ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുക ചെറുതോണി ടൗണിലേക്കാണ്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇവിടെ വെള്ളമെത്തും. ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാർഡ് എന്നിവ ജാഗരൂകരായി ഇരിക്കുവാനുള്ള സന്ദേശം നൽകിക്കഴിഞ്ഞു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം വായു സേനയുടെ ഒരു എം ഐ 17വി ഹെലികോപ്ടറും എ എൽ എച്ച് ഹെലികോപ്ടറും സദാ സജ്ജമാക്കി വെച്ചിരിക്കുന്നു.നാവികസേനയും കരസേനയുടെയും നാല് കോളം പട്ടാളക്കാരും വിന്യസിക്കാൻ തയ്യാറായി നിൽക്കുന്നു. എറണാകുളത്തിന്റെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയാൽ വിന്യസിക്കാൻ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാർഡ് സംഘവും തയ്യാറാണ്. മൂന്നു ഡാമുകൾ ചേർന്നാണ് ഇടുക്കി ടാം. ഇതിൽചെറുതോണി ഡാമിന് മാത്രമാണ് ഷട്ടറുകൾ ഉള്ളത്.
അതുകൊണ്ടു തന്നെ ഇവിടെയാണ് ഷട്ടറുകൾ തുറക്കുന്നത്. ഇതിനു മുൻപ് 92 ലും 81 ലുമാണ് ഷട്ടറുകൾ തുറന്നത്. അന്നും വളരെയേറെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണ വളരെയേറെ വ്യാപാര സ്ഥാപനങ്ങളും വീടും മറ്റും പെരിയാറിലേക്ക് ഇറക്കി നിർമ്മിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണ നാശ നഷ്ടങ്ങളുടെ കണക്ക് കൂടാനാണ് സാധ്യത. നൂറോളം കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ചെറുതോണിയിൽ നിന്ന് 30 കിലോമീറ്റർ ദൂരത്തുള്ള പനംകുട്ടിയിലേക്കാണ് ഒഴുകിയെത്തുക. എന്നാൽ ഇത് പോകുന്ന പല വഴികളും ഇന്ന് കൃഷിയിടങ്ങളും വ്യാപാര സമുശ്ചയങ്ങളും ഉണ്ട്. ഒഴുക്ക് 26 വര്ഷങ്ങളായി പെരിയാറിന്റെ ഈ ഭാഗത്തേക്കുള്ള ഒഴുക്ക് നിലച്ചിരിക്കുകയാണ്. ജനങ്ങൾ ഇതോടെ ആശങ്കയിലായിരിക്കുകയാണ്.
Post Your Comments