
റിയാദ് : ഭാര്യയെ ഫോണ്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ ഭര്‍ത്താവിന്റെ മരണം. ഭാര്യ അനുരാധയ്ക്ക് ഭര്‍ത്താവ് മരിച്ചെന്ന് വിശ്വസിയ്ക്കാനേ സാധിക്കുന്നില്ല. കാരണം അനുരാധയോട് സംസാരിച്ച് ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ദിലീപ് മരണപ്പെട്ടിരുന്നു. അഥവാ കൊല്ലപ്പെട്ടിരുന്നു. കുറച്ച് പണം അയയ്ക്കുകയാണ്, ബാങ്കില്‍ നിന്ന് എസ്എംഎസ് കിട്ടിയാലുടന്‍ അറിയിക്കണം ഇതായിരുന്നു അനുരാധയോട് സൗദിയിലുള്ള ഭര്‍ത്താവ് ദിലീപ്കുമാര്‍ ഫോണില്‍ പറഞ്ഞ അവസാനവാചകം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അനുരാധയ്ക്ക് എസ്എംഎസ് എത്തിയില്ല. 30 തവണയിലേറെ തിരികെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. എന്നാല്‍ പിന്നീട് ഫോണ്‍ വിളിയെത്തിയത് ദിലീപ് കുമാറിന്റെ മരണ വാര്‍ത്തയായിരുന്നു.
ഭര്‍ത്താവ് സൗദിയിലെ ദമാമില്‍ മരിച്ചെന്ന വിവരമറിഞ്ഞിട്ട് ഒരു മാസമാകുമ്പോഴും വട്ടിയൂര്‍ക്കാവ് അറപ്പുര ചെറുകുടല്‍ ഇല്ലത്തെ അനുരാധയും സ്‌കൂളില്‍ പഠിക്കുന്ന രണ്ടു മക്കള്‍ക്കും ദിലീപിന്റെ മരണം വിശ്വസിയ്ക്കാന്‍ സാധിച്ചിട്ടില്ല. 24 വര്‍ഷമായി സൗദി അറേബ്യയിലെ റിയാദില്‍ വിവിധ നിര്‍മാണ കമ്പനികളിലാണു ദിലീപ് (46) ജോലി ചെയ്തിരുന്നത്. ജൂലൈ ഏഴിനാണു നിര്‍മാണ സ്ഥലത്തെ ഒരു കെട്ടിടത്തില്‍ അസ്വാഭാവികമായി മരണപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
read Also : ദുരൂഹ സാഹചര്യത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രവാസി യുവാവ് മരിച്ചു
രാവിലെ എട്ടരയ്ക്ക് അനുരാധയെ ഫോണ്‍ വിളിച്ച ദിലീപിന്റെ മൃതദേഹം പത്തരയോടെയാണു കണ്ടെത്തിയതെന്നാണു സൗദിയില്‍ നിന്നുള്ള വിവരം. കഴിഞ്ഞ രണ്ടു മാസത്തിനിടെ ബാങ്കില്‍ പണം അടയ്ക്കാന്‍ പോകുന്നതിനിടെ രണ്ട് തവണ ആരൊക്കെയോ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായി അനുരാധയോട് ഫോണില്‍ ദിലീപ് പറഞ്ഞിരുന്നു.
ഈ സംഭവങ്ങള്‍ക്കു മരണവുമായി ബന്ധമുണ്ടോയെന്നാണു സംശയം. അന്വേഷണത്തിനായി സൗദി പൊലീസ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments