Latest NewsIndia

പൗരത്വ കണക്കെടുപ്പ് : ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തില്‍നിന്നും കോണ്‍ഗ്രസ് പിന്മാറി

പ്രതിപക്ഷ നിരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ഏതാനും തീവ്ര മുസ്ലിം സംഘടനകളും മാത്രമാണ് ഇപ്പോള്‍

ന്യൂഡല്‍ഹി: അസമിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തില്‍നിന്നും കോണ്‍ഗ്രസ് പിന്മാറി. എന്‍ആര്‍സി കോണ്‍ഗ്രസ്സിന്റെ കുട്ടിയാണെന്ന് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അവകാശപ്പെട്ടു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ യാഥാര്‍ഥ്യമാക്കിയ അസം കരാറിന്റെ തുടര്‍ച്ചയാണ് എന്‍ആര്‍സിയെന്നും വൈകാരിക രാഷ്ട്രീയത്തിനായി ബിജെപി വിഷയത്തെ ഉപയോഗിക്കുകയാണെന്നും സുര്‍ജേവാല ആരോപിച്ചു .പൗരത്വ പ്രശ്‌നം ബിജെപി വലിയ പ്രചാരണമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ്സിന്റെ മലക്കം മറിച്ചില്‍.

നേരത്തെ കരട് പട്ടികയില്‍ നാല്‍പ്പത് ലക്ഷം ആളുകള്‍ പുറത്തായതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ്സാണ് നടപടികള്‍ക്ക് തുടക്കമിട്ടതെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെയും പാര്‍ട്ടി രംഗത്തുവന്നിരുന്നു.എന്‍ആര്‍സിക്കെതിരായ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെ അസമിലെ നേതാക്കള്‍ ആദ്യമേ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്ന് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തി.

നിലപാട് തിരുത്താന്‍ മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ സമ്മര്‍ദവും ചെലുത്തി. ഇതോടെയാണ് മുസ്ലിങ്ങളെ പുറത്താക്കാനാണ് എന്‍ആര്‍സിയെന്ന് ആദ്യം ആരോപിച്ച കോണ്‍ഗ്രസ് നിലപാട് മാറ്റിയത്. സിപിഎമ്മും കഴിഞ്ഞ ദിവസം നിലപാട് മയപ്പെടുത്തി. ഇന്ത്യക്കാരെ പുറത്താക്കരുതെന്നാണ് പോളിറ്റ് ബ്യൂറോയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ക്കെതരെ നടപടിയെടുക്കരുതെന്നായിരുന്നു നേരത്തെ പാര്‍ട്ടിയുടെ നിലപാട്.

പ്രതിപക്ഷ നിരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ഏതാനും തീവ്ര മുസ്ലിം സംഘടനകളും മാത്രമാണ് ഇപ്പോള്‍ പൗരത്വ കണക്കെടുപ്പിനെ എതിര്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button