KeralaLatest News

അഴിമതി രാഹിത്യത്തിനൊപ്പം പരിസ്ഥിതി ആശങ്കകളും എന്‍ജിനിയര്‍മാര്‍ക്കുണ്ടാവണം : മന്ത്രി ഡോ. തോമസ് ഐസക്ക്

തിരുവനന്തപുരം : അഴിമതി രാഹിത്യത്തോടൊപ്പം പരിസ്ഥിതി ആശങ്കകളും എന്‍ജിനയര്‍മാര്‍ക്കുണ്ടാവണമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്. മൂന്നാമത് എന്‍ജിനിയേഴ്‌സ് കോണ്‍ഗ്രസ് നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിക്ക് അനുയോജ്യമായ നിര്‍മാണ രീതികളും ഉത്പന്നങ്ങളും ഉപയോഗിക്കാന്‍ തയ്യാറാവണം. കേരളത്തിന്റെ വികസനം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന വിധത്തില്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കണമെന്നു അദ്ദേഹം പറഞ്ഞു.

തങ്ങളുടെ വിദ്യാഭ്യാസ രീതിക്ക് അനുസരിച്ച തൊഴില്‍ നേടുകയാണ് പുതിയ തലമുറയുടെ ലക്ഷ്യം. അതിനനുസരിച്ച് പുതിയ തൊഴില്‍ കേരളത്തില്‍ സൃഷ്ടിക്കേണ്ടതുണ്ട്. എന്നാല്‍ പരിസ്ഥിതി നിയമങ്ങളെയും തൊഴില്‍ നിയമങ്ങളെയും കാറ്റില്‍ പറത്തി ഇവിടെ വ്യവസായങ്ങള്‍ ആരംഭിക്കാനാവില്ല. അതേസമയം ഇവിടെ വ്യവസായം ആരംഭിക്കാനെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാനാവണം. ജില്ലാ റോഡുകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയരണം. മികച്ച റോഡുകള്‍ക്കായുള്ള നിക്ഷേപം കേരളത്തിന്റെ ടൂറിസം വികസനത്തിന് സഹായിക്കും. മികച്ച തീരദേശപാതയ്‌ക്കൊപ്പം ലോക നിലവാരത്തിലുള്ള സൈക്ക്‌ളിംഗ് ട്രാക്ക് ഒരുക്കുന്നതിന് ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് സഹായകരമാവുമെന്ന് മന്ത്രി പറഞ്ഞു. എന്‍ജിനിയര്‍ എന്ന മാസിക മന്ത്രി പ്രകാശനം ചെയ്തു.

സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ 40 ശതമാനം റോഡുകളും തകര്‍ന്നിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. അപ്പര്‍ കുട്ടനാട്ടിലെ എല്ലാ റോഡുകളും തകര്‍ന്നിട്ടുണ്ട്. ഇവ പൂര്‍വസ്ഥിതിയിലാക്കേണ്ടതുണ്ട്. ആധുനിക രീതിയില്‍ റോഡുകള്‍ പുനര്‍നിര്‍മിക്കണം. ഇതിനാവശ്യമായ പദ്ധതികള്‍ ആഗസ്റ്റ് അഞ്ചിനകം സര്‍ക്കാരിന് ലഭ്യമാക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അപാകതകള്‍ പരിഹരിച്ച് പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകണം. സര്‍ക്കാരിന്റേത് വികസനത്തിന് അനുകൂലമായ നിലപാടാണെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെ മൊബൈല്‍ ആപ്പ് മന്ത്രി പ്രകാശനം ചെയ്തു. ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവും ചടങ്ങില്‍ വായിച്ചു.

Also read : സ്വന്തമായി തലചായ്ക്കാനിടം എന്ന ഹനാനിന്റെ ആഗ്രഹം സഫലമാകുന്നു; സഹായവുമായി പ്രവാസി മലയാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button