
ഇടുക്കി: മൂന്നാറിലെ അതീവ സുരക്ഷ മേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. കൈയ്യേറ്റ ഭൂമിയിൽ നിർമ്മിച്ചിരുന്ന ഷെഡ് പരിശോധിക്കവെയാണ് ഇവ കണ്ടെത്തിയത്.പഴയ മൂന്നാർ ഹെഡ് വർക്സ് ജലാശയത്തിന് സമീപത്തെ സർക്കാർ ഭൂമി കൈയ്യേറി ഷെഡ് നിർമ്മിക്കുന്നതായി റവന്യു അധികൃതർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവാണ് ഷെഡ് നിർമ്മിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ റവന്യു വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
തുടർന്നെത്തിയ സംഘം ഷെഡ് പരിശോധിക്കവെയാണ് പതിനൊന്ന് ജലാസ്റ്റിൻ സ്റ്റിക്കുകൾ, മൂന്ന് ഡിറ്റനേറ്ററുകൾ, വെടിയുപ്പ് എന്നിവയാണ് കണ്ടെത്തിയത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിനു സമീപത്തുള്ള കെട്ടിടം ഒഴിപ്പിക്കാൻ റവന്യൂ സംഘമെത്തിയത്. സ്പെഷൽ തഹസിൽദാർ ശ്രീകുമാർ , റവന്യൂ ഇൻസ്പെക്ടർ അശ്വിനികുമാർ , സുനിൽ കുമാർ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം എത്തുമ്പോൾ ഷെഡ് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് സംഘം പൂട്ട് തകർത്ത് പരിശോധ നടത്തവെയാണ് ഉഗ്ര സ്‌ഫോടനത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെടുത്തത്. ഹെഡ് വർക്സ് ജലാശയത്തിൽ നിന്നും പോതമേട്ടിലേക്ക് പോകുന്ന വഴിയിലെ സർക്കാർ ഭൂമിയിലാണ് ഷെഡ് നിർമ്മിച്ചിരുന്നത്. ജലാശയത്തിന് സമീപത്തെ അതീവ സുരക്ഷാ മേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments