റിയാദ്: ദുരൂഹ സാഹചര്യത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രവാസി യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ അബ്ദുല്‍ ഖാദറാണ് (26) മരിച്ചത്. സൗദിയിലായിരുന്നു സംഭവം. അതേസമയം സ്പോണ്‍സറുടെ കുടുംബാംഗവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരിയെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
2015 നവംബര്‍ 19 നാണ് ഖാദര്‍ റിയാദിലേക്ക് പോയത്. തുടര്‍ന്ന് സാലിഹ് അലി അഹ്മദ് എന്ന സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് ഖാദറിന്റെ സഹോദരന്‍ അബ്ദുല്‍ ഖയ്യൂം പറഞ്ഞു.
അവസാനമായി 2017 മാര്‍ച്ച് 28 ന് വിളിച്ചിരുന്നതായും ആറ് മാസമായി ഖാദറിന് ശമ്പളം കിട്ടാത്ത കാര്യം അന്ന് സംസാരിച്ചിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. പിന്നീട് മാര്‍ച്ച് 31 ന് ഖയ്യൂമിന് റിയാദില്‍ നിന്ന് ഒരു ഫോണ്‍ വരികയും സഹോദരന്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണെന്ന് പറയുകയുമായിരുന്നു.
സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചെന്ന് മാത്രമാണ് പറഞ്ഞതെന്നും വേറെ വിശദ വിവരങ്ങള്‍ ഒന്നും നല്‍കിയില്ലെന്നും അബ്ദുല്‍ ഖാദറിന്റെ സഹോദരി ആരോപിച്ചു.
സംഭവത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടുണ്ടെന്നും എംബസി സൗദിയിലെ ആശുപത്രി സന്ദര്‍ശിച്ചതായും എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. മൃതശരീരം കൂടുതല്‍ പരിശോധനക്കായി പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
Post Your Comments