റഫേൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് കോൺഗ്രസ് പാർട്ടി എടുക്കുന്ന ഓരോ നീക്കവും തിരിച്ചടിക്കുകയാണ്. തങ്ങൾ പറഞ്ഞതെല്ലാം അബദ്ധമാണ് എന്നും മണ്ടത്തരമായിപ്പോയി എന്നും അവ തികച്ചും വസ്തുതാവിരുദ്ധമായി എന്നും ജനങ്ങൾക്ക് ബോധ്യപ്പെടുമ്പോൾ ഓരോ പുതിയ ന്യായങ്ങൾ അവതരിപ്പിക്കാൻ അവർ ശ്രമിക്കുകയാണ്. അതൊക്കെയും മറ്റൊരു അബദ്ധമായിതീരുന്നു. ഇവിടെ ഞാൻ ശ്രദ്ധിച്ച ഒരു പ്രധാന കാര്യം, ഇതിത്ര വലിയ കുംഭകോണം ആണെങ്കിൽ എന്തുകൊണ്ടാണ് മുതിർന്ന ഒരു കോൺഗ്രസ് നേതാവ് ഇത് ഉന്നയിക്കാത്തത് ?. പാർട്ടി വക്താവ് വലിയ നേതാവ് അല്ല എന്നല്ല, അതിനേക്കാൾ ജഗജില്ലികൾ എത്രയോ കോൺഗ്രസിലുണ്ട്……അവർ മുൻപൊക്കെ ഇതും ഇതുപോലുള്ളതുമായ വിഷയങ്ങൾ പൊതുസമൂഹത്തിലെത്തിക്കാൻ അധ്വാനിക്കാറുണ്ടല്ലോ. അവരെന്താണ് ഇപ്പോൾ പരസ്യമായി രംഗത്ത് വരാതിരുന്നത്. കാരണം വ്യക്തം; സ്വബോധമുള്ള അവരിൽ പലർക്കും നന്നായി അറിയാം, ഇതുമായി മുന്നോട്ട് പോകുന്നത് അബദ്ധമാണ് എന്ന്. എന്നാൽ രാഹുൽ ഗാന്ധിക്ക് അത് ഇനിയും ബോധ്യമാവുന്നില്ല. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ തുറന്നുകാട്ടപ്പെടുക കോൺഗ്രസ് തന്നെയാവും; അത് വളരെയേറെ ബാധിക്കുക ഒരു പക്ഷെ എകെ ആന്റണിയുടെ പ്രതിച്ഛായയെ ആയാൽ അതിശയിക്കാനുമില്ല. അത് അടുത്തകാലത്തൊന്നും ബോധ്യമാവുകയുമില്ല. റഫേൽ ഇടപാട് സംബന്ധിച്ച ഒരു ലേഖന പരമ്പരയാണ് ഇന്ന് തുടങ്ങുന്നത്. ഇതിന്റെ ബാക്കി അടുത്തദിവസം നിങ്ങൾക്ക് ഇവിടെതന്നെ പ്രതീക്ഷിക്കാം.
ഇതുസംബന്ധിച്ച് വിശദമായി കാര്യങ്ങൾ മുൻപ് ഞാൻ ഇവിടെ പ്രതിപാദിച്ചിട്ടുണ്ട്. യഥാർഥത്തിൽ യുപിഎ സർക്കാർ റഫേൽ വിമാനത്തിനായി എന്താണ് ചെയ്തത്. അവർ അവ വാങ്ങാൻ ഒരു നീക്കം നടത്തി. അത് ഫ്രഞ്ച് സർക്കാരുമായിട്ട് ആയിരുന്നില്ല, മറിച്ച് അതുണ്ടാക്കുന്ന സ്ഥാപനവുമായി.അങ്ങിനെയാവുമ്പോഴേ കാര്യങ്ങൾ വേണ്ടപോലെ നടക്കൂ എന്നത് കോൺഗ്രസുകാർക്ക് അറിയാമല്ലോ. പിന്നെ ഇടനിലക്കാരനും വേണം. അതും ഉണ്ടായിട്ടുണ്ടാവണം. ഫ്രഞ്ച് കമ്പനി ഒരു വിലനിരക്ക് നൽകി…… അത് യുപിഎയുടെ കാലത്ത് തത്വത്തിൽ അംഗീകരിച്ചു; അന്ന് ”എന്തൊക്കെ കിട്ടും, കിട്ടില്ല; എങ്ങിനെ തരപ്പെടും, എവിടെയാണ് അതെത്തുക” എന്നതൊക്കെ തീരുമാനിക്കപ്പെട്ടിരിക്കണം. അതൊക്കെ നരേന്ദ്ര മോദിയുടെ കാലത്തും കിട്ടിയിട്ടുണ്ടാവും എന്നതാണ് കോൺഗ്രസുകാരുടെ ചിന്ത. അന്നത്തെ ‘ഓഫർ’ സംബന്ധിച്ചൊക്കെ മോഡി അറിഞ്ഞിരിക്കുന്നുവോ എന്നും അവർ ആശങ്കപ്പെടുന്നു. എന്തൊക്കെ മുൻപ് ‘ഓഫറുകൾ’ ഉണ്ടായിരുന്നു എന്നത് തീർച്ചയായും ഇന്ത്യ സർക്കാർ ഇപ്പോൾ അറിഞ്ഞിരിക്കും. അതിൽ കോൺഗ്രസുകാർ ലജ്ജിച്ചിട്ടോ അതിശയിച്ചിട്ടോ വിഷമിച്ചിട്ടോ കാര്യമില്ല.
പിന്നെ, നരേന്ദ്ര മോഡി ഫ്രാൻസിലേക്ക് പോയത് ദല്ലാളന്മാരെയും കൊണ്ടായിരുന്നില്ല; നേരെ ഫ്രഞ്ച് പ്രസിഡന്റിന്റെ അടുത്തേക്കാണ്. ഇന്ത്യയും ഫ്രാൻസും തമ്മിലാണ് ഇടപാട് നടന്നത്. ഫ്രഞ്ച് സർക്കാരാണ് ഇന്ത്യ സർക്കാരിന് വിമാനങ്ങൾ വിൽക്കുന്നത്. ഇന്ത്യൻ ഖജനാവിൽ നിന്ന് പണം പോകുന്നത് ഫ്രാൻസിന്റെ ഖജനാവിലേക്കാണ്. ഈ വിമാനങ്ങൾ വിൽക്കാനായി മോദിക്ക് ഫ്രഞ്ച് സർക്കാർ കോഴ അല്ലെങ്കിൽ കമ്മീഷൻ കൊടുത്തു എന്ന് പറയാനാവുമോ. ഗവണ്മെന്റ്- ടു- ഗവണ്മെന്റ് ഇടപാടാണ് ഇത് എന്നത് അടിവരയിട്ട് പറയുന്നത് അതുകൊണ്ടാണ്. ഫ്രഞ്ച് സർക്കാരിന് ( അത് ഇന്ത്യ സർക്കാരാണ് എങ്കിലും ) അങ്ങിനെ യാതൊന്നും വഴിവിട്ട് കൊടുക്കാനാവില്ല എന്ന് കോൺഗ്രസിലെ സാമാന്യ ബുദ്ധിയുള്ളവർക്കൊക്കെ അറിയാം; അങ്ങിനെ നടക്കില്ലെന്ന് രാഹുൽ ഗാന്ധിയും അമ്മയും ഒഴികെ എല്ലാവർക്കുമറിയാം എന്ന് പറയുന്നതാവും ശരി. സർക്കാരുകൾ തമ്മിൽ ഇടപാടുണ്ടായാൽ യാതൊന്നും തരപ്പെടുത്താനാവില്ല എന്നറിയുന്നത് കൊണ്ടാണല്ലോ പലരും കമ്പനികളെ സമീപിക്കുന്നതും കാര്യങ്ങൾ തീരുമാനിക്കാറുള്ളതും. ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തിന് കോഴയോ കമ്മീഷനോ കൊടുക്കാനാവില്ല എന്നത് തന്നെ കാരണം. ഇവിടെ സീതാറാം യെച്ചൂരിയെക്കൂടി സ്മരിക്കേണ്ടതുണ്ട്. അദ്ദേഹം വിവരമുള്ള ആളാണ്; അതുകൊണ്ട് സത്യമെന്താണ് എന്നറിയാം; പക്ഷെ കടുത്ത മോഡി-ബിജെപി വിരോധം കൊണ്ട് വസ്തുതയല്ലെന്ന് ബോധ്യമുള്ളതും പറഞ്ഞുനടക്കുന്നു. അസത്യമെന്ന് ബോധ്യമുള്ളത് പോലും പലപ്പോഴും നിർലജ്ജം പരസ്യമായി പറയാറുള്ള രാഷ്ട്രീയക്കാറുണ്ടല്ലോ; അക്കൂട്ടരിൽ നിന്ന് അതിലേറെ എന്തെങ്കിലും നല്ലത് പ്രതീക്ഷിക്കുന്നത് ശരിയല്ലതാനും.
2008 -ലാണ് കോൺഗ്രസുകാർ ഈ യുദ്ധവിമാനത്തിനായി രംഗത്ത് വരുന്നത്. അന്ന് വില സംബന്ധിച്ചും മറ്റും കിട്ടിയ കണക്കുകളാണ് അവരുടെ കയ്യിൽ ഇപ്പോഴുള്ളത്. 2008- നു ശേഷം ഗംഗയിലൂടെയും യമുനയിലൂടെയും വെള്ളം എത്രയോ ഒഴുകി. വിമാനത്തിന്റെ രൂപത്തിലും ഭാവത്തിലും ഒക്കെ കുറെയേറെ മാറ്റങ്ങൾ വന്നു. ലോക യുദ്ധ വിമാന നിർമ്മാണ മേഖലയിൽ വന്നിട്ടുള്ള വലിയ മാറ്റങ്ങൾ ആ ഫ്രഞ്ച് കമ്പനി സ്വായത്തമാക്കുകയും അത് അവരുടെ ഉത്പാദനത്തിൽ നടപ്പിലാക്കുകയും ചെയ്തില്ലെങ്കിലല്ലേ അതിശയമുള്ളൂ. സ്വാഭാവികമായും യുപിഎ ചർച്ചനടത്തുമ്പോഴത്തെക്കാലത്തെ അപേക്ഷിച്ച് ഈ യുദ്ധവിമാനങ്ങൾക്ക് ഉയർന്ന നിലവാരം ഉണ്ടായിരിക്കുന്നു; ആധുനിക സാങ്കേതിക വിദ്യ അതിൽ ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ വിലയിൽ വലിയ മാറ്റം ഉണ്ടാവണമല്ലോ. സാങ്കേതിക വിദ്യ മാറുന്നതിന്റെ ഫലമായുള്ള വില വർധന മാത്രമല്ല, 2008-ൽ നിന്ന് 2017-ലേക്ക് എത്തുമ്പോഴുണ്ടാകാവുന്ന വിലവർദ്ധനയും കാണാതെ പോകാനാവില്ലല്ലോ. അതായത് ഒൻപത്- പത്ത് വർഷക്കാലത്ത് ലോകത്ത് ഒരു സാമഗ്രിക്ക് എന്തുമാത്രം വിലകൂടാൻ ഇടയുണ്ട് എന്നതാണ് കണക്കിലെടുക്കേണ്ടത്. നമ്മുടെ നിത്യ ജീവിതത്തിൽ അത് പ്രതിഫലിക്കുന്നുണ്ടല്ലോ; പലപ്പോഴും പലതിന്റെയും വില നേർ പകുതിയെങ്കിലും കൂടിയെങ്കിൽ അതിശയിക്കാനില്ല. ഞാൻ സൂചിപ്പിച്ചത്, സാധാരണ നിലക്ക് 2008 നെ അപേക്ഷിച്ച്, 2017 ലെത്തുമ്പോൾ, ഫ്രഞ്ച് വിമാനത്തിന്റെ വിലയിൽ അൻപത് ശതമാനം വർധനയുണ്ടായാൽ അതിശയിക്കാനില്ല എന്ന്. ഇവിടെയാണ് നരേന്ദ്ര മോഡി റഫേൽ യുദ്ധവിമാനം സ്വന്തമാക്കുന്നതിന് നൽകാമെന്ന് സമ്മതിച്ച വില പരിശോധിക്കപ്പെടേണ്ടത്.
മറ്റൊന്ന് കൂടി; എന്തുകൊണ്ടാണ് ഇൻഡോ- ഫ്രഞ്ച് പ്രതിരോധ ഇടപാട് സംബന്ധിച്ച കാര്യങ്ങൾ രഹസ്യമാക്കിവെക്കണം എന്ന് എ കെ ആന്റണി ധാരണയുണ്ടാക്കിയത്; യുപിഎ-യിലെ അല്ലെങ്കിൽ കോൺഗ്രസിലെ വമ്പന്മാർ അതൊക്കെ നിർദ്ദേശിച്ചിരിക്കാമെങ്കിലും അതിന് പലപ്പോഴും (പുണ്യവാളൻ ചമയാറുള്ള ) ആന്റണി എന്തിന് സമ്മതിച്ചു; വില കൂടുതലാണ് എന്നത് മാത്രമല്ലല്ലോ അതിന് കാരണമായി കാണേണ്ടത്; വേറെന്തൊക്കെയോ ഇല്ലേ; തങ്ങൾ 2008- ൽ കൊടുക്കാമെന്ന് സമ്മതിച്ചതിനേക്കാൾ കൂടുതൽ വില നൽകിയാണ് നരേന്ദ്ര മോഡി സർക്കാർ വിമാനം വാങ്ങിയത് എന്നത് എന്തുകൊണ്ടാണ് ഇന്നിപ്പോൾ പറയാത്തത്….. ഇന്ത്യ വാങ്ങുന്ന യുദ്ധ വിമാനങ്ങൾ സംബന്ധിച്ച് റിലയൻസിന് എന്ത് ബന്ധമാണുള്ളത്…… ഇതൊക്കെ വരും ദിവസങ്ങളിൽ. കോൺഗ്രസിന്റെ കള്ളക്കഥകൾ ഓരോന്നായി തിരിച്ചറിയാൻ കഴിയുമെന്ന് വ്യക്തം. കാത്തിരിക്കുക. ( തുടരും)
Post Your Comments