ഇടുക്കി: വണ്ണപ്പുറം മുണ്ടന്മുടി കമ്പക്കാനം കാനാട്ട് കൃഷ്ണനെയും കുടുംബത്തെയും മൃഗീയമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ക്രൂരമായി വെട്ടിയും കുത്തിയും കൊന്നശേഷം കുഴിച്ചുമൂടിയതാണെന്നാണ് പ്രാഥമിക നിഗമനം. വീടിന് പിന്നിലെ ചാണകക്കുഴിയോട് ചേര്‍ന്ന് കഷ്ടി നാലടി താഴ്ചയും രണ്ട് അടിയോളം വീതിയുമുള്ള കുഴിയില്‍ ഒന്നിന് മീതേ ഒന്നായിട്ടാണ് നാലു പേരുടെയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. കൊല്ലപ്പെട്ട കാനാട്ട് കൃഷ്ണന്‍ തനിക്ക് നേരെ ഏതുനിമിഷവും ആക്രമണം പ്രതീക്ഷിച്ചിരുന്നതായി സൂചനയുണ്ട് . കൃഷ്ണന്റെ വീട്ടിലെ രണ്ട് മുറികളില്‍ നിന്നും വടിവാളും കമ്പിവടിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പലവഴിക്കും ശത്രുക്കളുണ്ടെന്നുള്ള തിരിച്ചറിവില്‍ സ്വയരക്ഷയ്ക്കായി കരുതിവച്ചതാവാം ഇതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. സാമാന്യം വലിപ്പമുള്ള വാര്‍ക്കപ്പണിക്ക് ഉപയോഗിക്കുന്ന പിരിയന്‍ കമ്പിയില്‍ വള്ളികെട്ടിയാണ് കമ്പി വടിയായി രൂപപ്പെടുത്തിയിരുന്നത്. ആജാനുബാഹുവായ കൃഷ്ണന്‍ അത്യാവശ്യം അഭ്യാസമുറകള്‍ അറിയാവുന്ന ആളാണെന്നാണ് ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം. ദിവസവും രാവിലെ ഒരുലിറ്റര്‍ ആട്ടിന്‍പാലും രണ്ടുകോഴി മുട്ടയും കൃഷ്ണന്‍ അകത്താക്കുമെന്ന് വീട്ടുകാര്‍ പറഞ്ഞ് കേട്ടിട്ടുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു.
കൃഷ്ണന്റെ ശരീര പ്രകൃതി കണക്കിലെടുത്താല്‍ ഈ പറഞ്ഞതില്‍ അതിശയോക്തിയില്ലെന്ന് ആര്‍ക്കും ബോദ്ധ്യമാവുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഒന്നിലധികം പേരുള്ള സംഘമായിരിക്കാം കൃത്യം നടത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.ചുറ്റിക. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന കാഠാര എന്നിവ കുഴിക്ക് സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. കൃഷ്ണന്‍ വീട്ടില്‍ പൂജകര്‍മ്മങ്ങള്‍ നടത്തിയിരുന്നെന്നും ഇതില്‍ പങ്കെടുക്കാന്‍ ഭൂരദേശങ്ങളില്‍ നിന്ന് കാറുകളില്‍ ആളുകള്‍ എത്തിയിരുന്നെന്നും അയല്‍ക്കാര്‍ പറഞ്ഞു.
തൊട്ടടുത്തൊന്നും വീടില്ലാത്തതും ഞായറാഴ്ച രാത്രി പെയ്ത കനത്തമഴയും കൃത്യത്തിനെത്തിയവര്‍ക്ക് തുണയായി എന്നാണ് പൊലീസ് കണക്കുകൂട്ടല്‍. കതകുകള്‍ പൊളിച്ചല്ല അക്രമികള്‍ അകത്തുകടന്നത് എന്നകാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിചയമുള്ള ഒരാളെങ്കിലും അക്രമി സംഘത്തില്‍ ഉണ്ടാവുമെന്ന് പൊലീസ് ഉറച്ച് വിശ്വസിക്കുന്നു.ഫോണ്‍ കോളുകളും മറ്റും പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ആദ്യനീക്കം. സി സി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഈ പാത വഴി കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങളും അന്വേഷണ സംഘം വിലയിരുത്തും.
സമീപ വാസികളുമായി കാര്യമായ അടുപ്പമോ സൗഹൃദമോ ഉണ്ടായിരുന്നില്ലെന്ന് അവര്‍ പറയുന്നു. രാത്രികാലങ്ങളില്‍ കൃഷ്ണനെ കാണാന്‍ ദൂര സ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ ജീപ്പുകളിലും ബൈക്കുകളിലുമെല്ലാം ആള്‍ക്കാര്‍ വന്നിരുന്നു. ഇത്തരത്തില്‍ ദുര്‍മന്ത്രവാദത്തിന് എത്തിയവരാണോ കൊല നടത്തിയതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് ആരെങ്കിലും ശത്രുക്കള്‍ ഉള്ളതായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.ഇതിനിടെ കൊല്ലപ്പെട്ട കൃഷ്ണനും ഭാര്യ സുശീലയും അണിഞ്ഞിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ചചെയ്യപ്പെട്ടതായുള്ള സംശയവും ഉയര്‍ന്നിട്ടുണ്ട്.
കൃഷ്ണന്റെ കഴുത്തില്‍ കാഴ്ചയില്‍ നാല്-അഞ്ച് പവന്‍ തൂക്കം തോന്നിക്കുന്ന മാലയും സുശീലയുടെ കഴുത്തില്‍ മൂന്ന് മാലയും വരെ കണ്ടിട്ടുണ്ടെന്നാണ് നാട്ടുകാരില്‍ ചിലരുടെ വെളിപ്പെടുത്തല്‍.മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം എത്തിക്കുന്ന കനാട്ട് കൃഷ്ണൻ, സുശീല, ആർഷ, അർജുൻ എന്നിവരുടെ മൃതദേഹങ്ങൾ വൈകിട്ടോടെയാണ് കമ്പക്കാനത്ത് സംസ്കരിക്കുക.
Post Your Comments