തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണം എന്ന ദേശീയ വനിത കമ്മീഷന്‍റെ അഭിപ്രായം തള്ളി ബിജെപി നേതാവും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാദ്ധ്യക്ഷനുമായ ജോര്‍ജ്ജ് കുര്യന്‍. ദേശീയ വനിത കമ്മീഷന്‍റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് ജോര്‍ജ്ജ് കുര്യന്‍ പറയുന്നു. വനിത കമ്മീഷന്‍റെത് അതിരുകടന്ന സ്ത്രീപക്ഷ ചിന്തയാണ്, അത് തീര്‍ത്തും ഭരണഘടന വിരുദ്ധമാണെന്നും ജോര്‍ജ്ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു. കൃസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണ് കുമ്പസാരം.
ഞാന്‍ കുമ്പസരിക്കണമോ എന്നത് തീരുമാനിക്കുന്നത് ഞാനാണ്. കുമ്പസാരം നിരോധിക്കണമെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞത് സ്ത്രീപക്ഷ ചിന്ത അതിര് കടന്നുപോയതു കൊണ്ടായിരിക്കാമെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. അച്ഛന്‍മാര്‍ സ്വന്തം മക്കളെ ബലാത്സംഗം ചെയ്യുന്നതായി നിരവധി വാര്‍ത്തകള്‍ വരാറുണ്ട്. അതുകൊണ്ട് പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ അച്ഛന്‍ വരാന്‍ പാടില്ലെന്ന് എന്നൊരു നിര്‍ദേശം പോയാലോ. അതുപോലെ അധ്യാപകര്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുണ്ട്. ശിക്ഷിക്കുന്നുമുണ്ട്.
അതുകൊണ്ട് പുരുഷന്‍മാര്‍ പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ലെന്ന് എന്ന് പറയുന്നത് പോലെ ആയിപ്പോയി വനിതാകമ്മീഷന്റെ നിര്‍ദ്ദേശമെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. നേരത്തെ ഡൽഹിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കുമ്പസാരം നിർത്തലാക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടത്. വൈദികര്‍ക്കെതിരായ പീഡനക്കേസുകള്‍ ദേശീയ എജന്‍സി അന്വേഷിക്കണമെന്നും ദേശീയ വനിത കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇവര്‍ അറിയിച്ചു. വൈദികര്‍ക്കെതിരായ പരാതികള്‍ കേരളത്തില്‍ കൂടി വരുന്നു. പ്രതികൾക്ക് രാഷ്ട്രീയ സഹായം കിട്ടുന്നു. സർക്കാർ പ്രശ്നത്തെ ഗൗരവമായി കാണുന്നില്ല. ജലന്ധർ ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസും കേസെടുക്കണം. പൊലീസ് അന്വേഷണത്തിന്‍റെ വേഗത പോരെന്നും കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കിയിരുന്നു.
Post Your Comments