പാട്ടക്കരാര്‍ കഴിഞ്ഞിട്ടും മലയാള മനോരമ കുടുംബം അനധികൃതമായി കൈവശപ്പെടുത്തി വച്ചിരുന്ന പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400 എക്കര്‍ ഭൂമി തിരിച്ചു പിടിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ പെട്ടതാണ് ഈ ക്ഷേത്ര ഭൂമി. പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ 1943 ആഗസ്ത് 23 നാണ് 786.71 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി 60 വര്‍ഷത്തെ പാട്ടത്തിന് തിരുവല്ല കടപ്പുറം മുറിയില്‍ തയ്യില്‍ മാമ്മന്‍ മകന്‍ ചെറിയാന് നല്‍കിയത്.
റബര്‍, കാപ്പി, തേയില തുടങ്ങിയ കാര്‍ഷികവിളകള്‍ കൃഷി ചെയ്യാനായിരുന്നു ഭൂമി. ആദ്യ 30 വര്‍ഷം പ്രതിവര്‍ഷം 350 രൂപ പ്രകാരവും പിന്നീടുള്ള 30 വര്‍ഷം പ്രതിവര്‍ഷം 500 രൂപയുമായിരുന്നു പാട്ടം. കാലാവധി തീരുന്ന 2003 ആഗസ്ത് 25നു ശേഷം പാട്ടക്കാര്‍ക്ക് ഭൂമിയില്‍ അവകാശം ഉണ്ടാകില്ലെന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി പാട്ടമടയ്ക്കുന്നത് ലംഘിച്ചാല്‍ കരാര്‍ ദുര്‍ബലമാവുമെന്നുമായിരുന്നു വ്യവസ്ഥ. കാലക്രമത്തില്‍ ഭൂമിയുടെ അവകാശം മലയാള മനോരമ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ എസ്റ്റേറ്റിനായി. പാട്ടസംഖ്യ 1974 വരെ അടച്ച യങ് ഇന്ത്യ എസ്റ്റേറ്റ് ഭൂമി സ്വന്തമാക്കാന്‍ ശ്രമിച്ചു.
ഭൂമിയുടെ പേരില്‍ സ്വന്തമായി കരമടച്ച് പട്ടയത്തിനപേക്ഷിച്ചെങ്കിലും 1978 ല്‍ അപേക്ഷ തള്ളി. ഇതിനിടയില്‍ നാന്നൂറ് ഏക്കറോളം സ്ഥലം അനധികൃതമായി വിറ്റഴിക്കുകയും ബാക്കിയുള്ള ഭൂമി നിരവധി തവണ കൈമാറ്റം നടത്തി ബാലന്നൂര്‍ പ്ലാന്റേഷന്‍ എന്ന കമ്പനിയുടെ അധീനതയില്‍ കൊണ്ടുവരികയും ചെയ്തു. കാലാവധിക്കു ശേഷം കരാര്‍ പുതുക്കരുതെന്ന് ആവശ്യപ്പെട്ട് 2002ല്‍ ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടത് മനോരമ തള്ളിക്കളഞ്ഞു.2003 ല്‍ നിരവധി പ്രക്ഷോഭണങ്ങളോടെ കേസ് ഹൈക്കോടതിയിലെത്തി.
കൈയേറ്റക്കാര്‍ ഹൈക്കോടതിസ്റ്റേ നേടിയെങ്കിലും ഒടുവില്‍ കൈയേറ്റം ശരിവച്ച് ഭൂമി തിരിച്ചുപിടിക്കാന്‍, കഴിഞ്ഞ ജൂണ്‍ 20നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒ അജീഷ് കുന്നത്തിന്റെ നേതൃത്വത്തില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ക്ക് കൈമാറി.
Post Your Comments