ആലപ്പുഴ: കുട്ടനാട് പാക്കേജ് പൂർണമായും നടപ്പാക്കാൻ തുടർനടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടനാട് ദുരിതാശ്വാസ നടപടികൾ അവലോകനം ചെയ്യാൻ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. ജലസ്രോതസുകളുടെ സംരക്ഷണത്തോടൊപ്പം ഇവ ആഴംകൂട്ടി സംരക്ഷിക്കൽ, പഞ്ചായത്തുകളിൽ സംഭരണകേന്ദ്രങ്ങൾ തുടങ്ങിയവ നിർമിക്കുക എന്നിവയ്ക്കായുള്ള രൂപരേഖ തയ്യാറാക്കിയാകും സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read also: മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി
വെള്ളം നിലവിട്ട് ഉയരുന്ന സാഹചര്യത്തിൽ ആളുകളെ പാർപ്പിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി വിവിധയിടങ്ങളിൽ വിവിധോദ്യേശ്യ കെട്ടിടങ്ങൾ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ നിർമിക്കും. ജലനിരപ്പ് ഉയരുമ്പോൾ കെട്ടിടങ്ങളിൽ വെള്ളം കയറാത്ത വിധത്തിലുള്ള നിർമാണ സംവിധാനം കുട്ടനാട്ടിൽ പരിഗണിക്കും. ഇതിനായി ആവശ്യമെങ്കിൽ നിയമഭേദഗതി കൊണ്ടുവരും. പ്രളയ സമയങ്ങളിൽ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെടാതിരിക്കാൻ സൗരോർജ്ജ പദ്ധതിയും പരിഗണിക്കും. കുട്ടനാട്ടിലെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണത്തക്കവിധത്തിൽ ഫലപ്രദമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. വരുന്ന മന്ത്രിസഭയോഗം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ വകുപ്പിലും സ്പെഷൽ ഓഫീസറെ നിയമിക്കണം. റവന്യുവകുപ്പ് ജില്ലാതലത്തിൽ ഇത് ഏകോപിപ്പിക്കും. നഷ്ടമായ അധ്യയന ദിനങ്ങൾ തിരിച്ചുപിടിക്കാൻ വിശദമായ രൂപരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. കുട്ടനാട്ടിലെ അടിയന്തര സേവന ഓഫീസുകളെ വെള്ളപ്പൊക്കം ബാധിക്കാത്ത നിലയിൽ ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം കുട്ടനാട്ടിൽ സ്ഥാപിക്കുന്നത് പരിഗണിക്കും. വെള്ളപ്പൊക്കത്തിൽ വിവിധ രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ ലഭ്യമാക്കാൻ പഞ്ചായത്ത്, താലൂക്ക് തലത്തിൽ അദാലത്ത് നടത്തണം. ദുരിതബാധിതർക്ക് വായ്പ ലഭ്യമാക്കാൻ ബാങ്കുകളുടെ സഹായം തേടാൻ മുഖ്യമന്ത്രി ജില്ല കളക്ടർക്ക് നിർദ്ദേശം നൽകി. ജില്ലാതല ബാങ്കിങ് സമതി വിളിച്ച് ഇക്കാര്യം ചർച്ച ചെയ്യണം. കൂടുതൽ വിശദാംശങ്ങൾ മന്ത്രിസഭയിൽ പരിഗണിക്കും. ഏറെ പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാർക്ക് പ്രത്യേകം വായ്പ നൽകുന്നത് കെ.എഫ്.സി.യും സഹകരണ ബാങ്കുകളും പരിഗണിക്കണമെന്നും കാർഷിക വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് മന്ത്രിസഭ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയബാധിത മേഖലകൾക്ക് അനുയോജ്യമായ കെട്ടിടനിർമ്മാണ സാധ്യത പരിഗണിക്കണം വെള്ളം ഒഴുകിപ്പോകാൻ പാകത്തിൽ അടഞ്ഞ ചാലുകൾ തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഇതിന് സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ള എല്ലാവരുടെയും സഹായം തേടണം. കുട്ടനാടിന്റെ പ്രകൃതിയുടെ പ്രത്യേകത അനുസരിച്ച് ശുചിമുറികൾ നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കണം. ഇപ്പോൾ പലയിടങ്ങളിലും ഭക്ഷ്യവസ്തുക്കളും ദുരിതാശ്വാസ വസ്തുക്കളും എത്തിക്കുന്നതിന് പാലങ്ങൾ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം പാലങ്ങൾ ഉയരം കൂട്ടി പുനർനിർമിക്കാൻ നബാർഡ് പദ്ധതികൾ ഉപയോഗപ്പെടുത്തും
കുട്ടനാട്ടിൽ ഉൾപ്പടെ കൂടുതൽ ജല ആംബുലൻസ് ആവശ്യമാണ്. കന്നുകാലികൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകും. ഭാവിയിൽ ഇവയുടെ സംരക്ഷണത്തിനാവശ്യമായ പ്രത്യേക നടപടികൾ മൃഗസംരക്ഷംവകുപ്പ് സ്വീകരിക്കണം. വൈദ്യുതി, വെള്ളക്കരം എന്നിവ അടയ്ക്കുന്നതിനു സാവകാശം നൽകണമെന്നാണ് സർക്കാർ കാണുന്നത്. ഇക്കാര്യം മന്ത്രിസഭയിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പകർച്ചവ്യാധികൾക്കെതിരെ ഫലപ്രദമായ നടപടികൾ ഉണ്ടാകണം. വെള്ളമിറങ്ങുന്നതോടെ വരാവുന്ന അപകടം മുൻകൂട്ടി കണ്ട് കൂടുതൽ ജാഗ്രത ആരോഗ്യമേഖലയിൽ പുലർത്തണം. പാമ്പുകടിയേറ്റാൽ ചികിൽസയ്ക്ക് മെഡിക്കൽ കോളേജിൽ ഉൾപ്പടെ ആശുപത്രികളിൽ സംവിധാനം ഒരുക്കണമെന്നും ആവശ്യത്തിന് മരുന്ന് കരുതിയിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കുടിക്കുന്ന വെള്ളം ശുദ്ധമായിരിക്കണം എന്നതാണ് പ്രധാന വിഷയം. ഇക്കാര്യത്തിൽ ജലഅതോറിറ്റി പ്രത്യേക പ്രാധാന്യം നൽകണം. ആവശ്യമായ ഇടങ്ങളിലെല്ലാം കുടിവെള്ളം ജലഅതോറിറ്റി ലഭ്യമാക്കണം.
ശുചിത്വമിഷൻ നേതൃത്വത്തിൽ റവന്യൂ,ആരോഗ്യ, തദ്ദേശവകുപ്പുകൾ എന്നിവ ശുചീകരണത്തിൽ പ്രത്യേകശ്രദ്ധ പതിപ്പിക്കണം. വെള്ളം ഇറങ്ങിയ വീടുകളിൽ തറയിൽ കയർ തടുക്കുകൾ വിരിക്കുന്നത് നന്നായിരിക്കും. ഇതിന് പ്രത്യേക ഊന്നൽ നൽകണം. റോഡ് അറ്റകുറ്റപ്പണി ഫലപ്രദമായി നടത്തും എ.സി.റോഡ് പ്രത്യേകമായി പരിഗണിച്ചായിരിക്കും നടപടി. പൊതുമരാമത്ത് മന്ത്രിയും ധനമന്ത്രിയും ചേർന്ന് ഇക്കാര്യത്തിൽ ചർച്ചനടത്താൻ നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും പൂർത്തീകരിക്കാത്ത കുടിവെള്ള പദ്ധതികൾ ഉണ്ടെങ്കിൽ വേഗത്തിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെയും കുട്ടനാടിന്റേയും ചരിത്രത്തിലെ പ്രധാനഘട്ടമാണ് ഇപ്പോൾ പിന്നിട്ടിരിക്കുന്നത്. ഇതുപോലൊരു വെള്ളപ്പൊക്കം സമീപകാലത്തൊന്നുമുണ്ടായില്ല. എന്നാൽ ദുരിതാശ്വാസമേഖലയിൽ ഒരു പുതിയ അധ്യായമാണ് ഇവിടെ കുറിച്ചത്. വലിയൊരു കൂട്ടായ്മയിലൂടെ ഇതിന്റെ കെടുതികൾ മറികടക്കാൻ നടത്തുന്ന പരിശ്രമം അഭിനന്ദനാർഹമാണ്. ഇതൊരു കുട്ടനാടൻ മാതൃകയായി കാണാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments