KeralaLatest News

പാലക്കാട് തകര്‍ന്ന കെട്ടിടത്തിന്റെ ഒരുഭാഗം അനധികൃതം; ഉടമകള്‍ക്കെതിരെ കേസ്

കെട്ടിടത്തിന്റെ മൂന്നാം നില അനുമതി ലഭിയ്ക്കാതെ നിര്‍മ്മിച്ചതാണെന്നാണ് കണ്ടെത്തല്‍

പാലക്കാട്:  പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിനു സമീപം ഇന്നലെ തകര്‍ന്നു വീണ മൂന്നു നില കെട്ടിടത്തിന്റെ ഒരു ഭാഗം അനധികൃതമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തി. കെട്ടിടത്തിന്റെ മൂന്നാം നില അനുമതി ലഭിയ്ക്കാതെ നിര്‍മ്മിച്ചതാണെന്നാണ് കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് കെട്ടിട ഉടമകള്‍ക്കെതിരെ കേസ് എടുത്തു. ഇതില്‍ നഗര സഭയ്ക്ക് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്നും ആരോപണമുയരുന്നുണ്ട്.

തകര്‍ന്ന കെട്ടിടത്തില്‍ ഇന്നലെ അര്‍ദ്ധ രാത്രിയോടെ നിര്‍ത്തിവച്ച തിരച്ചില്‍ ഇന്നു രാവിലെ പുനരാരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങളില്‍ ആരും തന്നെ കുടുങ്ങി കിടക്കിടക്കുന്നില്ലെന്നാണു നിഗമനം. എങ്കിലും വളരെ സൂക്ഷമതയോടെയാണ് ജെ.സി.ബിയും മറ്റും ഉപയോഗിച്ച് തിരച്ചില്‍ തുടരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് നഗരത്തെ നടുക്കിയ അപകടം നടന്നത്. കെട്ടിടത്തിന് അമ്പതോളം വര്‍ഷം പഴക്കമുണ്ട്.

Also Read : ബഹുനില കെട്ടിടം തകര്‍ന്നുവീണ് അപകടം : 7 പേരെ രക്ഷപ്പെടുത്തി

ഇതിന്റെ താഴത്തെ നിലയിലെ സരോവര്‍ ഹോട്ടലില്‍ അറ്റകുറ്റപ്പണികള്‍ നടന്നുവരികയായിരുന്നു. ഹോട്ടല്‍, ബേക്കറി, മൊബൈല്‍ ഫോണ്‍ കടകള്‍, ലോഡ്ജ് തുടങ്ങിയവ തകര്‍ന്ന കെട്ടിട സമുച്ചയത്തില്‍ ഉണ്ടായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്സ്, പോലീസ് സേനകളും ജില്ലയില്‍ ക്യാമ്പ് ചെയ്തിരുന്ന ദുരന്തനിവാരണ സേനാംഗങ്ങളും ദ്രുതഗതിയില്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.

ഉടന്‍ തന്നെ കെട്ടിടാവശിഷ്ടത്തില്‍ നിന്നും പരിക്കേറ്റവരെ പുറത്തെടുത്തു. അപകടം നടക്കുമ്പോള്‍ ഇരുപതോളം പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാത്രിയോടെ പട്ടിക ജാതി മുന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും അടിയന്തരയോഗം വിളിച്ചുകൂട്ടി.

കെട്ടിടത്തിന്റെ ബാക്കിയുള്ള ഭാഗം സീല്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നു മുതല്‍ പാലക്കാട് നഗരത്തിലെ എല്ലാ കെട്ടിടങ്ങളുടേയും പരിശോധന ആരംഭിയ്ക്കാനും ബലക്ഷയമുള്ള കെട്ടിടങ്ങള്‍ പൊളിക്കാം അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനും നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button