Latest NewsKerala

നനഞ്ഞ പടക്കം പോലെ ഒരു ഹര്‍ത്താല്‍; ജനജീവിതം സാധാരണപോലെ

തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നനഞ്ഞ പടക്കം പോലെയാകുന്നു. ഇന്ന് ഹര്‍ത്താല്‍ വജയിപ്പിക്കണം എന്നാവശ്യപ്പെട്ട് തൃശ്ശൂരില്‍ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ നോട്ടീസ് വിതരണം ചെയ്തെങ്കിലും ജനജീവിതം സാധാരണപോലെയണ്. നിരത്തുകളില്‍ വണ്ടികള്‍ സജീവമാണ്. രാവിലെ മുതല്‍ തന്നെ വാഹനങ്ങള്‍ ഓടി തുടങ്ങിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളും പതിവ് സമയത്ത് തന്നെ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും കാറുകളും ഇരുചക്ര വാഹനങ്ങളും ഓടുന്നുണ്ട്.

കടകളും രാവിലെ മുതല്‍ തന്നെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ രാവിലെ മുല്‍ തന്നെ ഓഫീസുകളിലേക്കും എത്തുന്നുണ്ടെന്നാണ് വിവരം. ഹര്‍ത്താലിനെ തുടര്‍ന്ന് സംസഥാനത്ത് ഒരു സര്‍വ്വകലാശാലയും പരീക്ഷ മാറ്റി വെച്ചതായി അറിയിച്ചിട്ടില്ല. എല്ലാ സ്‌കൂളുകളും മുടക്കമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രമുഖ ഹൈന്ദവ സംഘടനകളുടെ പിന്തുണയില്ലാത്തതിനാല്‍ തന്നെ നനഞ്ഞ പടക്കമായി മാറിക്കഴിഞ്ഞു.ഹര്‍ത്താലിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. ഹര്‍ത്താലുമായി ആര്‍എസ്എസിനു ബന്ധമില്ല. ചില സംഘടനകള്‍ ഹിന്ദു സംഘടനകളെന്ന പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നും പ്രാന്ത കാര്യവാഹക് പി. ഗോപാലന്‍കുട്ടി അറിയിച്ചു.

Also Read : ശബരിമല: ഹിന്ദുക്കളുടെ വിശ്വാസത്തിൽ ക്രിസ്ത്യാനിയായ ജോസഫൈൻ ഇടപെടേണ്ടതില്ല : പി സി ജോർജ്

ശബരിമലയുടെ പേരില്‍ 30ന് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലില്‍ സമുദായത്തിനു പങ്കില്ലെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് യോഗം അറിയിച്ചു. ആയിരക്കണക്കിനു വര്‍ഷംകൊണ്ട് ഉയര്‍ന്നുവന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതിനകംതന്നെ ഏറെ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനകൊണ്ട് അളന്നുകളയാമെന്നു വിചാരിക്കുന്നതു ചരിത്രവിരുദ്ധമാണെന്നു സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ദേവദാസ് പറഞ്ഞു. ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും ബസ്സുകള്‍ ഓടുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരും അറിയിച്ചിട്ടുണ്ട്. അതേസമയം ചില സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും തിങ്കളാഴ്ച സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. ജനതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം ഹര്‍ത്താലനുകൂലികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. നഗരത്തിലെ കാമറകള്‍ പരിശോധിച്ച് ഇവരെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ നീക്കം. ഹര്‍ത്താലിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കമ്മിഷണര്‍ യതീഷ്ചന്ദ്ര അറിയിച്ചു. കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്താല്‍ കേസ് ഉള്‍പ്പെടെയുള്ള നടപടിയുണ്ടാകും. സര്‍ക്കാര്‍ ഓഫീസില്‍ അതിക്രമിച്ചു കയറിയാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസ് എടുക്കും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലും ഉണ്ടാകുമെന്നും കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button