക്കെടുക്കാൻ നാം തയ്യാറായില്ലെങ്കിൽ അധികം വൈകാതെ ഈ പരശുരാമഭൂമിയെ കടലെടുക്കും. ഏതാനും വർഷം മുൻപ് ഉത്തരാഖണ്ഡിൽ സംഭവിച്ചതിൽ നിന്ന് നാം ഒന്നും പഠിക്കാന്‍ തയ്യാറായില്ല. വയലുകളായ വയലുകളൊക്കെ മണ്ണിട്ടു നികത്തി നാം കോൺക്രീറ്റുകെട്ടിടങ്ങളും ഫ്ളാറ്റുസമുച്ചയങ്ങളും പണിതു.കുന്നുകൾ മുഴുവൻ ഇടിച്ചുനിരത്തി.
കരിങ്കൽപ്പാറകൾ മുഴുവൻ പൊട്ടിച്ചുതീർത്തു പുഴയോരത്തെ മണലുകൾ മുഴുവൻ ഈറ്റിക്കൊണ്ടുപോയി. ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേക്കിറങ്ങാൻ പറ്റാത്ത നിലയിലായി. നമ്മുടെ പുതിയ ഈ വികസന സമീപനമാണ് ഇതിനെല്ലാം കാരണം. ഇപ്പോഴെങ്കിലും നമുക്കൊരുമിച്ചൊരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. കക്ഷിരാഷ്ട്രീയ ജാതിമത ഭേദമെന്യേ ഈ പ്രകൃതി ചൂഷണത്തിനെതിരെ ഉറച്ച നിലപാടെടുത്തില്ലെങ്കിൽ വികസനത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ നമ്മുടെ മക്കൾക്കും മരുമക്കൾക്കും നാളെ അവസരം ലഭിച്ചെന്നുവരില്ല.
Post Your Comments