KeralaLatest News

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ പ്രാഥമിക ഒരുക്കങ്ങള്‍ക്ക് തുടക്കം

അബുദാബി: അബുദാബിയില്‍ ഒരുങ്ങുന്ന യു.എ.ഇയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക ഒരുക്കങ്ങള്‍ ആരംഭിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ അബുദാബിയില്‍ നടത്തിവരികയാണ്. അംഗീകൃത ധര്‍മ്മസ്ഥാപനമെന്ന നിലയില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വാറ്റ് ഇളവും ലഭിക്കും.ക്ഷേത്ര നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് മുഖ്യ ശില്‍പി ചുമതലയേല്‍ക്കുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാവുമെന്ന് സാധു ബ്രഹ്മവിഹരിദാസ് അറിയിച്ചു.

വലിയ നിര്‍മ്മിതികള്‍ക്ക് അനുയോജ്യമായ കല്ലുകളും മറ്റും പരിശോധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. 52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങള്‍ പണിത ‘ബോച്ചാസന്‍ വാസി അക്ഷര്‍ പുരുഷോത്തം സന്‍സ്ഥ എന്ന പ്രസ്ഥാനമാണ് അബുദാബിയിലെ അല്‍ റഹ്ബ പ്രദേശത്ത് ഒരുങ്ങുന്ന ക്ഷേത്ര നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. അബുദാബി ഗവണ്‍മെന്റ് അനുവദിച്ച 55,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ക്ഷേത്രസമുച്ചയം ഉയരുക.

പൂര്‍ണമായും ശിലകള്‍ കൊണ്ട് നിര്‍മിക്കുന്ന ക്ഷേത്രം രണ്ടായിരത്തിഇരുപതോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ക്ഷേത്ര നിര്‍മ്മിതിയില്‍ മൂവായിരത്തോളം വിദഗ്ധ തൊഴിലാളികള്‍ ഭാഗമാകും. നിര്‍മ്മിതിയുടെ ഓരോ ഘട്ടവും ഭക്തരിലേക്ക് എത്തിക്കുന്നതിനായി പുതിയ വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button