ഡല്‍ഹി: ഒഴിവ് വരുന്ന രാജ്യസഭ ഉപാദ്ധ്യക്ഷസ്ഥനം പിടിച്ചെടുക്കാന്‍ തന്ത്രമൊരുക്കി ബിജെപി. നിലവില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ചെറുകക്ഷികളെ കൂടെ നിര്‍ത്തി ഉപാധ്യക്ഷ സ്ഥാനം പിടിക്കാനാണ് നീക്കം.കോണ്‍ഗ്രസിന്റെ പി.ജെ.കുര്യന്റെ കാലാവധി കഴിഞ്ഞതോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അടുത്ത നേതാവിനെ രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കു നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു.
ജെഡിയു നേതാവ് ഹരിവംശ് നാരായണ്‍ സിംഗിനെ സ്ഥാനത്തെത്തിക്കാനാണു ശ്രമം.നിതീഷിന്റെ അടുപ്പക്കാരനെ ഉപാദ്ധ്യക്ഷനാക്കുന്നതിലൂടെ അടുത്തിടെ ബിഹാറില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത ഉരസല്‍ മയപ്പെടുത്താനാകുമെന്നും ബിജെപിയും ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പ്രതീക്ഷിക്കുന്നു. 2014-ല്‍ ജെഡിയു ടിക്കറ്റില്‍ രാജ്യസഭയിലെത്തിയ ഹരിവംശ് നാരായണ്‍ സിംഗ്, പത്രപ്രവര്‍ത്തന രംഗത്തെ പ്രമുഖ മുഖം കൂടിയായിരുന്നു. പ്രതിപക്ഷം വ്യാഴാഴ്ച തെരഞ്ഞെടുപ്പിനു മുമ്പ് തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ഇതിനായുള്ള പ്രതിപക്ഷ കക്ഷികളുടെ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസിലെ സുഖേന്ദു ശേഖര്‍ റാവുവായിരിക്കും പ്രതിപക്ഷ സ്ഥാനാര്ഥിയെന്നാണു സൂചന. ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ 123 പാര്ലമെന്റേറിയൻമാരുടെ പിന്തുണയാണ് വേണ്ടത്. ജെഡിയുവിനു പുറമേ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പാര്‍ട്ടി ബിജു ജനതാദളിന്റെയും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി ടിആര്‍എസിന്റെയും പിന്തുണയുണ്ടെങ്കില്‍ മാത്രമേ എന്‍ഡിഎയ്ക്കു തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിയൂ.
Post Your Comments