ചെന്നൈ•ഡി.എം.കെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു.
വൈകിട്ട് 6.10 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.
മക്കളായ സ്റ്റാലിന്‍, കനിമൊഴി എന്നിവര്‍ ഉള്‍പ്പടെ എല്ലാവരും അന്ത്യസമയത്ത് അദ്ദേഹത്തിന്റെ സമീപമുണ്ടായിരുന്നു.
ഇന്നലെ വൈകുന്നേരം മുതല്‍ കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നായിരുന്നു ഏ മെഡിക്കല്‍ ബുള്ളറ്റിന്‍. കൂടാതെ പ്രായാധിക്യവും രോഗങ്ങളും ചികിത്സയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തിക്കാന്‍ സാധിക്കുമോ എന്ന് പറയാന്‍ കഴിയില്ല എന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു.
ആശുപത്രി പരിസരത്തും ഗോപാലപുരത്തെ വസതിയ്ക്ക് മുന്‍ വശത്തും പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചെന്നൈയിലും ആശുപത്രി പരിസരത്തും പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായാണ് കലൈഞ്ജരുടെ ജനനം. ദക്ഷിണാമൂര്‍ത്തിയെന്നാണ് മാതാപിതാക്കള്‍ നല്‍കിയ പേര്.
കുട്ടിക്കാലത്തേ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണനിധി ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. പെരിയോരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തിൽ പ്രവർത്തിച്ചു. പിന്നീട് മുരസൊലി എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു. ഇക്കാലത്താണ് രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റർ പിക്ചേഴ്സ് അദ്ദേഹത്തെ സമീപിക്കുന്നത്. പെരിയാരോട് അനുമതി ചോദിച്ചെങ്കിലും അദ്ദേഹം നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. ഈ സിനിമയിൽ മുഖ്യ വേഷം ചെയ്ത എം.ജി.ആറുമായി സൗഹൃദത്തിലായി. ഗാന്ധിജിയുടെ ആരാധകനായിരുന്ന എം.ജി.ആറിനെ ദ്രാവിഡൻ ആശയങ്ങളിലേക്കാകർഷിച്ചത് കരുണാനിധിയായിരുന്നു.
1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് . 1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് ഭൂരിപക്ഷമാണ് നേടിയിരുന്നത്.
Post Your Comments