മഹാരാഷ്ട്രയിൽ നക്സലുകളുമായി ചേർന്ന് ജാതീയ കലാപത്തിന് കോൺഗ്രസ് ശ്രമമാരംഭിച്ചു. മറാത്താ സംവരണ പ്രക്ഷോഭത്തിന് പിന്നിലുള്ളത് യഥാർഥത്തിൽ കലാപശ്രമമാണ് എന്നതാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇന്നിപ്പോൾ നഹാരാഷ്ട്രയിൽ പലയിടത്തും ഇന്റെർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നിട്ടുണ്ട്. മുംബൈ ഒഴികെയുള്ള സ്ഥലങ്ങളിൽ ബന്ദിന് ആഹ്വാനം നൽകിയത് സകൽ മാറാത്ത സമാജ് ആണ്. ബന്ദിന്റെ മറവിൽ വ്യാപക അക്രമങ്ങൾക്കാണ് ശ്രമം നടന്നത്. അതാണ് അതിന് പിന്നിലെ ശക്തികളെ തിരയാൻ പോലീസിനെ പ്രേരിപ്പിച്ചത്. നേരത്തെ ജനുവരി ഒന്നിന് ഭീമ കൊറെഗോൺ വാർഷികത്തിന്റെ ഭാഗമായി നടന്ന പരിപാടികൾ വ്യാപക അക്രമങ്ങളിൽ കലാശിക്കുകയാണ് ഉണ്ടായത്. അത് സ്പോൺസർ ചെയ്തത് എന്സിപിയും കോൺഗ്രസുമാണ് എന്നും അക്രമം നടത്തിയത് മാവോയിസ്റ്റുകൾ ആണ് എന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. അതെ കൂട്ടരാണ് ഇപ്പോൾ വ്യാപക അക്രമങ്ങൾക്ക് മുതിരുന്നതും പിന്തുണക്കുന്നതും. മഹാരാഷ്ട്രയിൽ ജനപിന്തുണ നഷ്ടപ്പെട്ടവർ ജാതി- മത സംഘർഷത്തിന് തയ്യാറാവുന്നു എന്നതാണ് പോലീസ് നൽകുന്ന സൂചനകൾ.
അടുത്തദിവസം നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിനെയും എന്സിപിയേയും വല്ലാതെ കുഴച്ചിരുന്നു. ദയനീയ പരാജയമാണ് അവിടെ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. അവരുടെ ആ പരാജയത്തിന് ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുണ്ട്. ജൽഗാവ്, സാംഗ്ലി -മിറാജ്-കുപ്‌വാവ് എന്നിവയാണ് ആ നഗരസഭകൾ. രണ്ടും ബിജെപി കരസ്ഥമാക്കി. വിജയിച്ചു എന്നത് മാത്രമല്ല, ഗംഭീര വിജയമാണ് അവിടെ ബിജെപിക്ക് സ്വന്തമായത്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ എല്ലാവരും യോജിക്കുന്നു എന്ന് കരുതപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. അവിടെയാണ് ഈ എതിർപ്പുകളെ മറികടന്നുകൊണ്ട് ഉജ്വല വിജയം കരസ്ഥമാക്കാൻ ബിജെപിക്കായത്. എൻസിപി- കോൺഗ്രസ് സഖ്യമുണ്ടായാലും, ശിവസേന എതിർത്താലും തങ്ങൾക്ക് വിജയിക്കാനാവുമെന്ന് ബിജെപി ഒരിക്കൽ കൂടി കാണിച്ചു കൊടുക്കുകയായിരുന്നു. നേരത്തെ പൽഘർ ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിലും ബിജെപിക്ക് നല്ല വിജയം നേടാനായി; ഭണ്ഡാര-ഗോണ്ടിയയിൽ നേരിയ വോട്ടിനാണ് അവർ പരാജയപ്പെട്ടതും.
അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടും എന്നതിന് സാക്ഷ്യപത്രമായി പ്രതിപക്ഷവും ബിജെപി വിരുദ്ധ മാധ്യമങ്ങളും ഉയർത്തിക്കാട്ടുന്നത് ഉത്തർ പ്രദേശിൽ രൂപപ്പെടുന്ന ബിഎസ്‍പി – സമാജ്‌വാദി പാർട്ടി- അജിത് സിങ്- കോൺഗ്രസ് കൂട്ടുകെട്ടും മഹാരാഷ്ട്രയിൽ ശിവസേന എൻഡിഎ വിട്ടുപോകുന്നതുമാണ് . ഈ സാഹചര്യത്തിൽ ഒരു കാരണവശാലും ഈ രണ്ടു സംസ്ഥാനങ്ങളിലും ബിജെപിക്ക് 2014 ലെ പ്രകടനം കാഴ്ചവെക്കാനാവില്ല എന്ന് അവർ സ്വയം പറഞ്ഞു ആശ്വസിക്കുകയാണ്. അങ്ങിനെവരുമ്പോൾ ബിജെപി അധികാരത്തിലേറില്ല എന്നും അവർ ആശ്വസിക്കുന്നു. അതിനുള്ള അവരുടെ അവകാശത്തെ നമുക്കാർക്കും ചോദ്യം ചെയ്യാനാവില്ല. എന്നാൽ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ അവർ ആഗ്രഹിക്കുന്നത് പോലെയാവില്ല കാര്യങ്ങൾ നീങ്ങുന്നത് എന്നതാണ് മഹാരാഷ്ട്ര നഗരസഭാ തിരഞ്ഞെടുപ്പും യു.പിയിലെ കൈയ്റാനയും കാണിച്ചുതരുന്നത്. ഏത് രാഷ്ട്രീയ ശക്തികളെല്ലാം ഒന്നിച്ചാലും നന്നായി അധ്വാനിച്ചാൽ വിജയിക്കാൻ കഴിയുന്ന സാഹചര്യമുണ്ട് എന്ന് ഈ രണ്ടു തിരഞ്ഞെടുപ്പുകൾ ബിജെപിയെ ഓർമ്മിപ്പിക്കുന്നു. അത് പ്രതിപക്ഷ കക്ഷികൾക്കുള്ള സൂചന എന്നതിലുപരി ബിജെപിയുടെ കാര്യകർത്താക്കൾക്കുള്ള മാർഗദർശനം കൂടിയാണ്. ആ പരാജയമാണ് ഇപ്പോൾ കലാപത്തിന് അരങ്ങൊരുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത് എന്നാണ് വിലയിരുത്തൽ.
മഹാരാഷ്ട്രയിലെ രാഷ്ട്രീയം കുഴഞ്ഞുമറിയുന്നുണ്ട്. ശിവസേന അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമുണ്ടാവും എന്ന് ആരും കരുതുന്നുണ്ടാവില്ല. ഏറ്റവുമൊടുവിൽ ലോകസഭയിൽ അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ അവർ സ്വീകരിച്ച നിലപാട് അതിന് തെളിവാണ്. എന്നാൽ രാജ്യസഭാ ഉപാധ്യക്ഷന്റെ തിരഞ്ഞെടുപ്പിൽ അവർ സർക്കാർ പക്ഷത്താണ് നിന്നത്. പക്ഷെ, തങ്ങൾ ഉൾപ്പെടുന്ന സർക്കാരിനെതിരെ വന്ന അവിശ്വാസപ്രമേയത്തെ എതിർക്കാൻ രംഗത്ത് മുന്നോട്ട് വരാത്ത പാർട്ടിയെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്. ആത്മ വഞ്ചയാണ് അവർ ലോകസഭയിൽ നടത്തിയത് എന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടോ. ഇപ്പോൾ കോൺഗ്രസിലെ ദേശവിരുദ്ധ ഗാങ്ങിന്റെ കൈയിലെ കളിപ്പാവയായി മാറുകയാണ് ശിവസേന. ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് അവർ അത് കാണിച്ചുതന്നതാണ്. ഒരു കാലത്ത് ദേശീയതയും ഹിന്ദുത്വവുമായിരുന്നു അവരുടെ മുഖമുദ്ര. ഇന്നിപ്പോൾ അത് ഹിന്ദുത്വ വിരുദ്ധതയും ദേശവിരുദ്ധതയുമായി മാറിയിരിക്കുന്നു. അങ്ങിനെ ഒരു പാർട്ടി ഇന്നാവശ്യമുണ്ടോ എന്ന് ജനങ്ങൾ ചിന്തിച്ചാൽ അതിശയിക്കാനില്ലല്ലോ. ഹിന്ദുത്വ വിരുദ്ധതയും ദേശവിരുദ്ധതയും കൈമുതലായുള്ള എത്രയോ കക്ഷികൾ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ശിവസേനയുടെ അണികളും അനുഭാവികളും പതുക്കെ പതുക്കെ കളിക്കളം മാറ്റിക്കഴിഞ്ഞു…… അല്ലെങ്കിൽ ആ പ്രക്രിയ വേഗതയിൽ നടക്കുന്നു. 2019- ൽ ഇനി കോൺഗ്രസുമായി ചേർന്ന് മത്സരിക്കാൻ കൂടി അവർ തീരുമാനിച്ചാൽ എല്ലാമാവും. പക്ഷെ ഒന്നുണ്ട്; എനിക്ക് തോന്നുന്നില്ല കോൺഗ്രസോ എൻസിപി-യോ മഹാരാഷ്ട്രയിൽ ശിവസേനയെ സഖ്യകക്ഷിയായി അംഗീകരിക്കുമെന്ന്. അങ്ങനെവന്നാൽ അവിടെ വലിയതോതിൽ മുസ്ലിം-ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാവും എന്ന ചിന്ത ആ പാർട്ടികളിലുണ്ട്. ശരദ് പവാർ അക്കാര്യം മുൻപേ തുറന്നുപറഞ്ഞിട്ടുണ്ട്. സൂചിപ്പിക്കുന്നത്, ബിജെപി വിരുദ്ധ നിലപാടെടുത്ത് നിൽക്കുന്ന ബാൽ താക്കറെയുടെ പാർട്ടിക്ക് നാളെകളിൽ തനിച്ചുനിന്ന് വീരമൃത്യു വരിക്കേണ്ടിവരും. ആ പാർട്ടി മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിന്ന് നാടുനീങ്ങുന്നതിന്റെ തുടക്കമായിട്ടാണ് ഇതിനെ രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.
അതേസമയം തനിച്ചുനിന്നാലും അവിടെ ഏതാണ്ട് നിലവിലുള്ള സീറ്റുകൾ നിലനിർത്താൻ കഴിയും എന്നതാണ് ബിജെപി വിലയിരുത്തുന്നത്. 2014 ൽ 23 സീറ്റുകളിലാണ് ബിജെപി അവിടെ ജയിച്ചത്; ശിവസേന 18 മണ്ഡലങ്ങളിലും. ഏറ്റവുമൊടുവിൽ മഹാരാഷ്ട്രയിൽ നടന്ന ബിജെപി നേതൃയോഗത്തിൽ അമിത് ഷാ ഉറപ്പിച്ചുപറഞ്ഞത്, ‘തനിച്ചു മത്സരിക്കേണ്ടിവരും; എന്നാൽ നിലവിലുള്ളത്ര സീറ്റുകൾ നേടണം’ എന്നാണ്. ബിജെപിയുടെ വിലയിരുത്തൽ അതുതന്നെയാണ്. ശിവസേനയും കോൺഗ്രസും എന്സിപിയും അവസാനം ഒന്നിച്ചുനിന്നാൽ പോലും 22- 23 മണ്ഡലങ്ങളിൽ വിജയിക്കാനാവുമെന്ന് അവർ കരുതുന്നു. അടുത്തിടെ ബിജെപി നടത്തിയ അഭിപ്രായ സർവേ കാണിച്ചതും അതുതന്നെയാണ്. ഒരു നാലോ അഞ്ചോ ശതമാനം വോട്ടുകൂടി നേടാനായാൽ ആ സീറ്റുകളുടെ എണ്ണം 28- 29 ഒക്കെ ആവുകയും ചെയ്യും. അതുകൊണ്ട് 2019- ൽ മഹാരാഷ്ട്ര ബിജെപിക്ക് വലിയ പ്രശ്നമാവുകയില്ല. ആ ചിന്ത സാധൂകരിക്കുന്നതാണ് ഇപ്പോൾ നാം കണ്ട രണ്ട് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം. അവിടെയൊക്കെ എന്സിപിയും കോൺഗ്രസും ഒന്നിച്ചത് നാം കണ്ടു; ശിവസേന എല്ലായിടത്തും തനിച്ചു മത്സരിച്ചു. എന്നിട്ടും രണ്ടിടത്തും ബിജെപിക്ക് ഉജ്വലമായ വിജയം നേടാനായി.
മറ്റൊന്ന് യു.പിയാണ്. അവിടെ ഇപ്പോൾ ബിജെപി വിരുദ്ധ മുന്നണി രൂപപ്പെടുകയാണ്. അത് യഥാർഥത്തിൽ എങ്ങനെയാവും എന്നതൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു. സീറ്റ് വിഭജനമൊക്കെ പൂർത്തിയായാൽ മാത്രമേ അതിനെ വിലയിരുത്താനാവൂ. പക്ഷെ അപ്പോഴും അവിടെയും ബിജെപിക്ക് പ്രതീക്ഷക്ക് വലിയ വകയുണ്ട് എന്നതാണ് ഏറ്റവുമൊടുവിൽ നടന്ന കൈയ്റാന ഉപ തിരഞ്ഞെടുപ്പ് ഫലം കാണിച്ചുതരുന്നത്. അവിടെ എസ്‍പി -ബിഎസ്‍പി – കോൺഗ്രസ്- ആർഎൽഡി എന്നിവ ഒന്നിച്ചാണ് മത്സരിച്ചത്. എന്നിട്ടും ബിജെപി പരാജയപ്പെട്ടത് വെറും അൻപതിനായിരം വോട്ടിന് കീഴിലാണ്…. അതൊരു മുസ്ലിം ഭൂരിപക്ഷ മണ്ഡലമാണ് എന്നത് കൂടി ഓർമ്മിക്കുക. 2014 ൽ ബിജെപി അവിടെ വിജയിച്ചത് ചതുഷ്കോണ മത്സരത്തിലാണ്; അവിടെ ഇന്നത്തെ സാഹചര്യത്തില്പോലും ഇത്തരത്തിലുള്ള മികച്ച പ്രകടനം കാഴ്ചവെക്കാൻ ബിജെപിക്കായി എങ്കിൽ അതിന് കാരണം വ്യക്തമല്ലേ. അത് നൽകുന്ന സൂചനകൾ എന്താണ്….. യുപിയിൽ അഞ്ച് ശതമാനം വോട്ടു കൂടി ബിജെപി നേടണം; അതിനായാൽ അവിടെ അവർക്ക് 2014 ലെ നിലയിലേക്ക് എത്താനാവും. അതിലാണ് ഇപ്പോൾ ബിജെപി ശ്രദ്ധവെക്കുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും മറ്റു ബിജെപി നേതാക്കളും വിരൽ ചൂണ്ടുന്നത് പാർട്ടിയുടെ അടിത്തറ, ജനപിന്തുണ വികസിപ്പിക്കുന്നതിലേക്കാണ്…… യു. പിയിൽ ബിജെപി സർക്കാർ കൂടിയുള്ള ഈ വേളയിൽ അത് വിഷമകരമാവില്ല എന്നതാണ് കരുതേണ്ടത്. പറഞ്ഞുവന്നത്, ഇത്രക്കൊക്കെ പ്രതിപക്ഷ ഐക്യം ഉണ്ടെന്ന് കരുതുമ്പോഴും അതിലുൾപ്പെട്ട പല കക്ഷികൾക്കും ഉറക്കം നഷ്ടപ്പെടുന്നത് അതുകൊണ്ടുതന്നെയാണ്.
വേറൊന്ന് കൂടിയുണ്ട്; ആർഎസ്എസും അതിനൊപ്പമുള്ള പ്രസ്ഥാനങ്ങളും ബിജെപിക്കൊപ്പം ഒന്നിച്ചണിനിരക്കുന്നതാണ് അത്. 2014 ൽ കണ്ടത് അതിന്റെകൂടി വിജയമാണ്. ഇപ്പോഴും അതാണ് നടക്കുന്നത്. ആ പ്രസ്ഥാനങ്ങൾ ഒരേമനസോടെ ചർച്ചചെയ്ത് കരുക്കൾ നീക്കുന്നു. അത്തരമൊരു അടിത്തറ മറ്റൊരു പാർട്ടിക്കും, പ്രതിപക്ഷത്ത് എന്തൊക്കെ ഐക്യമുണ്ടായാലും, ചിന്തിക്കാനേ കഴിയില്ല. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇന്ന് സംഘ പ്രസ്ഥാനങ്ങൾക്ക് അടിവരുണ്ട്. അവർ ഒന്നിച്ചാണ് നീങ്ങുന്നത്. ശാസ്ത്രജ്ഞർ, തൊഴിലാളികൾ, അധ്യാപകർ, ബുദ്ധിജീവികൾ, ചരിത്രകാരന്മാർ, മാധ്യമപ്രവർത്തകർ, വിദ്യാർഥികൾ, കർഷകർ, ബാലിക- ബാലന്മാർ, വനവാസികൾ, പൂർവസൈനികർ ……. അങ്ങിനെ സർവ്വ മേഖലകളിലും ആ സാന്നിധ്യം കാണാം. അവിടെയൊക്കെ ഒരു ശക്തമായ സാന്നിധ്യം മാത്രമല്ല അവക്കുള്ളത്, അതിലുപരി സമാജത്തിന്റെ ഭാഗമായി അവയൊക്കെ മാറിയിരിക്കുന്നു. അവരുടെ കൂട്ടായ മുന്നേറ്റം തീർച്ചയായും ബിജെപിക്ക് കരുത്തുപകരുന്നു. അത് തന്നെയാവും ബിജെപിയുടെ വലിയ നേട്ടം. തങ്ങൾക്കെതിരെ എന്തെല്ലാം രാഷ്ട്രീയ കൂട്ടുകെട്ടുകൾ രൂപപ്പെട്ടാലും അതിനെ മറികടക്കാൻ തക്ക അടിത്തറ ഇന്ന് ബിജെപിക്കും അതിനൊപ്പമുള്ള ദേശീയ പ്രസ്ഥാനങ്ങൾക്കുമുണ്ട് എന്നർത്ഥം.
ഇതൊക്കെ തിരിച്ചറിയുന്നവരാണ് നക്സലുകളുടെ കൂടെ ഇപ്പോൾ അണിനിരക്കുന്നത്. ഗുജറാത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്ന് നടന്നിരുന്ന ചില നേതാക്കൾക്ക് ഇന്ന് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. അവർ മുഖാന്തിരമാണ് കോൺഗ്രസ് മാവോയിസ്റ്റുകൾക്ക് പണം നൽകിയത് എന്നതും പുറത്തുവന്നതാണ്. എന്തായാലും മഹാരാഷ്ട്ര സുപ്രധാനമാണ്. നേരായ പാതയിലൂടെ ജയിക്കാനാവാത്തവർ കലാപമഴിച്ചുവിടുന്നു എന്നത് രാഷ്ട്രീയമായി വിലയിരുത്തപ്പെടേണ്ടുന്ന കാര്യവുമാണ്.
Post Your Comments